Latest NewsNewsEditorial

വിപ്ലവ സംഘടനകള്‍ മൗനം പാലിച്ചിടത്ത് ഇടിമുഴക്കമായി മാറിയ യുവമോര്‍ച്ച നേതാവ്: കേരള രാഷ്ട്രീയം ആഗ്രഹിക്കുന്ന തന്റേടിയായ പോരാളി കെ.സുരേന്ദ്രന്‍ ബി.ജെ.പിയുടെ സാരഥിയായി എത്തുമ്പോള്‍

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയപ്പോൾ കേരളത്തിലെ ബി.ജെ.പി പ്രവർത്തകർക്ക് തെല്ലും അതിശയോക്തി തോന്നിയിരുന്നില്ല. കാരണം കേരളരാഷ്ട്രീയത്തിൽ ഒരുപാട് താമരകൾ വിരിയിക്കാനുള്ള നിയോഗം അദ്ദേഹത്തിലുണ്ടെന്ന് വർഷങ്ങൾക്കുംമുന്നേ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തിരുന്നവരാണ് കേരളത്തിലെ ഓരോ ബി.ജെ.പി-ആർ.എസ്.എസ് അനുഭാവിയും. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെന്ന പദവിക്ക് നിലവിൽ എന്തുകൊണ്ടും അർഹൻ കെ.സുരേന്ദ്രൻ മാത്രമാണെന്ന് ഓരോ അനുഭാവിയെകൊണ്ടും അണിയെക്കൊണ്ടും ഉറക്കെപ്പറയിപ്പിക്കുന്നതിന് പ്രധാന കാരണം അദ്ദേഹം ഇവിടെ നടത്തിയ ഉജ്ജ്വലസമരപോരാട്ടങ്ങൾ തന്നെയാണ്.

സംസ്ഥാന അധ്യക്ഷനാവുന്നതിലൂടെ ബി.ജെ.പിയെ ശക്തമായി മുന്നോട്ടുനയിക്കാനും അദ്ധ്യക്ഷനെന്ന പദവി ഫലപ്രദമായി വിനിയോഗിക്കാനും അദ്ദേഹത്തിൽ കേന്ദ്രനേതൃത്വം ഏൽപ്പിച്ച ദൗത്യം കൃത്യമായി നിർവ്വഹിക്കാനും കെ സുരേന്ദ്രനെന്ന മുന്നണിപ്പോരാളിക്ക് കഴിയുമെന്ന് അദ്ദേഹത്തിന്റെ സഹനസമരപോരാട്ടങ്ങളും പ്രവർത്തനങ്ങളും അടിവരയിട്ടുറപ്പിക്കുന്നുണ്ട്.

കേരളരാഷ്ട്രീയ ചരിത്രത്തിൽ ഇതിനോടകം തന്നെ വ്യക്തമായ സ്ഥാനം നേടിയെടുത്ത കെ. സുരേന്ദ്രനെന്ന യുവാക്കളുടെ പ്രിയങ്കരനായ നേതാവ് എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്.എന്നാൽ ഈ പേര് കേരളമൊന്നടങ്കം ശ്രദ്ധിച്ചുതുടങ്ങിയത് യുവമോർച്ചയുടെ സംസ്ഥാനഅധ്യക്ഷനായതോടുകൂടിയാണ്. യുവമോര്‍ച്ചയുടെ സാരഥ്യം ഏറ്റെടുത്തതോടെയാണ്‌ കെ.സുരേന്ദ്രന്റെ പോരാട്ട വീര്യം കേരളം തിരിച്ചറിഞ്ഞു തുടങ്ങിയത്‌. ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ സംസ്ഥാനമൊട്ടാകെ യുവമോര്‍ച്ച സുരേന്ദ്രന്റെ നേതൃത്വത്തില്‍ സമരപരമ്പരകള്‍ നടത്തി. അതോടുകൂടി യുവമോർച്ചയെന്നത് അതുവരെയുണ്ടായിരുന്ന ഇടതുവലതുയുവജനസംഘടനകളേക്കാൾ ഒരുപടി ഉയർന്ന യുവതയുടെ പോരാട്ടവീര്യത്തിന്റെ പര്യായമായി മാറി. കോവളം കൊട്ടാരത്തിന്റെ ഭൂമി കയ്യേറിയത്‌ ഒഴിപ്പിക്കുന്നതിന്‌ സുരേന്ദ്രന്‍ തെളിച്ച പ്രക്ഷോഭ ജ്വാല പിന്നീട്‌ കേരളമാകെ പടര്‍ന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യം. ആ സമരത്തിനിടെ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ഏറെക്കാലം ആശുപത്രിയിലായെങ്കിലും സുരേന്ദ്രന്റെ സമരവീര്യത്തെ തടഞ്ഞുനിര്‍ത്താന്‍ ഭരണാധികാരികള്‍ക്കായില്ലായെന്നത് ശബരിമലയെ പോരാട്ടത്തിൽ നമ്മൾ കണ്ടതാണല്ലോ.

