Life Style

ഓര്‍മശക്തി വര്‍ധിപ്പിയ്ക്കാന്‍ ഇതാ എളുപ്പവഴി

ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാന്‍ എന്തെല്ലാം പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കാറുണ്ട് നമ്മള്‍. പലവിധത്തിലുമുള്ള മരുന്നുകളും ഒറ്റമൂലികളും വരെ നാം ആശ്രയിക്കാറുണ്ട്. എന്നാല്‍ രസകരമായ ഒരു കാര്യം കേട്ടോളൂ. മണങ്ങള്‍ക്ക് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുമത്രേ. എല്ലാത്തരം മണങ്ങള്‍ക്കുമല്ല, ചില പ്രത്യേക വാസനകള്‍ക്ക് നമ്മുടെ തലച്ചോറിലെ സൂക്ഷ്മകോശങ്ങളെ ഉത്തേജിപ്പിച്ച് ഓര്‍മകളെ സജീവമാക്കി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ അവകാശപ്പെടുന്നത്. സുഗന്ധപൂരിതമായ അന്തരീക്ഷത്തിലിരുന്നാണ് നിങ്ങള്‍ ഒരു പുതിയ കാര്യം പഠിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ പരീക്ഷയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമത്രേ. ആരോഗ്യകരമായ ഉറക്കവും ഓര്‍മകളെ തിരിച്ചുവിളിക്കാന്‍ അനിവാര്യമാണ്.

സയന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന ജേണലില്‍ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ദിവസവും രാവിലെ ഉണരുന്നതുമുതല്‍ ഉറങ്ങുന്നതുവരെ കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും സ്പര്‍ശനത്തിലൂടെയും മറ്റും ആയിരക്കണക്കിനു ഡേറ്റയാണ് നമ്മുടെ തലച്ചോറില്‍ എത്തിച്ചേരുന്നത്. ഇവയില്‍ വളരെക്കുറച്ചുമാത്രം ദീര്‍ഘകാല മെമ്മറിയിലേക്കു സ്റ്റോര്‍ ചെയ്യപ്പെടുന്നു. ബാക്കി താല്‍ക്കാലിക ഓര്‍മകളായാണ് തലച്ചോര്‍ റജിസ്റ്റര്‍ ചെയ്യുന്നത്. താല്‍ക്കാലിക മെമ്മറിയില്‍ രേഖപ്പെടുത്തിയ ചില ഡേറ്റ ഉറക്കത്തില്‍ ദീര്‍ഘകാല മെമ്മറിയിലേക്കു മാറ്റുന്ന പ്രവര്‍ത്തനവും തലച്ചോര്‍ തന്നെയാണ് ഏകോപിപ്പിക്കുന്നത്. ഉറങ്ങുന്ന സമയത്ത് അഥവാ തലച്ചോറിന് ഏറ്റവുമധികം വിശ്രമം ലഭിക്കുന്ന സമയത്താണ് ഈ പ്രക്രിയ നടക്കുക. അതുകൊണ്ടാണ് പരീക്ഷത്തലേന്നും മറ്റും നന്നായി ഉറങ്ങണമെന്ന് പറയുന്നത്.

പഠനത്തിന്റെ ഭാഗമായി ഒരു സംഘം വിദ്യാര്‍ഥികള്‍ക്ക് സുഗന്ധപൂരിതമായ അന്തരീക്ഷത്തില്‍ പഠനം നടത്തുന്നതിന് അവസരം നല്‍കി. ഉറങ്ങുമ്പോഴും മുറിയില്‍ സുഗന്ധം ചെറിയ തോതില്‍ നിലനിര്‍ത്തി. ഇവര്‍ക്ക് തലേന്നു വായിച്ച വിവരങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ഹൃദിസ്ഥമാക്കുന്നതിനും ഓര്‍മിച്ചെടുക്കുന്നതിനും പിന്നീട് സാധിച്ചുവത്രേ. സുഗന്ധപൂരിതമായ അന്തരീക്ഷം പഠനവേഗതയെയും ത്വരിതപ്പെടുത്തുമത്രേ. എന്നു കരുതി കൃത്രിമമായ പെര്‍ഫ്യൂമുകള്‍ മുറിയില്‍ നിറച്ച് ശ്വസന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button