Latest NewsNewsIndia

റെയില്‍ ബജറ്റ് 2020; ഇക്കുറിയും റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശപ്പെടേണ്ടി വരുമോ?

മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ രാജ്യം മാത്രമല്ല കേരളവും വലിയ പ്രതീക്ഷയിലാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ റെയില്‍വേ വികസന രംഗത്തടക്കം കേരളത്തില്‍ സ്വപനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ഇക്കുറിയും റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശയാകുമോ ഫലം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യ ബജറ്റില്‍ റെയില്‍വേ വികസന രംഗത്തടക്കം കേഞ്ചിക്കോട്ട് റെയില്‍ കോച്ച് ഫാക്ടറി അടക്കം കേരളത്തിന്റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നടിഞ്ഞിരുന്നു. ഇത്തവണ റെയില്‍വേ ബജറ്റില്‍ കൂടുതല്‍ പരിഗണന ലഭിക്കും എന്നാണ് കേരളത്തിന്റെ പ്രതീക്ഷ. പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍ കോച്ച് ഫാക്ടറി, അങ്കമാലി-ശബരി റെയില്‍വേ പദ്ധതി എന്നിവയും കേരളത്തിന്റെ ആവശ്യങ്ങളാണ്. കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണം എന്നതും സംസ്ഥാനത്തിന്റെ ഏറെക്കാലമായുളള ആവശ്യമാണ്.

കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി. ഇത് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണം എന്ന് കേരളം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 532 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍പാത പദ്ധതിയായ സില്‍വര്‍ ലൈനിന് റെയില്‍വെ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.

കേരളത്തിന്റെ വികസനക്കുതിപ്പിന് ഏറെ കരുത്തേകുന്ന പദ്ധതിയിലൊന്നാണിത്. നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനംചെയ്തിട്ടുള്ളത്. കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ്‌നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. 66000 കോടിയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.

എറണാകുളം-അമ്പലപ്പുഴ റെയില്‍ പാത ഇരട്ടിപ്പിക്കല്‍, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ എന്നിവയും മുടങ്ങിക്കിടക്കുകയാണ്. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ അടിയന്തര വികസനവും കേരളത്തിന്റെ പ്രധാന പ്രതീക്ഷകളില്‍ ഉളളതാണ്. എറണാകുളം ടെര്‍മിനല്‍ സ്റ്റേഷന്‍ എന്ന ആവശ്യത്തിന് ഇക്കുറി റെയില്‍വേ ബജറ്റില്‍ പരിഗണനയുണ്ടാകും എന്നാണ് കേരളം കരുതുന്നത്.

എറണാകുളത്ത് ഹൈക്കോടതിക്ക് സമീപത്തുളള 42 ഏക്കര്‍ വരുന്ന റെയില്‍വേയുടെ ഭൂമിയില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ പണിയണമെന്നും കേരളം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേമം ടെര്‍മിനല്‍ പദ്ധതി, എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം പാത അടക്കം കേരളം ആവശ്യപ്പെട്ട പ്രധാനപ്പെട്ട പല കാര്യങ്ങളും കഴിഞ്ഞ ബജറ്റില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. എന്തായാലും ഈ ബജറ്റില്‍ എങ്കിലും കേന്ദ്രം കേരളത്തെ കൈവിടില്ലെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button