Latest NewsArticleKeralaNewsWriters' Corner

ഒരു പെൺകുട്ടി അമ്മയാകും മുൻപേ പലവട്ടം ചിന്തിക്കണം, മാതൃത്വം എന്ന തപസ്യ അർത്ഥപൂർണമാകുന്നത് എപ്പോഴെന്നു വിശദമാക്കി എഴുത്തുകാരി ശ്രീജ വേണുഗോപാൽ

ഒരു പെൺകുട്ടി അമ്മയാകും  മുമ്പേ പലവട്ടം  ചിന്തിക്കണം,   ഞാൻ  അതിന്  പ്രാപ്തയാണോ  എന്ന് . മാതൃത്വം  എന്നത്  ഒട്ടും  എളുപ്പമുള്ള  കാര്യമല്ല. കുഞ്ഞിന്റെ  അച്ഛൻ,   അമ്മ   പറയുന്ന  ആളാണ്  അച്ഛന്റെ  സഹായം  ഉണ്ടെങ്കിലും  ഇല്ലെങ്കിലും  ആ കുഞ്ഞിനെ  വളർത്താൻ  അമ്മ  പ്രാപ്തയായിരിക്കണം  കാരണം  ആ നിസ്സഹായ  ജീവൻ  നമ്മുടെ  ഗർഭപാത്രത്തിൽ  ഒട്ടിപ്പിടിച്ച്  വളർന്നുണ്ടായതാണ്  അതിന്  അനുവാദം  കൊടുത്തതും  നമ്മളാണ്. അമ്മയാകുന്നതോടെ  ആലസ്യവും,  അതിമോഹവും ,  ഉറക്കവും , എന്തിന്  കാമം  തന്നെയും ചിലപ്പോൾ  ഉപേക്ഷിക്കേണ്ടി  വരും. അതിന്  മനസ്സ്  കൊണ്ട്  താൻ  തയ്യാറാണോ  എന്ന്  ഓരോ  പെൺകുട്ടിയും  പലവട്ടം  ചിന്തിച്ച്  ഉറപ്പിക്കേണ്ടതാണ് .

പലപ്പോഴും  നമ്മുടെ  നാട്ടിലെ  പെൺകുട്ടികൾ  പ്രസവിക്കുന്നത്,   സമൂഹത്തിൽ ‘ കെട്ടിയ ‘ പുരുഷന്  ‘ആണത്തം’  തെളിയിക്കാനോ , മാതാപിതാക്കളുടെ  ആഗ്രഹം  സഫലീകരിച്ചു  കൊടുക്കാനോ  ഒക്കെയാണ് . പല  ദാമ്പത്യബന്ധങ്ങളും  നിലനിന്ന്  പോകുന്നത്  പൊരുത്തക്കേടുകൾ  തുടങ്ങും  മുമ്പേ   മകനോ  മകളോ ” ഉണ്ടായി പോയത്” കൊണ്ട്  മാത്രമാണ് . തീർച്ചയായും  കുഞ്ഞുങ്ങൾ  അച്ഛനെയും  അമ്മയേയും  ചേർത്ത്  നിര്ത്തുന്ന   മുഖ്യഘടകം  തന്നെയാണ്  പക്ഷെ,  ഒട്ടും  ഭദ്രതയില്ലാത്ത  കുടുംബങ്ങളിലേക്ക്  “കുഞ്ഞുണ്ടാകുന്നതോടെ  ശരിയാകും ” എന്നമട്ടിൽ  പരീക്ഷണത്തിന്   കുഞ്ഞുങ്ങളെ  പ്രസവിക്കുമ്പോൾ. ആ കുഞ്ഞിന്റെ  ജീവിതം  ദുരിതപൂര്ണമാകുന്നു. സ്നേഹമുള്ള  അച്ഛനും  അമ്മയ്ക്കും  കുഞ്ഞുങ്ങൾ  പിറക്കട്ടെ, സമ്പത്ത്  ഇല്ലെങ്കിലും  അവൻ  സന്തോഷത്തോടെ  വളരും  അതിന്  ചുരുങ്ങിയത്  ഒരു  അമ്മയുടെ  സ്നേഹവും  സംരക്ഷവും  മാത്രം    മതി.

