Latest NewsNewsIndiaInternational

കൊറോണ വൈറസ്; പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി

മുംബൈ: കൊറോണ വൈറസ് ബാധ ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി. വൈറസ് ബാധയെതതുടര്‍ന്ന് ചൈനയില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ എത്താത്തതാണ് പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം. നിലവില്‍ ഈ മാസത്തേക്ക് മാത്രമുള്ള ഉത്പാദനസാമഗ്രികളാണ് ശേഖരിച്ച് വച്ചിട്ടുള്ളത്. എന്നാല്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് നിന്ന് ഘടകങ്ങള്‍ ഇനിയും എത്തിയില്ലെങ്കില്‍ ഉത്പാദനം നിര്‍ത്തി വയ്‌ക്കേണ്ടിവരും.

നേരത്തെ തന്നെ ഇന്ത്യന്‍ ഉത്പാദകര്‍ ചൈനയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്നത് കണക്കിലെടുത്ത് ഉത്പാദന സാമഗ്രികള്‍ സ്റ്റോക്ക് ചെയ്ത് വച്ചിരുന്നു. ഇതുപയോഗിച്ചാണ് വൈറസ് ബാധയുണ്ടായിട്ടും ഇത്രയും നാള്‍ വിപണി നിലവിര്‍ത്തിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ ഫാക്ടറികള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഇതോടെ ചരക്കുനീക്കം പ്രതിസന്ധിയിലായി.സ്മാര്‍ട്ട് ഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതാണെങ്കിലും ഇതിന്റെ ഘടകങ്ങളില്‍ 12 ശതമാനം മാത്രമാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. ബാക്കി ചൈനയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നുമായി ഇറക്കുമതി ചെയ്യുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദകരായ ഷവോമി ഘടകങ്ങളുടെ ശേഖരം തീരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഘടകഭാഗങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും വില ഉയരുകയാണ്. ആപ്പിള്‍ ഐഫോണ്‍ 11, 11 പ്രോ എന്നിവ ചൈനയില്‍നിന്ന് ‘അസംബിള്‍’ചെയ്ത് എത്തിക്കുന്നതാണ്. രാജ്യത്ത് മുംബൈയിലടക്കം പല സ്റ്റോറുകളിലും ഇവയുടെ ശേഖരം തീര്‍ന്നുതുടങ്ങി. ജനുവരി-മാര്‍ച്ച് കാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ പത്തു മുതല്‍ 15 ശതമാനംവരെ കുറവുണ്ടാകുമെന്ന് വിവിധ ഏജന്‍സികള്‍ പറയുന്നു. ഏപ്രില്‍- ജൂണ്‍ കാലത്ത് സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കും. പുതിയ മൊബൈലുകള്‍ അവതരിപ്പിക്കുന്നതിനും കാലതാമസമുണ്ടാകും.മൊബൈല്‍ അസംബ്ലിങ്ങിനായുള്ള ഘടകങ്ങളുടെ ശേഖരം കുറഞ്ഞുവരുന്നതായി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയില്‍ ചുരുക്കം ചില ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എങ്കിലും പൂര്‍ണതോതില്‍ ഉത്പാദനം തുടങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി, ചൈനയില്‍ മാത്രം 1483 പേരാണ് മരിച്ചത്. വൈറസ് ബാധിച്ച് ഇന്നലെ മാത്രം 116 പേരാണ് ചൈനയില്‍ മരിച്ചത്. കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 64,600 ആയി. ഹോങ്കോങ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനിസ് പ്രവിശ്യയായ ഹുബെയില്‍ 242 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 13 വരെ കൊറോണ വൈറസ് ബാധിച്ച 4823 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button