Kerala

വിയ്യൂർ സെൻട്രൽ ജയിലിൽ ഇനി ജൈവ പച്ചക്കറികളും വിളയും

വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിനോട് അനുബന്ധിച്ചുള്ള 3.5 ഏക്കർ ഭൂമിയിൽ ജൈവ പച്ചക്കറി തോട്ടം വരുന്നു. പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം തൈ നട്ട് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. ജയിലിൽ തടവുകാർക്ക് പ്രധാനമായും നൽകുന്ന തൊഴിൽ കൃഷിയാണ്. ജയിലിനുള്ളിലും പുറത്തുമുള്ള ഭൂമിയിൽ വിവിധ കൃഷികൾ ചെയ്തു വരുന്നു.

കാട്ടുപന്നികൾ, മുള്ളൻ പന്നി, മയിലുകൾ എന്നിവ വൻ തോതിൽ കൃഷി നാശം വരുത്തുന്നതിനാൽ മൂന്നര ഏക്കറോളം സ്ഥലം പ്രത്യേകം വേലി കെട്ടിയാണ് ജൈവ കൃഷിക്ക് സജ്ജമാക്കിയത്. തടവുകാരുടെ സേവനം ഉപയോഗിച്ച് വെട്ടുകൽ വെട്ടിയെടുത്ത് മതിൽ കെട്ടി. കാർഷിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നബാർഡ് നൽകി. ഇവരുടെ സഹായത്തോടെ കാർഷിക ജല സേചന പദ്ധതി നടപ്പിലാക്കി. സാങ്കേതിക സഹായം ലഭ്യമാക്കാൻ മണ്ണുത്തി കാർഷിക സർവകലാശാലയുടെ കാർഷിക റിസർച്ച് സ്റ്റേഷൻ വന്നതോടെ പദ്ധതിക്ക് വേഗത കൂടി. അതോടെ വിവിധ തരം പച്ചക്കറികൾ ഫല വർഗ്ഗങ്ങൾ, എന്നിവയുടെ ഗുണമേന്മയുള്ള തൈകൾ ശാസ്ത്രീയമായി ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്താൻ പോളി ഹൌസ് നടപ്പിലാക്കി. ഈ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ ജൈവ പച്ചക്കറി തോട്ടം. ഈ തോട്ടത്തിലേക്ക് ആവശ്യമായ തൈകൾ പോളി ഹൗസിൽ നിന്ന് ഉൽപ്പാദിപ്പിക്കും. ഇതിനാവശ്യമായ പരിശീലനം തടവുകാർക്ക് നൽകിയിട്ടുണ്ട്. നബാർഡ് എ ഡി എം ദീപ എസ് പിള്ള, മണ്ണുത്തി കാർഷിക സർവകലാശാല റിസർച്ച് സ്റ്റേഷൻ പ്രൊഫസർ ഡോ എ ലത എന്നിവരാണ് ജൈവ പച്ചക്കറി തോട്ടത്തിന് നേതൃത്വം നൽകുക. ഉദ്ഘാടന ചടങ്ങിൽ ഡി ജി പി ഋഷിരാജ് സിംഗ്, കൗൺസിലർ വി കെ സുരേഷ് കുമാർ, ഡെപ്യൂട്ടി കളക്ടർ എം ബി ഗിരീഷ് കുമാർ, മധ്യ മേഖല ഡി ഐ ജി സാം തങ്കയ്യൻ, സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ എസ് നിർമ്മലാനന്ദൻ നായർ, അതീവ സുരക്ഷ ജയിൽ സൂപ്രണ്ട് എ ജി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button