Also read : കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ട മാതൃകാ ദമ്പതികൾ; ആഷിക് അബുവിനും റിമ കല്ലിങ്കലിനും മണി ഓർഡർ അയച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

എനിക്ക്  ഒമ്പതും ചേട്ടന്  പതിമൂന്നും  വയസ്സുള്ളപ്പോൾ  ആണ്  എന്റെ  അച്ഛൻ  മരിക്കുന്നത്. ചേട്ടനേക്കാൾ  അഞ്ചാറ്  വയസ്സിന്  മാത്രം   അധികം  പ്രായമുള്ള  തന്റെ  അനിയനേയും  വയസ്സായ  മാതാപിതാക്കളെയും  ഞങ്ങൾ  മക്കളെയും  അമ്മ  സംരക്ഷിച്ചു.   ആരുടേയും  കാല്  പിടിക്കാതെ,  ആത്മാഭിമാനം  പണയം  വെക്കാതെ  കയ്യിലുള്ള  ആഭരണങ്ങൾ  പണയം  വെച്ച്  പാടത്ത്  കൃഷിയിറക്കിയും  പശുവിനെ  വളർത്തിയും ,കൊയ്ത്ത്  കഴിയുമ്പോൾ  കടം  വീട്ടി അത്യാവശ്യത്തിനു  മാത്രം  ചെലവ്  ചെയ്ത്  ത്യാഗപൂർണമായ  ജീവിതത്തിനിടയ്ക്ക്  സ്നേഹസമ്പന്നനായ  ഭർത്താവിനെ  കുറിച്ചോർത്ത്  കരയാൻ  പോലും  ആ പാവത്തിന്  സമയമുണ്ടായിരുന്നില്ല . ഒരു നാട്ടിൻപ്പുറത്ത്  കാരിയായ  പത്താംക്ലാസ്സുകാരിക്ക്  ഇത്രയും  മനശക്തി  ഉണ്ടായത്   “എന്റെ  മക്കൾ ” എന്ന  ആ സ്നേഹത്തിൽ  നിന്നും  മാത്രമാണ്.  ഒരു  ഈർക്കിൽ കൊണ്ട്  പോലും  നോവിക്കാതെ  മക്കളെ  വളർത്താം  എന്ന്  പഠിപ്പിച്ചതും  അമ്മയാണ് .ഞങ്ങളിൽ  ഉള്ള  നന്മ  അമ്മയിൽ  നിന്നും  കിട്ടിയതാണ്.  ക്രൂരമെങ്കിലും  പറയട്ടെ  വിധവകളായ  അല്ലെങ്കിൽ  വിവാഹമോചിതരായ  അമ്മമാരുടെ  മക്കൾ  ഒരു കാര്യത്തിൽ  ഭാഗ്യവാന്മാരാണ്  അവരുടെ  അമ്മയുടെ  മുഴുവൻ  സ്നേഹവും  ലാളനയും  ശ്രദ്ധയും  അവർക്ക്  കിട്ടുന്നു  പങ്ക്  വെച്ച്  പോകാതെ.

കാലങ്ങൾക്കിപ്പുറം  ഞാൻ  അത്ര  നല്ല  അമ്മയൊന്നുമല്ലെങ്കിലും. അത്രക്കും  മോഹിച്ചാണ്  എനിക്ക്  രണ്ട്  മക്കളുണ്ടായത്   എന്റെ  ജീവിതത്തിലെ  എന്നത്തേയും  ഏറ്റവും  വലിയ  പരിഗണന  എന്റെ  മക്കൾ  തന്നെയാണ്  ഇരുപത്തിമൂന്നു  വർഷങ്ങൾക്ക്  മുമ്പ്  എന്റെ  മക്കളെ  ആരെയെങ്കിലും  ഏൽപ്പിച്ചു  പോകാൻ  വിശ്വാസം  ഇല്ലാത്തതു കൊണ്ടും  അവരെ  നാട്ടിലാക്കി  പിരിഞ്ഞിരിക്കാൻ  സമ്മതം  അല്ലാത്തത് കൊണ്ടുമാണ്  ഞാൻ  ആവശ്യത്തിന്  വിദ്യാഭ്യാസം  ഉണ്ടായിട്ടും ജോലിക്ക്  പോകാതിരുന്നത്. സാമ്പത്തിക  ബുദ്ധിമുട്ട്  പലപ്പോഴും  തോന്നിയിട്ടുണ്ടെങ്കിലും   എന്റെ  തീരുമാനം  തെറ്റായിരുന്നു  എന്ന്  ഒരിക്കലും  തോന്നിയിട്ടില്ല. മകന്  എന്റെ  ഇഷ്ടത്തിന്  കളിപ്പാട്ടങ്ങൾ  വാങ്ങിക്കൊടുക്കാൻ  വേണ്ടിയാണ്  ഞാൻ  ടുഷ്യൻ  ക്ലാസ്സ്‌  തുടങ്ങിയത്   മറ്റ്  കുട്ടികൾക്ക്  ഒപ്പമിരുത്തിയാണ്  ഞാൻ  അവരെ  പഠിപ്പിച്ചത്   പഠിക്കാൻ  രണ്ട്‌  പേരും  മോശമല്ല  എന്ന് മാത്രമല്ല . അവർ  സ്നേഹമുള്ള  കുട്ടികളാണ്  ഒരിക്കലും  ആരെയും  കളിയായിട്ട്  പോലും  വേദനിപ്പിക്കാത്തവർ.  തീർച്ചയായും  എനിക്ക്  എല്ലാ പിന്തുണയും  എന്റെ  ഭർത്താവിൽ  നിന്നും  ലഭിക്കുന്നുണ്ട് . പക്ഷെ  ഒരു സ്ത്രീ  എന്ന  നിലക്ക്  എനിക്ക്  ഏറ്റവും  സംതൃപ്തി  തരുന്ന  റോൾ ” അമ്മ”  എന്നത് തന്നെയാണ്.