വിപ്ലവ സംഘടനകള്‍ മൗനം പാലിച്ച ഇടങ്ങളിലൊക്കെയും എന്നും ഇടിമുഴക്കമായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തിലെ യുവമോർച്ചാപ്രസ്ഥാനം. ടി.പി.വധം, സോളാര്‍കേസ്‌, ചക്കിട്ടപ്പാറ ഖാനനം തുടങ്ങിയ ഇടത്‌ വലത്‌ മുന്നണികള്‍ ഒത്തുകളിച്ച വിഷയങ്ങളിലൊക്കെയും സുരേന്ദ്രന്റെ ഇടപെടലുകള്‍ കേരളം കണ്ടതാണ്. മതഭീകരവാദത്തെ വെല്ലുവിളിച്ച്‌ നാറാത്തേക്കും ഗ്രീന്‍വാലിയിലേക്കും സുരേന്ദ്രന്‍ നയിച്ച മാര്‍ച്ച്‌ വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം കളിക്കുന്ന മുന്നണികള്‍ക്കുള്ള താക്കീത്‌ കൂടിയായിരുന്നു. കാസര്‍കോട്ട്‌ മുസ്ലിംലീഗ്‌ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ പ്രവര്‍ത്തനം തുറന്നെതിര്‍ക്കപ്പെടുന്നത്‌ സുരേന്ദ്രന്റെ സാന്നിധ്യം മൂലമാണ്‌. ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടപ്പോഴും സുരേന്ദ്രന്‍ രംഗത്തെത്തി.

യുവമോർച്ചയിൽനിന്നു ബിജെപിയിലെത്തിയ അദ്ദേഹം ലോക്സഭയിലേക്കു കാസർകോട് മണ്ഡലത്തിൽനിന്ന് രണ്ടു തവണയും നിയമസഭയിലേക്കു മഞ്ചേശ്വരത്തുനിന്നു രണ്ടു തവണയും മത്സരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണു പരാജയപ്പെട്ടത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ചു മൂന്നു ലക്ഷത്തോളം വോട്ട് സ്വന്തമാക്കി. കോന്നിയിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചു.ബി.ജെ.പിയുടെ വോട്ട് ഷെയറുകളിൽ കെ.സുരേന്ദ്രനെന്ന മത്സരാർത്ഥി നല്കിയ സംഭാവന വിലപ്പെട്ടതാണ്. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാന്‍ കെ. സുരേന്ദ്രന് സാധിച്ചു. യുവമോര്‍ച്ചയില്‍ നിന്നും ബിജെപിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

എന്നാൽ കെ.സുരേന്ദ്രനെ രാഷ്ട്രീയപ്രവർത്തകൻ രാഷ്ട്രീയത്തിനതീതമായി അമ്മമാരുടെയും സഹോദരിമാരുടെയും പ്രിയപ്പെട്ട മകനും സഹോദരനുമായി മാറുന്നത് ശബരിമലപ്രക്ഷോഭകാലഘട്ടത്തിലാണ്.
2018 നവംബര്‍ 17 ന് ചിത്തിര ആട്ടവിളക്കിന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച്‌ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുളള പോലീസ് അറസ്റ്റ്ചെയ്തു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ ആറസ്റ്റ് എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. പക്ഷെ ആ അറസ്റ്റ് സുരേന്ദ്രന് നേരെ നടത്തിയ കടുത്ത മനുഷ്യാവകാശലംഘനം മാത്രമായിരുന്നു. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കപ്പെട്ടത് 2019ലെ ലോക്സഭാതെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് ഭരണകൂടം ഏർപ്പെടുത്തിയ ചക്രവ്യൂഹമായിരുന്നു.പക്ഷേ ആ അറസ്റ്റ് കേരളീയപൊതുസമൂഹത്തിൽ കെ.സുരേന്ദ്രനു നേടിക്കൊടുത്ത പ്രതിച്ഛായ വളരെ വലുതായിരുന്നു.ജാമ്യം ലഭിക്കാതെ അദ്ദേഹം 22 ദിവസമാണ് ജയിലിൽ കിടന്നത്.ഇതോടെ സുരേന്ദ്രന്‍ അയ്യപ്പവിശ്വാസികളുടെ മാത്രമല്ല കേരളപൊതുസമൂഹത്തിനാകെ പ്രിയങ്കരനായി മാറി.

‌രാഷ്ട്രീയ സദാചാരത്തിനും ധാര്‍മ്മികതക്കും തരിമ്പും വിലകല്‍പ്പിക്കാതെ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നാകുന്ന കേരളത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന യഥാര്‍ത്ഥ പ്രതിപക്ഷ നേതാവാണ്‌ സുരേന്ദ്രന്.‍ കേരള രാഷ്ട്രീയം ആഗ്രഹിക്കുന്ന തന്റേടമുള്ള യഥാര്‍ത്ഥ പോരാളിയാണ് അദ്ദേഹം.സുരേന്ദ്രനെ പൊതുസമൂഹത്തിന്‌ മുന്നില്‍ പ്രിയങ്കരനാക്കുന്നത്‌ വിട്ടുവീഴ്ചയില്ലാത്ത സമരപോരാട്ടമാണ്‌. താത്കാലിക ലാഭത്തിന്‌ വേണ്ടി ബലികഴിക്കേണ്ടതല്ല ആദര്‍ശമെന്ന്‌ വിപ്ലവപ്രസ്ഥാനങ്ങളിലെ അണികള്‍ പോലും തിരിച്ചറിയുന്നത്‌ സുരേന്ദ്രനിലൂടെയാണ്‌. സംസ്ഥാന അദ്ധ്യക്ഷനെന്ന വളരെ വലിയ ഉത്തരവാദിത്വമുള്ള പദവി സുരേന്ദ്രനെന്ന ആദർശധീരതയുള്ള സാരഥിയുടെ കരങ്ങളിൽ ഭദ്രമായിരിക്കും.അദ്ദേഹം നയിക്കുന്ന തേരിലേറി ബി.ജെ.പിയെന്ന രാഷ്ട്രീയചാരുതയ്ക്ക് തിരുവനന്തപുരം മുതൽ കാസർകോട് വരെ താമര വിരിയിക്കാൻ കഴിയട്ടെ! കലിയുഗ വരദനായ അയ്യപ്പന്റെ അനുഗ്രഹം എന്നെന്നും കൂടെയുണ്ടാകട്ടെ!

shortlink

Related Articles

Post Your Comments

Related Articles


Back to top button