KeralaLatest NewsNewsIndia

കളിയിക്കാവിള പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് പൊലീസ്

കന്യാകുമാരി: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികളായ ചെറുപ്പക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് പൊലീസ്. ഏഴ് ലക്ഷംരൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. 25-നും 30-നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രതികളെന്നു സംശയിക്കുന്ന അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍. അഞ്ചരയടിയോളം പൊക്കവും ആനുപാതിക വണ്ണവുമുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0471-2722500, 9497900999 എന്നീ നമ്പറുകളില്‍ വിവരം നല്‍കണം. വിവരം നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തില്ല.

പൊലീസുദ്യോഗസ്ഥന്‍ വില്‍സനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യ പ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധമുള്ളവരെയാണ് കേരള പൊലീസ് പിടികൂടിയത്. തീവ്രവാദബന്ധം കണ്ടെത്തിയതിനാല്‍ കേസ് എന്‍ഐഎ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.

കൊലപാതകത്തിന് മുമ്പ് തൗഫീഖ് ഇന്ന് പിടിയിലായ രണ്ടുപേരുമായി നിരന്തരം ഫോണില്‍ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്ക് മുന്‍പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് ഇരുവരും വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. തൗഫീഖും അബ്ദുള്‍ ഷെമീമും ഉള്‍പ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പിടിയിലായ രണ്ടുപേരും ഇഞ്ചിവിള സ്വദേശികളാണ്. കേരള- തമിഴ്‌നാട് – പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ് നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു. ദേശീയ രഹസ്യാന്വേഷണ സംഘവും, തമിഴ്‌നാട് ക്യൂബ്രാഞ്ചും, കേരള തീവ്രവാദ വിരുദ്ധ സ്വക്വാഡും അതിര്‍ത്തിയില്‍ വീണ്ടും യോഗം ചേര്‍ന്ന് അന്വേഷണം ശക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ടവരുടെ ചിത്രം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി. കളിയിക്കാവിള സംഭവത്തിനുപിന്നാലെ തിരുനെല്‍വേലിയിലെ ഒരുസ്ഫോടനക്കേസില്‍ മുമ്പ് പ്രതിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളെയും പോലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button