Also read : ക്രിയേറ്റിവിറ്റിയുടെ ദൃശ്യ-വായനാനുഭവവുമായി മുരളീകൃഷ്ണനും ടീമും വീണ്ടും!, ഒരു തലമുറ നെഞ്ചേറ്റി താലോലിക്കുകയും തങ്ങളുടെ ഭാവനയുടെ വികാരവിചാരങ്ങൾക്കൊപ്പം കൂട്ടുകയും ചെയ്ത മായാവിയിലെ കഥാപാത്രങ്ങളുമായി അവർ വീണ്ടും രംഗത്ത്! :  അഞ്ജു പാർവ്വതി പ്രഭീഷ്

കുഞ്ഞ്  വയറ്റിൽ ഉള്ളപ്പോൾ  മുതൽ  നമ്മളൊന്നു  സങ്കടപ്പെടുമ്പോൾ  ഉള്ള  ആ ഇളക്കം . പിറന്നതിനു  ശേഷം  ആ കുഞ്ഞ്  വിരലുകൾ  കൊണ്ടുള്ള  തലോടലുകൾ , വയറു നിറഞ്ഞതിനു  ശേഷവും  അമ്മിഞ്ഞത്തുമ്പു  വായിൽ  വെച്ച്  മുഖത്തേക്ക്  നോക്കിയുള്ള  പാലൊഴുക്കികൊണ്ടുള്ള  ആ ചിരി . ഇതൊക്കെ    ഒരമ്മയ്ക്ക്  മറക്കാൻ  കഴിയുന്നുണ്ടെങ്കിൽ  അവരെ   എങ്ങനെ  അമ്മ  എന്നോ  ഒരു മനുഷ്യ  സ്ത്രീ  എന്നോ വിളിക്കാൻ  കഴിയും.

 തെറ്റ്  ചെയ്യാതെ  കള്ളനെന്നു  പേരും  ശിക്ഷയും  കിട്ടിയ  കുട്ടിയുടെ , അമ്മ  ചൂട് വെച്ച  മുറിവിൽ  ഊതി കൊടുത്ത്  കാര്യങ്ങൾ  ചോദിച്ചറിഞ്ഞ ഞാൻ  എന്ത്‌കൊണ്ടാണ്   നീ  ഇതൊന്നും  ആരോടും  പറഞ്ഞില്ല  അധ്യാപകരോട്  അല്ലെങ്കിലും  അമ്മയോടെങ്കിലും പറയാമായിരുന്നില്ലേ  എന്ന  ചോദ്യത്തിന്  ആർത്തലച്ചു കൊണ്ട്  അവൻ  പറഞ്ഞത്  ഇന്നും  കാതിലുണ്ട്  ആരും  എന്നോട്  ഒന്നും  ചോദിക്കുന്നില്ല  മാഡം  നിങ്ങൾ  ചോദിക്കുന്ന  പോലെ ആരുമെന്നെ  കേൾക്കുന്നില്ല  മാഡം  എന്ന്. കുട്ടികൾക്കു  വേണ്ടത്  അൽപ്പം  കരുണയാണ് .  അതവരുടെ  അവകാശമാണ്  അത്  നിഷേധിക്കുന്നവർ  മാപ്പർഹിക്കുന്നില്ല

