Latest NewsNewsEntertainment

നര്‍ത്തകിയും ടിക് ടോക്ക് താരവുമായ സൗഭാഗ്യയുടെയും സഹതാരമായ അര്‍ജ്ജുന്റെയും പ്രണയ-സാഫല്യത്തിന്റെ വാലന്റൈന്‍സ് വിശേഷങ്ങള്‍ ആദ്യമായി

സൗഹൃദത്തിന്റെ ഫ്രെയിമിനുള്ളിൽ പ്രണയത്തിന്റെ ചിത്രം അറിയാതെ പകർത്തപ്പെടുന്ന ചില കൂട്ടുക്കെട്ടുകളുണ്ട്. നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നവരുടെ, അവരുടേതു മാത്രമായ കൂട്ടുക്കെട്ടുകൾ. അവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയോ അല്ലാതെയോ അവരെ എപ്പോൾ ഒരുമിച്ചു കണ്ടാലും നമ്മുടെ ഉള്ളിലറിയാതെ സന്തോഷത്തിന്റെ ഉറവകൾ പൊട്ടും. നായികയായി സിനിമയിൽ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും മലയാളി ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയ്ക്കൊപ്പം പല ചിത്രങ്ങളിലും വീഡിയോകളിലും കണ്ടിട്ടുള്ള വ്യക്തിയാണ് അർജുന്‍ സോമശേഖർ. വൈറലായ ആ വീഡിയോകളിലെയും ചിത്രങ്ങളിലെയും ഇരുവരുടെയും കെമിസ്ട്രി കണ്ട് അവർ ജീവിതത്തിലും ഒന്നാകണമെന്ന് വല്ലാതെ ആഗ്രഹിച്ചവരാണ് നമ്മൾ മലയാളികൾ. കഴിഞ്ഞ ജനുവരി പതിനാലാം തീയതി ഇരുവരുടെയും വിവാഹനിശ്ചയമായിരുന്നു. ഈ ഫെബ്രുവരി ഇരുപതിനു ഗുരുവായൂർ കണ്ണനു മുന്നിൽ വച്ച് ഇരുവരും ഒന്നാകുമ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത് പ്രണയമെന്ന മൂന്നക്ഷരത്തിലൊളിപ്പിച്ച മനോഹരമായ ഒരു കുടുംബസൗഹൃദത്തിന്റെ കഥ കൂടിയാണ്.ഈ പ്രണയദിനത്തിൽ ഈസ്റ്റ് കോസ്റ്റ് ഓൺലൈൻ വായനക്കാർക്കായി പങ്കു വയ്ക്കുന്നു ആർക്കുമറിയാത്ത ആ പ്രണയകഥ!

അമ്മ നല്കിയ സമ്മാനമോ ഈ പ്രണയം?

സോഷ്യൽ മീഡിയയിൽ അമ്മ താരാകല്യാണിനൊപ്പമുള്ള ഫോട്ടോ പങ്കു വച്ച ശേഷം സൗഭാഗ്യ കുറിച്ചതിങ്ങനെ-” നന്ദി അമ്മേ..ഞാന്‍ ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്‍കിയതിന്..’ ആ വാക്കുകൾ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വന്നതാണെന്നു ആ അമ്മയെയും മകളെയും അടുത്തറിഞ്ഞിട്ടുള്ള അവരുടെ ശിഷ്യർക്കറിയാം.കാരണം രാധേ കൃഷ്ണായെന്ന മംഗളസ്തുതി ഏത് കാര്യം പറയുന്നതിനു മുമ്പും പിമ്പും പറയാൻ ഞങ്ങളെ പഠിപ്പിച്ച ഡോ.താരാകല്യാണെന്ന അതുല്യനർത്തകി നൃത്തക്ലാസ്സുകളിലെ ഇടവേളകളിലെപ്പോഴും പറയുന്നത് മാതൃസ്നേഹത്തിന്റെ മഹനീയതെക്കുറിച്ചാണ്.ആ അമ്മയുടെ മകൾ തെരഞ്ഞെടുത്ത പങ്കാളിയാകട്ടെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട ശിഷ്യനും!

ജീവാംശമായി ചാരെ!

