KeralaLatest NewsNews

കേരള ബജറ്റ് 2020 ; തോമസ് ഐസക്കിന്റെ ബജറ്റ് മൈതാന പ്രസംഗം രാജ്യദ്രോഹ സമരക്കാര്‍ക്കു പിന്തുണ, ജനവിരുദ്ധം കേന്ദ്ര വിരുദ്ധം, സ്ത്രീ വിരുദ്ധം : ശോഭാ സുരേന്ദ്രന്‍

ഈ ബജറ്റ് ജനവിരുദ്ധവും കേന്ദ്രവിരുദ്ധവും മാത്രമല്ല സ്ത്രീവിരുദ്ധവുമാണെന്ന് ശോഭാ സുരേന്ദ്രന്‍. ബജറ്റ് പ്രസംഗത്തില്‍ സ്ത്രീപക്ഷ കവിതകള്‍ ഉദ്ധരിച്ച് സ്ത്രീസുരക്ഷയേക്കുറിച്ച് വാചാലനാകുന്ന ധനമന്ത്രിയെയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയെയും നോക്കി വാളയാറിലെ നീതികിട്ടാത്ത പാവം ദളിത് സഹോദരിമാരെ ഇല്ലാതാക്കിയ നരാധമന്മാര്‍ പുഞ്ചിരിക്കുന്നുണ്ടാകുമെന്ന്ും അത്തരക്കാര്‍ക്കു ചിരിക്കാനുള്ളതാണ് ഈ ബജറ്റെന്നും ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജനവിരുദ്ധ, കേന്ദ്ര വിരുദ്ധ രാഷ്ട്രീയ നയങ്ങള്‍ അവസാനിപ്പിച്ച് ജനോപകാരപ്രദവും ഫെഡറലിസത്തിന്റെ സഹകരണപരമായ ഉള്ളടക്കം അംഗീകരിക്കുന്നതുമായ രീതിയിലേക്ക് എത്താന്‍ ധനമന്ത്രിയും കേരള സര്‍ക്കാരും തയ്യാറാകണമെന്നും അതിന് കണ്ണടച്ചിരുട്ടാക്കുന്ന രാഷ്ട്രീയ കാപട്യം ആദ്യം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ശോഭാ സുരേന്ദ്രന്‍ കുറിച്ചു.

ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

സിഎഎ വിരുദ്ധ സമരത്തിനു തെരുവിലിറങ്ങിയ യുവജനങ്ങളില്‍ പ്രതീക്ഷയുണ്ട് എന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ധനമന്ത്രി, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകൂടി പ്രസംഗത്തില്‍ പറയേണ്ടതായിരുന്നു. സമരങ്ങളില്‍ എസ്ഡിപിഐ തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നു എന്ന് നിയമസഭയില്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹം പിന്നോട്ടു പോയിട്ടില്ല. രാജ്യത്തെ നയിക്കുന്നവരായിത്തീരണോ യുവജനങ്ങള്‍ അതോ ഉപരോധം ഏര്‍പ്പെടുത്തി ഇന്ത്യയെ വിഭജിക്കണം എന്ന് ആഹ്വാനം ചെയ്ത് രാജ്യദ്രോഹക്കേസില്‍ പ്രതികളാകണോ എന്ന് തോമസ് ഐസക്ക് വ്യക്തമാക്കേണ്ടതുണ്ട്. ഈ ബജറ്റ് ജനവിരുദ്ധവും കേന്ദ്രവിരുദ്ധവും മാത്രമല്ല
സ്ത്രീവിരുദ്ധവുമാണ്. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത് മുഴുവന്‍ അനുവദിക്കാതെ നിര്‍ഭയ ഷോര്‍ട്സേറ്റേ ഹോമുകളെ ശ്വാസം മുട്ടിച്ച ധനമന്ത്രിയാണ് ഇപ്പോള്‍ വീണ്ടും പത്ത് കോടി വകയിരുത്തിയതായി മേനി
നടിക്കുന്നത്. ബജറ്റ് പ്രസംഗത്തില്‍ സമൂഹമാധ്യമ കവയിത്രികളുടെ
സ്ത്രീപക്ഷ കവിതകള്‍ ഉദ്ധരിച്ച് സ്ത്രീസുരക്ഷയേക്കുറിച്ച്
വാചാലനാകുന്ന ധനമന്ത്രിയെയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയെയും നോക്കി
വാളയാറിലെ നീതികിട്ടാത്ത പാവം ദളിത് സഹോദരിമാരെ ഇല്ലാതാക്കിയ
നരാധമന്മാര്‍ പുഞ്ചിരിക്കുന്നുണ്ടാകും. അതെ, അത്തരക്കാര്‍ക്കു ചിരിക്കാനുള്ളതാണ് ഈ ബജറ്റ്.
കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞും പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ
ഭേദഗതിക്കെതിരേ രാഷ്ട്രീയ പ്രസംഗം നടത്തിയും ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തിന് നാലാം വര്‍ഷവും തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന ഖജനാവ് അതിഭയങ്കര ഞെരുക്കത്തിലാണെന്നും അതിന്റെ
കാരണം സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാരിന്റെ ധനനയങ്ങളും നടപടികളുമാണെന്നാണ് ധനമന്ത്രി പറയുന്നത്. എപ്പോഴെങ്കിലും കേന്ദ്രത്തെ കുറ്റം പറയാതെ സ്വന്തം ബജറ്റ് അവതരിപ്പിക്കാനും കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വിവിധ സഹായങ്ങള്‍
അംഗീകരിച്ച് തുറന്നു പറയാനും തയ്യാറായിട്ടുണ്ടോ. ഒന്നാം പ്രളയകാലത്ത് ലഭിച്ച കേന്ദ്ര സഹായത്തിന്റെ വിനിയോഗ സര്‍ട്ടിഫിക്കേറ്റ് കൊടുക്കാതിരുന്നതും രണ്ടാമത് ലഭിച്ച സഹായത്തിന്റെ യഥാര്‍ത്ഥ കണക്കും ആഴ്ചകള്‍ക്കു മുമ്പ് പുറത്തു വന്നതാണ്. കേന്ദ്രം സഹായിക്കുന്നില്ല എന്ന വാദം പച്ചക്കള്ളമാണ് എന്ന് വ്യക്തമാവുകയും
ചെയ്തിരുന്നു.

