Latest NewsNewsTechnology

മനുഷ്യകുലത്തിന് അനുഗ്രഹവുമായി മാറുന്ന നിര്‍മ്മിതബുദ്ധിയുടെ അത്ഭുതങ്ങള്‍ ഇന്ന് നമുക്ക് സുപരിചിതമെങ്കിലും (വീഡിയോ കാണാം) വരാനിരിക്കുന്ന നാളുകള്‍ മനുഷ്യരാശിയുടെ സര്‍വ നാശത്തിലേക്കാകാം

ന്യൂസ് ഡസ്ക്

The development of full artificial intelligence could spell the end of human race -Stephen Hawking!

നിര്‍മിത ബുദ്ധി മനുഷ്യരെ അതിജയിക്കുകയും മനുഷ്യകുലത്തിന്റെ തന്നെ സര്‍വനാശത്തിലേക്കിത് വഴിവെക്കുമെന്നും വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. അതെന്തായാലും ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് സുപരിചിതമായ ഒരു വാക്കായി നമുക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ലോകം മുഴുവൻ കൊറോണ വൈറസ് പോലൊരു അത്യാഹിതം നേരിട്ടുകൊണ്ടിരിക്കെ സഹായത്തിനായി യന്ത്രമനുഷ്യരുടെ സഹായം തേടുന്ന മനുഷ്യസമൂഹത്തെ നമ്മൾ അടുത്തിടെയാണ് കണ്ടത്. റേബോട്ടിക് സാങ്കേതിക വിദ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ചൈനയിലും അമേരിക്കയിലും ഏകാന്തവാസത്തിലുള്ള കൊറോണ ബാധിതരെ ശുശ്രൂഷിക്കാനും അവർക്ക് ഭക്ഷണമെത്തിക്കാനും നിർമിതബുദ്ധി റോബോട്ടുകളെ ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വിമാനയാത്രക്കാരെ പാർപ്പിച്ചിരിക്കുന്ന ഹാങ്ഷോവിലെ ഒരു ഹോട്ടലിൽ നിന്നാണ് പീനട്ട് റോബോട്ടിന്റെ വീഡിയോ ചിത്രീകരിച്ചത്. 16 നിലയുള്ള ഈ ഹോട്ടലിൽ നിരവധി റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. വൈറസ് ബാധിതരായ മനുഷ്യരുമായി മറ്റുള്ളവർ ഇടപഴകുന്നത് കുറക്കുന്നതിനുവേണ്ടിയാണ് ഈ മാർഗം സ്വീകരിച്ചത്.

എന്തിരന്മാരുടെ ചരിത്രം കേവലം ഇരുപതാം നൂറ്റാണ്ട് മുതലാണ് ആരംഭിക്കുന്നതെങ്കിലും ലിയനാര്‍ഡോ ഡാവിഞ്ചിയും ഇസ്മായില്‍ അല്‍ ജസ്രിയുമൊക്കെ ഇത്തരമൊരു കോണ്‍സെപ്റ്റിന്റെ ആമുഖരൂപങ്ങള്‍ പരിചയപ്പെടുത്തിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1920 ല്‍ ചെക്ക് എഴുത്തുകാരനായ കാരെല്‍ കാപ്പക്ക് രചിച്ച ‘Rossum’s Universal Robots’ എന്ന നാടകത്തിലൂടെയാണ് റോബോട്ട് എന്ന വാക്കിന്റെ ഉദ്ഭവം. സയന്‍സ് ഫിക്ഷന്‍ രംഗത്തെ അതികായനായ ഐസക് അസിമോവ് ആണ് 1944ല്‍ റോബോട്ടുകളെ കുറിച്ചുള്ള പഠനശാഖയെ സൂചിപ്പിക്കുന്ന റോബോട്ടിക്‌സ് എന്ന വാക്കിന് തുടക്കം നല്‍കിയത്.

