Latest NewsKeralaNews

9 വര്‍ഷത്തിനിടെ ദുരൂഹസാഹചര്യത്തില്‍ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍ : ഏറ്റവും അവസാന മരണം നടന്നത് ചൊവ്വാഴ്ച രാവിലെ … സംശയത്തിന്റെ നിഴലില്‍ ഇവര്‍

മലപ്പുറം : 9 വര്‍ഷത്തിനിടെ ദുരൂഹസാഹചര്യത്തില്‍ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍, ഏറ്റവും അവസാന മരണം നടന്നത് ചൊവ്വാഴ്ച രാവിലെ. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ആറു കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തറമ്മല്‍ റഫീഖ്- സബ്ന ദമ്പതികളുടെ ആറു മക്കളാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 93 ദിവസം പ്രായമുള്ള ഇളയ ആണ്‍കുട്ടി ഇന്നു രാവിലെയാണ് മരിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കുട്ടിയുടെ സംസ്‌കാരം നടന്നിരുന്നതായി എസ് പി അബ്ദുള്‍ കരീം പറഞ്ഞു.

കുട്ടികള്‍ മരിച്ചത് അപസ്മാരം മൂലമാണെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. രോഗം കണ്ടതോടെ തിരൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നതായി അവര്‍ സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് അറിയുന്നതെന്ന് എസ് പി പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഇന്നല്ലെങ്കില്‍ നാളെ തന്നെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. ഇന്നുതന്നെ നടത്താനാണ് സാധ്യതയെന്നും എസ് പി പറഞ്ഞു. ബന്ധുവില്‍ ഒരാളാണ് പൊലീസില്‍ പരാതി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെയാണ് ആറ് കുട്ടികളും മരിക്കുന്നത്. എല്ലാവരും മരിച്ചത് അപസ്മാര രോഗത്തെ തുടര്‍ന്നാണെന്നാണ് ദമ്പതികള്‍ പൊലീസിനെ അറിയിച്ചത്. നാലു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഒരു കുട്ടിക്ക് നാലര വയസ്സുള്ളപ്പോഴും, മറ്റു കുട്ടികള്‍ എല്ലാം ഒരു വയസ്സിന് താഴെയും പ്രായമുള്ളപ്പോഴാണ് മരിച്ചതെന്ന് എസ് പി അറിയിച്ചു.

പോസ്റ്റ് മോര്‍ട്ടത്തിനായി ആര്‍ഡിഒ, പൊലീസ് സര്‍ജന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ സൗകര്യം പൊലീസ് തേടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും, എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാതാപിതാക്കള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ചെറിയ കുട്ടികളായതിനാല്‍ മറ്റു തരത്തിലുള്ള പ്രചാരണം നടത്തരുതെന്നും എസ് പി അബ്ദുള്‍ കരീം അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button