KeralaLatest NewsNews

കാന്‍സര്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ മുറയായ സ്‌ക്രീനിങ് ടെസ്റ്റ് അനിവാര്യമെന്ന് സഹയോഗ് 2020

കൊച്ചി: പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്താനായി മുറയായ സ്‌ക്രീനിങ് ടെസ്റ്റുകള്‍ അനിവാര്യമാണെന്ന് ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി കുസാറ്റില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയായ സഹയോഗ്-2020 വിലയിരുത്തി. ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഓങ്കോളജിയും കുസാറ്റിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്‌നോളജി വിഭാഗത്തിന് കീഴിലുള്ള എന്‍ എസ് എസ് യൂണിറ്റുകളും സംയുക്തമായാണ് സഹയോഗ് സംഘടിപ്പിച്ചത്.

കാന്‍സറിനുള്ള ചികിത്സയും അതിന്റെ ഫലവും കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത ആസ്റ്റര്‍ മെഡ്‌സിറ്റി സര്‍ജിക്കല്‍ ഓങ്കോളജി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെം കളത്തില്‍ പറഞ്ഞു. കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ കാന്‍സര്‍ മൂലമുള്ള മൂന്നിലൊന്ന് മരണങ്ങള്‍ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍സറിനുള്ള കാരണങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും പൊതുവേ കേരളീയര്‍ ബോധവാന്‍മാരാണെന്ന് ബോധവല്‍കരണ ക്ലാസ് നയിച്ച ആസ്റ്റര്‍ മെഡ്‌സിറ്റി സര്‍ജിക്കല്‍ ഓങ്കോളജി സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ശരത് ശശിധരന്‍ അഭിപ്രായപ്പെട്ടു. മിക്ക കാന്‍സറുകള്‍ക്കും സ്‌ക്രീനിങ് ടെസ്റ്റുകള്‍ ലഭ്യമാണ്. ഇത് ഉപയോഗപ്പെടുത്താന്‍ ആളുകള്‍ കാണിക്കുന്ന വൈമുഖ്യമാണ് കാന്‍സര്‍ രോഗികളുടെയും രോഗം മൂലമുള്ള മരണങ്ങളുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കാന്‍ കാരണം. മറ്റേതൊരു രോഗത്തെയും പോലെ കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിലൂടെ പൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയുമെന്നും ഡോ. ശരത് ശശിധരന്‍ പറഞ്ഞു.

ചടങ്ങില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സ നേടി രോഗം പൂര്‍ണമായും ഭേദമായ കളമശ്ശേരി സ്വദേശിയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്‌നേഹ മാത്യു തന്റെ അനുഭവങ്ങള്‍ വിവരിച്ചു. കാന്‍സര്‍ രോഗത്തെ നേരിടാന്‍ ചികിത്സയോടൊപ്പം മാനസിക കരുത്തും അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ ഡോ. ജെം കളത്തില്‍, കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓങ്കോളജി ഡോ. അരുണ്‍ ആര്‍. വാര്യര്‍, കണ്‍സള്‍ട്ടന്റ് റേഡിയേഷന്‍ ഓങ്കോളജി ഡോ. ദുര്‍ഗ പൂര്‍ണ, ഡോ. ശരത് ശശിധരന്‍ എന്നിവര്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

കുസാറ്റ് രജിസ്ട്രാര്‍ പ്രൊഫ. അജിത കെ സഹയോഗ് 2020 ഉദ്ഘാടനം ചെയ്തു. കാന്‍സറിനെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ വര്‍ധിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് അവര്‍ പറഞ്ഞു. ചടങ്ങില്‍ ആസ്റ്റര്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പായ സമസ്ത അംഗങ്ങളെ ആദരിച്ചു. പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി വിഭാഗം മേധാവി പ്രൊഫ. ഹണി ജോണ്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ജിനു ജേക്കബ് ജോര്‍ജ്, ആസ്റ്റര്‍ മെഡ്‌സിറ്റി ഓങ്കോളജി വിഭാഗം സീനിയര്‍ കൗണ്‍സലര്‍ ബിനോയ് ബാലന്‍, നേഴ്‌സ് മാനേജര്‍ ഷിബിന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button