KeralaLatest NewsNews

ശബരിമല: തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്‍റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന്‍റെ സുരക്ഷയിലാണ് പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്. സര്‍ക്കാറിന് തിരുവാഭരണം പ്രത്യേകിച്ച് ഏറ്റെടുക്കേണ്ട ആവശ്യം ഇല്ലെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് കടകംപള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചാല്‍ അത് ചെയ്യാമെന്നും മന്ത്രി പറഞ്ഞു. തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെയ്ക്കുന്നതിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെ രാജകുടുംബത്തിന് ആഭരണത്തില്‍ അവകാശമില്ലെന്നായിരുന്നു ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പറ‍ഞ്ഞത്. ശബരിമല ക്ഷേത്രത്തിന്‍റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബം നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

ശബരിമല ക്ഷേത്രത്തിന്‍റെ ഭരണത്തിന് മാത്രമായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് മാസത്തെ സമയമായിരുന്നു കോടതി ഇതിന് നല്‍കിയത്.ഇന്നലെ കോടതി നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് കോടതി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

തിരുവാഭരണം പന്തളംകൊട്ടാരത്തില്‍ സുരക്ഷിതമാണോ എന്ന ആശങ്ക ഇന്നലെ സുപ്രിംകോടതി പങ്കുവെച്ചതിനുളള പ്രതികരണമായാണ് മന്ത്രിയുടെ വാക്കുകള്‍. തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button