ടെര്‍മിനേറ്റര്‍, മെട്രോപോളിസ്, എന്തിരന്‍ തുടങ്ങിയ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടുവന്നിരുന്ന ഒരു റോബോട്ടിക് യുഗത്തിന്റെ തുടക്കത്തിലാണ് നാമിപ്പോള്‍ എത്തിനില്‍ക്കുന്നത്. ബഹിരാകാശ ഗവേഷണം, സമുദ്രാന്തരിക പര്യവേക്ഷണം, അപകട സാധ്യതയേറിയ ഖനനം തുടങ്ങി സങ്കീര്‍ണമായ മേഖലകളിലും ഉപയോഗപ്പെടുത്താവുന്ന റോബോട്ടുകളും വളരെ ലളിതവും നിത്യജീവിതത്തിന്റെ ഓരോ വശങ്ങളെയും സഹായിക്കുന്നതുമായ കുഞ്ഞു റോബോട്ടുകളും തുറക്കുന്നത് സാധ്യതകളുടെയും പുരോഗതിയുടെയും വാതിലുകളാണ് എന്നതിൽ തർക്കമില്ല.

സമകാലിക ലോകം നാലാമതൊരു വ്യാവസായിക വിപ്ലവത്തെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിലാണ്. നാലാം വ്യാവസായിക വിപ്ലവം റോബോട്ടുകള്‍, കൃത്രിമബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ വിപ്ലവാത്മകമായ ശാസ്ത്രീയ പുരോഗതികളുടെ കാലഘട്ടം ആയിരിക്കുമെന്നാണ് സാങ്കേതികവിദഗ്ധരുടെ നിരീക്ഷണം. അതിനേക്കാളുപരി മനുഷ്യര്‍ പോലും ഇത്തരം റോബോട്ടിക് സംവിധാനങ്ങളുടെ കൈകളില്‍ ഒതുങ്ങുന്ന അതിയന്ത്രവല്‍കരണത്തിന്റെ യുഗം പിറക്കുമോ എന്നും സംശയിക്കപ്പെടുന്നു.

റോബോവല്ക്കരണം അതിവിശാലവും വിപ്ലവാത്മകവുമായ പുരോഗതികളുടെയും അവസരങ്ങളുടെയും ലോകം പണിതെടുക്കുമ്പോഴും അത്തരമൊരു മേഖലയുടെ വളര്‍ച്ച ആധുനിക ലോകക്രമത്തിലും സമ്പദ് വ്യവസ്ഥയിലും സാംസ്‌കാരിക വ്യവഹാരങ്ങളിലും വലിയ പ്രത്യാഘാതങ്ങള്‍ക്കും കാരണമായിത്തീരുന്നുണ്ട്. പ്രധാനമായും റോബര്‍ട്ടിക്‌സിന്റെയും കൃത്രിമ ബുദ്ധിയുടെയും വളര്‍ച്ച പ്രതികൂലമായി സ്വാധീനിക്കുന്നത് മനുഷ്യവിഭവശേഷിയെയും മനുഷ്യാധ്വാനത്തെയുമാണ്. കാരണം, വരാന്‍ പോകുന്നതും ഇപ്പോള്‍ വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാങ്കേതിക വിദ്യകളെല്ലാം തന്നെ മനുഷ്യാധ്വാനത്തിനു പകരമായി കൂടുതല്‍ കൃത്രിമ ബൗദ്ധിക സംവിധാനങ്ങളെ വിഭാവനം ചെയ്യുന്നതും മനുഷ്യവിഭവശേഷിയെയും മനുഷ്യാധ്വാനത്തെയും വെല്ലുവിളിക്കുന്നവയുമാണ്. വ്യവസായ രംഗത്തും നഗരകേന്ദ്രീകൃത തൊഴില്‍മേഖലകളിലും എന്നു തുടങ്ങി എല്ലാ മേഖലകളിലുമുള്ള റോബോവല്‍കരണം ഉണ്ടാക്കിത്തീര്‍ക്കുന്നത് ഭീകരമായ തൊഴില്‍നഷ്ടങ്ങളാണ്. ഹ്യൂമനോയിഡുകളുടെ നിര്‍മാണവും പൗരത്വഅംഗീകാരങ്ങളും നിയമപരമായ വലിയ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഇവിടെയാണ് ഒരുവശത്ത് സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ഞൻ പീനട്ട് റോബോയ്ക്ക് നമ്മൾ കൈയ്യടി കൊടുക്കുമ്പോഴും മറുവശത്ത് സ്റ്റീഫൻ ഹോക്കിംഗ്സിന്റെ മുൻവിധിയെ ഒട്ടൊരു വലിയ ആശങ്കയോടെ നോക്കിക്കാണുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button