സൗഭാഗ്യയെന്ന പെൺചാരുതയെ ഞാനറിയുന്നത് എന്റെ ഗുരുനാഥയായിട്ടാണ്. വഴുതക്കാട്ടെ ഡാൻസ് സ്കൂളിൽ എന്റെ കസിൻ അപർണ്ണയ്ക്കൊപ്പം ചെല്ലുമ്പോൾ.ഒരു മനോഹരപെയിന്റിംഗ് പോലെ സൗഭാഗ്യ ഇരിപ്പുണ്ട്.ഒപ്പം പ്രണയാതുരനായി അവളെ നോക്കി ചിരിച്ചുകൊണ്ട് ഒരു ബോഡിബിൽഡറെപ്പോലെ അർജുനുമുണ്ട്.

പിന്നീട് അവിടെ നൃത്തം പഠിക്കാനെത്തിയ ഓരോരുത്തർക്കും പറയാതെ പറഞ്ഞ പ്രണയകഥയിലെ നായകനും നായികയുമായി ഇരുവരും. തിരുവനന്തപുരത്തെ ഡാൻസ് സ്കൂളിന്റെ നടത്തിപ്പ് മുതൽ കേരളമെമ്പാടുമുളള ഡോ.താരാകല്യാണിന്റെയും സൗഭാഗ്യയുടെയും ശിഷ്യഗണങ്ങളുടെയും ഓരോ വേദികളിലെ നൃത്തപരിപാടികളുടെയും തുടക്കം മുതൽ ഒടുക്കം വരെയുള്ള ചുമതലക്കാരനായും സിനിമാറ്റിക് ഡാൻസ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനായും സൗഭാഗ്യയ്ക്കാപ്പം എപ്പോഴുമുള്ള ഈ ചെറുപ്പക്കാരനെ സൗഭാഗ്യയുടെ സ്വന്തം ചെറുക്കനായി അംഗീകരിച്ചവരാണ് തിരുവനന്തപുരത്തുക്കാർ.

 

ശിവാലയയിൽ തുടങ്ങിയ ആത്മബന്ധം!

ഒരിക്കൽ സൗഭാഗ്യയുടെ അമ്മ ഡോ.താരാ കല്യാൺ അർജുനെ പരിചയപ്പെടുത്തിയത് ഇങ്ങനെ:”ചില ഗുരുശിഷ്യ ബന്ധങ്ങൾക്ക് രക്തബന്ധത്തേക്കാൾ ആഴത്തിലും പരപ്പിലും സ്വാധീനിക്കാനും ജീവിതത്തിന്റെ ഭാഗമാകാനും കഴിയും. അർജുൻ എന്നത് തുടക്കത്തിൽ എന്റെ ശിഷ്യനും പിന്നീട് ഞാൻ പോലുമറിയാതെ മകനായി മാറിയവനുമാണ്”.

ആ ഒരൊറ്റ വരിയിലുണ്ടായിരുന്നു എല്ലാം.തിരുവനന്തപുരത്തിന്റെ നൃത്തപുണ്യമായിരുന്ന ഡോ.താരാകല്യാണിനും ഭർത്താവും കലാകാരനുമായ അന്തരിച്ച രാജാറാമിനും ശിവാലയയെന്ന പേരിലൊരു നൃത്തവിദ്യാലയമുണ്ടായിരുന്നു.അവിടെ ശാസ്ത്രീയനൃത്തം മാത്രമല്ല മറിച്ച് വെസ്റ്റേണും കൺടംപററിയുമൊക്കെയുണ്ടായിരുന്നു.അവിടെ സിനിമാറ്റിക് ഡാൻസ് പഠിക്കാനെത്തിയതായിരുന്നു അർജുൻ. അന്ന് സെന്റ്ജോസഫ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അർജുൻ. അന്ന് സൗഭാഗ്യ വളരെ ചെറിയ കുട്ടിയും. രാജാറാമും അർജുനുമായിട്ടുള്ള ഗുരുശിഷ്യ ബന്ധം ആത്മബന്ധത്തിലേയ്ക്കു വളർന്നത് പെട്ടെന്നായിരുന്നു. പിന്നീട് ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെ അവർക്കൊപ്പം എന്നുമുണ്ടായിരുന്നു അർജുൻ സോമശേഖരനെന്ന മൃഗസ്നേഹിയും സിനിമാറ്റിക് ഡാൻസറും ബോഡി ബിൽഡറുമായ ചെറുപ്പക്കാരൻ.

