Latest NewsKeralaNewsIndia

സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചവര്‍ സൂക്ഷിച്ചോളൂ; പുതിയ നിയമം ഇങ്ങനെ

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചവര്‍ സൂക്ഷിച്ചോളൂ പുതിയ നിയമം നിങ്ങളെ കുടുക്കും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ തങ്ങളുടെ വെബ്‌സൈറ്റുകളിലെ പ്രൊഫൈലുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കേണ്ടി വരും. ഈ മാസം അവസാനത്തോടെ ഇതു സംബന്ധിച്ച ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് അറിയുന്നത്. ഫേസ്ബുക്ക്, യൂടൂബ്, ട്വിറ്റര്‍, ടിക്ടോക് തുടങ്ങിയ വെബ്‌സൈറ്റുകളുടെ ഉപയോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ നിലനിര്‍ത്തണമെങ്കില്‍ അവരവരുടെ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി നല്‍കേണ്ടതായി വരും.

വ്യാജ വാര്‍ത്തകള്‍, ബാലപീഡനപരമായ ഉള്ളടക്കങ്ങള്‍, വംശീയമായ ഉള്ളടക്കങ്ങള്‍, ഭീകരവാദപരമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ പ്രചരിക്കുന്നത് തടയുകയാണ് ഈ പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഈ നീക്കത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നവരെ കണ്ടുപിടിക്കാനാണെന്നും വിമര്‍ശനവും ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്ന നിരവധി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികളെ ഉത്തരവാദികളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

2018 ഡിസംബറില്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതേക്കുറിച്ച് പൊതുജനാഭിപ്രായവും തേടിയിരുന്നു.ഇതിന്മേല്‍ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പ്രതികരണം ശ്രദ്ധേയമാണ്. സുപ്രീംകോടതി അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിയുടെ സ്വകാര്യതയെന്ന ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുന്നതാണ് ഈ ചട്ടങ്ങളെന്നതായിരുന്നു പ്രതികരണം. എന്നാല്‍, നേരത്തേ നിശ്ചയിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ കാര്യമായ മാറ്റംവരുത്താതെ പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനം ഐ.ടി. മന്ത്രാലയം പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. 50 ലക്ഷത്തില്‍കൂടുതല്‍ ഉപയോക്താക്കളുള്ള എല്ലാ സാമൂഹികമാധ്യമങ്ങളും നിയമം പാലിക്കാന്‍ ബാധ്യസ്ഥരാകും. ഫെയ്‌സ്ബുക്കും യൂട്യൂബും ടിക്ടോക്കും വാട്‌സാപ്പുമെല്ലാം ഇതില്‍പ്പെടും.

ഓരോ പോസ്റ്റുകളുടെയും ആദ്യ ഉറവിടം ഏതാണെന്നത് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ 72 മണിക്കൂറിനകം സോഷ്യല്‍ മീഡിയ കമ്പനികള്‍ നല്‍കിയിരിക്കണം. കൂടാതെ ഓരോ പോസ്റ്റുകളുടെയും റെക്കോര്‍ഡുകള്‍ 180 ദിവസത്തേക്ക് കമ്പനികള്‍ സൂക്ഷിച്ചിരിക്കണം.ഉപയോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കുക, സര്‍ക്കാരുമായുള്ള ഇടപാടുകള്‍ക്ക് പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ കോടതിയുടെ ഉത്തരവോ വാറണ്ടോ ഇല്ലാതെ തന്നെ സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button