കുഞ്ഞുങ്ങളെ വളർത്തുക  എന്നത്  തപസ്സിനു  തുല്യമായ  ഒരു പ്രവർത്തിയാണ് . അത്  നമ്മളിൽ  സ്നേഹവും  ക്ഷമയും  സഹനവും  പതിന്മടങ്ങാക്കും.   വിവാഹബന്ധത്തിൽ  ഭാര്യയ്ക്കും  ഭർത്താവിനും  കുഞ്ഞുങ്ങളെ  വളർത്തുന്നതിൽ തുല്യ  ഉത്തരവാദിത്തമാണുള്ളത്  എങ്കിലും  ഒരു  സ്ത്രീയായത്  കൊണ്ടും,   ഭർത്താവ്   നേരത്തെ  മരിച്ചിട്ടും  രണ്ട്‌  മക്കൾക്ക്  വേണ്ടി ജീവിതം  മുഴുവൻ  പൊരുതി  ജയിച്ച  അമ്മയുടെ  മകളായത്  കൊണ്ടും , ഞാൻ  വിശ്വസിക്കുന്നു  പുരുഷന്റെ   സഹായം  ഇല്ലെങ്കിലും  മക്കളെ  വളർത്താൻ , നല്ല  പൗരന്മരാക്കാൻ  സ്ത്രീക്ക്  കഴിയും . കഴിവില്ലാത്തവർ  , മനസ്സില്ലാത്തവർ  പ്രസവിക്കരുത്.

ഇന്നത്തെ  കാലഘട്ടത്തിൽ  വിവാഹേതര  ബന്ധങ്ങൾ  സാധാരണ വിഷയമായിരിക്കുന്നു . ഏത്  പ്രായത്തിലും  ആർക്കും  ആരെയും  പ്രണയിക്കാം  കൂടെ  പോകാം  എന്നൊക്കെ  ഭൂരിഭാഗം  ആളുകളും സമ്മതിക്കുമ്പോൾ , ഈ കുഞ്ഞുങ്ങളെ  എന്ത്  ചെയ്യണം  എന്ന്  കൂടെ  പറയൂ  ഇല്ലെങ്കിൽ  ഇനിയും  കുഞ്ഞുങ്ങളെ  തിരക്കുള്ള  ഇടങ്ങളിൽ  നിർത്തി  ഇപ്പൊ  വരാം  എന്ന് പറഞ്ഞു  അമ്മമാർ  കാമുകനൊപ്പം   പോയെന്നിരിക്കും, ഉറങ്ങികിടക്കുന്ന  കുഞ്ഞിനെ തലക്കടിച്ചു  കൊന്നെന്നിരിക്കും  അല്പാല്പം  ആയി  എലി  വിഷം  കൊടുത്തെന്നിരിക്കും, തന്നെ  മടുക്കുമ്പോൾ  ഒരു  മാറ്റത്തിനു  വേണ്ടി  കാമുകന്  ഭോഗിക്കാൻ   കൂട്ടുനിന്നെന്നിരിക്കും  കാരണം  അവിഹിതം  മറ്റേത്  ലഹരിയേക്കാളും  അപകടം  പിടിച്ചതാണ്  അതിന്  വേണ്ടി  മനുഷ്യർ  എന്തും  ചെയ്തെന്നിരിക്കും.

 ഇനിയും  കുഞ്ഞുങ്ങൾ  അപകടത്തിൽപെടാതിരിക്കാൻ  സമൂഹത്തിനു  ഒന്നേ  ചെയ്യാനുള്ളു  കല്യാണം  കഴിയുമ്പോഴേക്കും  “വിശേഷം  ഒന്നും  ആയില്ലേ  “എന്ന  ചോദ്യവും  “അവനെ  കൊണ്ട്  ഒന്നിനും  കൊള്ളില്ല ” എന്നുള്ള  പറച്ചിലും   ഗർഭം  ധരിപ്പിക്കാനുള്ള  കഴിവല്ല  പുരുഷന്റെ  മഹത്തായ  ആണത്തം  എന്ന്  മനസ്സിലാക്കുകയും. അത്രയ്ക്ക്  ആഗ്രഹം  ഉണ്ടെങ്കിൽ മാത്രം  പ്രസവിക്കട്ടെ  ഇല്ലെങ്കിൽ  വേണ്ട  എന്ന്  തീരുമാനിക്കാനുള്ള  ദമ്പതികളുടെ  തീരുമാനത്തെ  അംഗീകരിക്കുകയും  ചെയ്യുക  എന്നത്
മാത്രമാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close