ഇതിനിടയ്ക്ക് സൗഭാഗ്യയുടെ പഠനസൗകര്യാർത്ഥം ( തൃപ്പുണിത്തറ ആർ.ആർ.വി കോളേജ്) എറണാകുളത്തേയ്ക്ക് താമസം മാറി താരാകല്യാണും കുടുംബവും. അതോടെ നൃത്തത്തിനൊപ്പം സിനിമാഭിനയത്തിനും മുൻതൂക്കം നല്കാൻ താരാകല്യാണിനുകഴിഞ്ഞു.ആയിടയ്ക്കാണ് ഡബ്സ്മാഷ് എന്ന കല ജനകീയമാകുന്നത്.
മലയാളികള്‍ ഡബ്സ്മാഷ് കണ്ടു ആര്‍ത്ത് ചിരിക്കാന്‍ തുടങ്ങിയതും വീണ്ടും വീണ്ടും കാണാന്‍ തുടങ്ങിയതും സൗഭാഗ്യ വെങ്കിടേഷ് ഡബ്‌സ്മാഷ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്. അതിനാകട്ടെ എല്ലാവിധ പിന്തുണ നല്കിയത് അച്ഛനായ രാജാറാമും. സോഷ്യൽ മീഡിയയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ടാണ് ആ അച്ഛൻ മകൾക്കായി ഡബ്സ്മാഷ് വീഡിയോകൾ എഡിറ്റ് ചെയ്യാൻ തുടങ്ങിയത്.

സൗഭാഗ്യയെന്ന താരോദയം!

2016 ലാണ് ആദ്യ വിഡിയോ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ സൗഭാഗ്യ സോഷ്യല്‍ ചുമരിലെ ‘ഭാഗ്യ’ച്ചിരിയായി മാറി. ഡബ്സ്മാഷ് രംഗത്തെ ‘വൈറൽ ഗേൾ’ ആയി. സലിം കുമാറിന്റെ ഡയലോഗുകൾ അവതരിപ്പിച്ചാണ് ആദ്യ കാലങ്ങളിൽ കയ്യടി നേടിയതെങ്കിൽ പിന്നീട് ഏത് വൈറൽ രംഗത്തിനും ഒരു ‘സൗഭാഗ്യ വേർഷൻ’ എത്തിത്തുടങ്ങി. ഇതിനിടയിൽ നൃത്തത്തിൽ മാസ്റ്റേഴ്സ് ഗോൾഡ് മെഡലോടെ ഒന്നാംറാങ്കിൽ പാസാകാനും സൗഭാഗ്യയ്ക്കു കഴിഞ്ഞു.

കണ്ണീർമഴയത്ത് കൂടെ നിന്ന അർജുൻ!

ഈ സന്തോഷങ്ങളുടെ ഇടയ്ക്കാണ് അശനിപാതം പോലെ രാജാറാമിന്റെ അകാലവിയോഗം ആ കുടുംബത്തിനുമേൽ പതിക്കുന്നത്. രാജാറാം ഡെങ്കിപനി ബാധിച്ച് ആശുപത്രിയിലായപ്പോൾ അദ്ദേഹത്തിനൊപ്പവും ആ കുടുംബത്തിനൊപ്പവും താങ്ങും തണലുമായി നിന്നത് അർജുനായിരുന്നു. രാജാറാമിന്റെ അകാലവിയോഗത്തിൽ തളർന്നുപോയ താരാകല്യാണിനേയും സൗഭാഗ്യയേയും മുത്തശ്ശി സുബ്ബലക്ഷ്മിയേയും വീണ്ടും കലാരംഗത്ത് കൊണ്ടുവരാൻ മുൻകൈയെടുത്തത് അർജുനും കുടുംബവുമായിരുന്നു.എറണാകുളത്തുനിന്നും വീണ്ടും തിരുവനന്തപുരത്തെത്തിയ താരാകല്യാണിനും മകൾക്കും വീണ്ടും നൃത്തവിദ്യാലയം തുടങ്ങാൻ പ്രചോദനമായത് അർജുന്റെ സ്നേഹപൂർവ്വമായ ഇടപെടലുകളായിരുന്നു.2017 നവംബറിൽ തുടങ്ങിയ താരാകല്യാൺ ഡാൻസ് സ്കൂൾ വെറും രണ്ടു വർഷത്തിനുള്ളിൽ നഗരത്തിലെ ഏറ്റവും പ്രശസ്തമായ നൃത്തവിദ്യാലയമായി മാറി.ഇന്നവിടെ പല ബാച്ചുകളിലായി മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്നുണ്ട്.

