മതാചാരങ്ങളില്‍ കോടതിയുടെ ഇടപെടല്‍ : ശബരിമല വിധി ഏറെ നിര്‍ണായകം

ന്യൂഡല്‍ഹി : മതാചാരങ്ങളില്‍ കോടതിയുടെ ഇടപെടല്‍, ശബരിമല വിധി ഏറെ നിര്‍ണായകം. ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളില്‍ തിങ്കളാഴ്ച ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

Read Also : ശബരിമല സുപ്രീംകോടതി വിധി : മതവും നിയമവും കൂട്ടികുഴയ്ക്കരുത്…വിധിയില്‍ പ്രതികരണവുമായി ശബരിമല തന്ത്രി കണ്ഠര് രാജീവര്

ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ആ വിഷയങ്ങള്‍ ഇവ ആണ്:

1. ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും തുല്യത സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം.
2. മതസ്വാതന്ത്ര്യം സംബന്ധിച്ച 25 (1)വകുപ്പിലെ ‘പൊതുക്രമം, ധാര്‍മികത, ആരോഗ്യം’ എന്നിവ വിവക്ഷിക്കുന്നത് എന്താണ്?

3. ‘ധാര്‍മികത’, ‘ഭരണഘടനാ ധാര്‍മികത’ എന്നീ പ്രയോഗങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഇത് മൊത്തത്തിലുള്ള ധാര്‍മികതയാണോ, അതല്ല മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമാണോ?
4. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ?

5. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) (ബി)യില്‍ പറയുന്ന ‘ഹൈന്ദവ വിഭാഗങ്ങള്‍’ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എന്താണ്?

6. ഒരു മതത്തിന്റെ/ഒരു വിഭാഗത്തിന്റെ ‘ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ക്ക്’ ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26-ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ?

7. മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?

ഇതിന് പുറമെ 1965ലെ കേരള പൊതു ആരാധനാസ്ഥല (പ്രവേശനാനുമതി) ചട്ടങ്ങള്‍ ശബരിമല ക്ഷേത്രത്തിനു ബാധകമാണോ എന്ന വിഷയവും വിശാല ബെഞ്ചിന് പരിഗണിക്കാം എന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Share
Leave a Comment