2021 ഓടെ നിത്യനിദാന ചെലവുകളായ ശമ്പളം, പെന്‍ഷന്‍, വായ്പാ തിരിച്ചടവ്,
സാമൂഹികക്ഷേമ ചെലവുകള്‍ എന്നിവ പോലും മുടങ്ങുന്ന സ്ഥിതിയും ഉണ്ടാകുമെന്നു
2016-17ല്‍ ഈ സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം പ്രവചിച്ചിരുന്നതാണ്.
ഇപ്പോള്‍ അത് പുതിയ കാര്യം പോലെ അവതരിപ്പിക്കുമ്പോള്‍ ജനങ്ങളുടെ ഓര്‍മശക്തിയെ പരീക്ഷിക്കുകയാണ്. കേരളം മാറി മാറി ഭരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുടെ
ധൂര്‍ത്താണ് കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചത്.

സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് നികുതിയായും മറ്റിനങ്ങളായും പിരിക്കുന്ന തുകയും, മറ്റു വരുമാനങ്ങളും കടമെടുക്കുന്ന തുകയും ഭരണം മെച്ചപ്പെടുത്തുന്നതിനും, ജനങ്ങളുടെ ക്ഷേമത്തിനും, നാടിന്റെ വികസനത്തിനും
ചെലവാക്കുന്നതിനുപകരം രാഷ്ട്രീയ അധികാരം നിലനിര്‍ത്താനും, രാഷ്ട്രീയ
നേട്ടങ്ങള്‍ നേടാനും, ബ്യൂറോക്രസി, സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍, രാഷ്ട്രീയ മുന്നണികള്‍ എന്നിവയുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭരണവര്‍ഗ്ഗത്തിന്റെ ആഡംബരത്തിനും ധൂര്‍ത്തിനും ചെലവാക്കുന്നതിനെ ധനധൂര്‍ത്ത്
എന്നു പറയാം- ധനധൂര്‍ത്തിനേക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന ഈ
നിരീക്ഷണം കേരള സര്‍ക്കാരിന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ജനവിരുദ്ധ, കേന്ദ്ര വിരുദ്ധ രാഷ്ട്രീയ നയങ്ങള്‍ അവസാനിപ്പിച്ച് ജനോപകാരപ്രദവും ഫെഡറലിസത്തിന്റെ സഹകരണപരമായ ഉള്ളടക്കം അംഗീകരിക്കുന്നതുമായ രീതിയിലേക്ക്
എത്താന്‍ ധനമന്ത്രിയും കേരള സര്‍ക്കാരും തയ്യാറാകണം. അതിന് കണ്ണടച്ചിരുട്ടാക്കുന്ന രാഷ്ട്രീയ കാപട്യം ആദ്യം അവസാനിപ്പിക്കുകയാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button