Latest NewsNews

ആശയക്കുഴപ്പമുണ്ടാക്കുന്ന സര്‍വ്വേകള്‍ നിര്‍ത്തിവയ്ക്കുക: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്•പൗരത്വ ഭേദഗതി നിയമം(സി.എ.എ), എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ വലിയ തോതിലുള്ള ആശങ്കള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു നടക്കുന്ന മുഴുവന്‍ സര്‍വ്വേ നടപടികളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. എത്രതന്നെ സുതാര്യത അവകാശപ്പെട്ടാലും പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ പിന്‍വലിക്കുന്നതുവരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഇത്തരം സര്‍വ്വേകളുമായി ജനം സഹകരിക്കരുതെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിന്റെയും എന്‍.ആര്‍.സി-എന്‍.പി.ആര്‍ പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഇന്ത്യന്‍ ജനത പ്രക്ഷോഭത്തിലാണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കുകയും സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവയ്്ക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് അങ്കണവാടി ജീവനക്കാരും ജനമൈത്രി പോലിസും മറ്റ് ചില ഏജന്‍സികളും വിവിധ സര്‍വേകളുമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇത്തരം സര്‍വ്വേകള്‍ ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവച്ചതായി പറയുമ്പോഴും സര്‍വേ നടപടികള്‍ക്ക് ജീവനക്കാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിടപാടുകള്‍ നടക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഭരണഘടനയെ അട്ടിമറിക്കുന്ന കേന്ദ്ര നീക്കങ്ങള്‍ക്കെതിരായ നിലപാടുകള്‍ പ്രഖ്യാപനങ്ങളിലും പ്രകടനങ്ങളിലും ഒതുങ്ങി നില്‍ക്കാതെ, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട്. എന്നാല്‍ ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്കള്‍ വര്‍ധിപ്പിക്കുന്ന നടപടികളാണ് ഇത്തരം സര്‍വേകള്‍. ജനങ്ങളുടെ ആശങ്കയും ആശയക്കുഴപ്പവും നീക്കുന്നതിനാണ് സര്‍ക്കാര്‍ അടക്കമുള്ള ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങള്‍ ശ്രമിക്കേണ്ടത്. അതുകൊണ്ടു തന്നെ ഇത്തരം സര്‍വ്വേകള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി നിലപാടുകള്‍ ആത്മാര്‍ഥമാണെന്ന് ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

ഹിന്ദുത്വ ആശയക്കാരും അനുഭാവികളും ഒഴികെയുള്ള രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും സി.എ.എക്കും എന്‍.ആര്‍.സിക്കും എതിരായ വികാരമാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും പ്രതിഷേധങ്ങളെ അംഗീകരിക്കില്ലെന്ന തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനമാണ് കേന്ദ്രം ഭരിക്കുന്നവരില്‍ നിന്നുണ്ടാവുന്നത്. സ്വേച്ഛാധിപത്യപരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരായ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ബഹിഷ്‌കരണത്തിന്റേതടക്കമുള്ള പുതിയ സമരമുഖങ്ങള്‍ തുറക്കണം. ആശയക്കുഴുപ്പമുണ്ടാക്കുന്ന സര്‍വ്വേകളോടുള്ള നിസ്സഹരണം ഇതിന്റെ ഭാഗമായി മാറണം. നിരന്തരം നുണകള്‍ പ്രചരിപ്പിക്കുകയും ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന സര്‍വ്വേകളുടെ സുതാര്യത സംബന്ധിച്ച ഉറപ്പുകള്‍ കണക്കിലെടുക്കാനാവില്ലെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, എം കെ അശ്‌റഫ്, പി കെ യഹ്‌യാ തങ്ങള്‍, കെ കെ ഹുസൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button