പത്മനാഭൻ നല്കിയ വരദാനം!

ശ്രീപത്മനാഭസ്വാമിയുടെ കടുത്ത ഭക്തയായ താരയ്ക്കും മകൾക്കുമായി ഇത്തവണ ശ്രീപത്മനാഭൻ കരുതിവച്ച സമ്മാനമായിരുന്നു പന്ത്രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപ-ലക്ഷഭീപവേളയിൽ നൃത്തമവതരിപ്പിക്കാനുള്ള അപൂർവ്വഭാഗ്യം.ജനുവരി 10നു നൃത്തമവതരിപ്പിക്കുന്നതിനു മുമ്പായി നർത്തകീവേഷത്തിൽ ലക്ഷദീപപ്രഭയിൽ നിന്നുക്കൊണ്ട് അർജുനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സൗഭാഗ്യ കുറിച്ചതിങ്ങനെ-“എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.എനിക്കുമൊരു അമൂല്യരത്‌നം കിട്ടി”.

മറ്റൊരു ചിത്രത്തിനൊപ്പം ഇങ്ങനെ കുറിച്ചു-
” എത്ര സ്വർഗ്ഗീയമായ സ്ഥലം! എല്ലാം തുടങ്ങുന്നത് ഇവിടെയാണ്. വിധി.. ഈശ്വരന്‍ നിങ്ങള്‍ക്കായി കാത്തുവച്ചത് എന്താണെന്ന് ചിലപ്പോള്‍ അറിയില്ല. എങ്കിലും ഞാന്‍ പറയുന്നു, ഇതായിരിക്കും ഏറ്റവും അനുയോജ്യമായത്.”

സൗഭാഗ്യയുടെ സ്വന്തം അർജുൻ!

തീർച്ചയായും സൗഭാഗ്യയെന്ന കലാകേരളത്തിന്റെ രാജകുമാരിക്ക് കിട്ടിയ അമൂല്യരത്നമാണ് അർജുൻ ശേഖറെന്ന ചെറുപ്പക്കാരൻ. മകൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരച്ഛനും അമ്മയും മകൾക്കായി കാത്തുവച്ച ഒരു സ്റ്റേഹസമ്മാനം. തന്റെ പ്രിയപ്പെട്ടവളുടെ തളർച്ചയിലും ഉയർച്ചയിലും അവൾക്കൊപ്പം താങ്ങും തണലുമായി നിന്ന് കലാരംഗത്ത് കൊടുക്കേണ്ട സർവ്വപിന്തുണയും നല്കി അവളുടെ വിഷാദ കാലത്തിന്റെ മഴകളെല്ലാം ഒന്നിച്ചു നനഞ്ഞുതോർത്തിയെടുത്ത അർജുനു ഈ പ്രണയദിനത്തിൽ സൗഭാഗ്യയോട് പറയാനുള്ളത് ഖലീൽ ജിബ്രാന്റെ ഈ വരികൾ മാത്രം!

 

“ഞാനവളെ സ്നേഹിക്കുന്നു.
എന്നാൽ എന്തുകൊണ്ട് ഞാനവളെ സ്നേഹിക്കുന്നുവെന്നതിന് എന്റെ ചിന്തക്ക് ഉത്തരമില്ല.
എനിക്ക് അതറിയണമെന്നുമില്ല. എന്റെ ആത്മാവിലും ഹൃദയത്തിലും ഞാനവളെ സ്നേഹിക്കുന്നു. അത്രമാത്രം”

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close