CricketLatest NewsNewsSports

2019 രോഹിത്തിന് സ്വന്തം ; ഏകദിനത്തിലെ മികച്ച താരം ; ഐസിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഐ.സി.സിയുടെ 2019ലെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള അവാര്‍ഡ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക്. ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറി ഉള്‍പ്പെടെ 2019ല്‍ ഏഴ് സെഞ്ച്വറികളാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. 648 റണ്‍സുമായി കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയതും രോഹിത് ശര്‍മയായിരുന്നു.അതോടൊപ്പം തന്നെ 2019ല്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്കാണ്. രോഹിത് ശര്‍മ്മയെ കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിനും അര്‍ഹനായി.

ഒരു കലണ്ടര്‍ വര്‍ഷം ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ സെഞ്ചുറി നേടിയിരുന്ന രോഹിത് ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരെയും സെഞ്ചുറി നേടിയിരുന്നു. ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ ഒരു വര്‍ഷം ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന അപൂര്‍വ റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തിയിരുന്നു. മാത്രവുമല്ല ഏകദിനത്തില്‍ ഏഴും ടെസ്റ്റില്‍ മൂന്നും സെഞ്ചുറികളും അടിച്ച് രോഹിത് ഒരു കലണ്ടര്‍ വര്‍ഷം 10 സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും 2019ല്‍ തന്റെ പേരിലാക്കി.

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ കാണികള്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് കഴിഞ്ഞെത്തിയ സ്റ്റീവ് സ്മിത്തിനെ കൂകി വിളിച്ചിരുന്നു. തുടര്‍ന്ന് കാണികളോട് കൂവുന്നത് നിര്‍ത്താനും കയ്യടിക്കാനും പറഞ്ഞിരുന്നു. ഇതാണ് വിരാട് കോഹ്‌ലിയെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

ബംഗ്ലാദേശിനെതിരെ 7 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറിന്റെ പ്രകടനത്തെ 2019ലെ ഏറ്റവും മികച്ച പ്രകടനമായും തിരഞ്ഞെടുത്തിട്ടുണ്ട്.അതെ സമയം ഏറ്റവും മികച്ച താരത്തിനുള്ള സര്‍ ഗര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് സ്വന്തമാക്കി ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളാക്കുന്നതിലും ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്തെടുത്ത മികവുറ്റ പ്രകടനവുമാണ് ബെന്‍ സ്‌റ്റോക്‌സിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ആണ് 2019ലെ ഏറ്റവും മികച്ച ടെസ്റ്റ് താരം. 2019ല്‍ മാത്രം കമ്മിന്‍സ് 59 വിക്കറ്റുകളാണ് വീഴ്ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button