Latest NewsKeralaNews

പിണറായി സർക്കാരിന്റെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർണമായും പാളിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർണമായും പാളിയെന്ന് പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് ശേഷം ശക്തമായ പ്രതിഷേധം നടന്നു. പുനർനിർമാണത്തിനുള്ള ലോകബാങ്ക് സഹായം വകുപ്പുകൾക്കായി വകയിരുത്തിയെങ്കിലും തുക കൈമാറിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ മറുപടി. സർക്കാർ അലംഭാവം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ബിജെപിയും സഭയിൽ നിന്നിറങ്ങിപ്പോയി.

വിശദമായ പഠന റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്കേ തുക കൈമാറേണ്ടതുള്ളൂവെന്നും തുക വകമാറ്റിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും ആരോപിച്ചപ്പോൾ മുഖ്യമന്ത്രി വിശദീകരിച്ചു. ലോകബാങ്കിന്റെ ആദ്യഘട്ട സഹായമായ 1750 കോടി രൂപ വിവിധ വകുപ്പുകൾക്കായി വകയിരുത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുകൾക്കു തുക കൈമാറിയില്ലെങ്കിൽ സർക്കാരിന് അധിക പലിശഭാരം വരുമെന്ന വ്യവസ്ഥയുണ്ടെന്നു രമേശ് ചൂണ്ടിക്കാട്ടി.

2018 ലെ മഹാപ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ലഭ്യമാണെങ്കിലും കഴിഞ്ഞ വർഷത്തെ പ്രളയാനന്തര പുനർനിർമാണത്തിനുള്ള തുക കയ്യിലില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സഹായം കൂടിയേ തീരൂ. പുനർനിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കാനാവില്ല. മൂന്നു വർഷം കൊണ്ടേ തീരൂ.

മഹാപ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേക്കു 4,765.27 കോടി ലഭിച്ചു. ഇതിൽ 2,630.68 കോടി ചെലവഴിച്ചു. ലോകബാങ്ക് വായ്പയിൽ നിന്നു വിവിധ വകുപ്പുകൾക്കു വകയിരുത്തിയ തുകയും മുഖ്യമന്ത്രി അവതരിപ്പിച്ചു. 2019 ൽ പൂർണമായി വീട് നഷ്ടപ്പെട്ടവരുടെ അന്തിമ പട്ടിക തയാറാക്കാൻ കലക്ടർമാർക്കു നിർദേശം നൽകി. ഇതിനായുള്ള ആപ് പൂർണമായും പ്രവർത്തനക്ഷമമാണ്. ക്യാപുകളിൽ താമസിച്ച ഒന്നര ലക്ഷം പേർക്കും ബന്ധുവീടുകളിൽ താമസിച്ച ഒന്നര ലക്ഷം പേർക്കും ഇതുവഴി ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നൽകി. ഭാഗികമായി തകർന്ന വീടുകളുടെ കണക്കും ആപ് വഴിയാണു ശേഖരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button