Kerala

നാല് വര്‍ഷത്തില്‍ സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും പുനര്‍നിര്‍മ്മിച്ചുവെന്ന് മന്ത്രി ജി.സുധാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു വര്‍ഷമാകുമ്പോള്‍ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും 4000 സര്‍ക്കാര്‍ കെട്ടിടങ്ങളും പുനര്‍ നിര്‍മ്മിക്കുകയും പുതിയതായി നിര്‍മ്മിക്കുകയും ചെയ്തുവെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പൊടിയാടി ജംഗ്ഷനില്‍ കിഫ്ബി പ്രവര്‍ത്തികളുടെ ആദ്യ സംരംഭമായ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയുടെ ആദ്യഘട്ടമായ അമ്പലപ്പുഴ- പൊടിയാടി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലയില്‍ മാത്രമായി 32 പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മ്മാണ ചരിത്രത്തില്‍ ഇടംനേടിയ പാതയാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത. അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച പാതയില്‍ നടപ്പാതകളും നാലു ബസ് സ്‌റ്റോപ്പുകളും 50 സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതില്‍ വീഴ്ച്ചകള്‍ വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷമായി പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണു നടത്തിവരുന്നതെന്നു മാത്യു ടി തോമസ് എം.എല്‍ എ പറഞ്ഞു. തിരുവല്ല നിയോജക മണ്ഡലത്തില്‍തന്നെ അനവധി പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുകയും പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ സഹകരണം നാടിന്റെ വികസനത്തിന് ആവശ്യമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ (ഹൈവേ) അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സര്‍ക്കാരിന്റെ 2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ ആദ്യ അംഗീകാരം ലഭിച്ച പദ്ധതിയാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത. പാതയുടെ ആദ്യഘട്ടം അമ്പലപ്പുഴ മുതല്‍ തിരുവല്ല നിയോജക മണ്ഡലത്തിലെ പൊടിയാടി വരെയുള്ള 22.56 കിലോമീറ്റര്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണു പൂര്‍ത്തീകരിച്ചിരിക്കുന്നത്. 70.75 കോടി രൂപയാണ് ആദ്യഘട്ട നിര്‍മ്മാണ ചെലവ്. ‘പുതിയ കാലം പുതിയ നിര്‍മ്മാണം’ എന്ന ആശയം ഉള്‍ക്കൊണ്ട് റബര്‍, പ്ലാസ്റ്റിക്ക്്, കയര്‍ ഭൂവസ്ത്രം, കോണ്‍ക്രീറ്റ് ഡക്റ്റുകള്‍ എന്നിവ ഉപയോഗിച്ച് ബി.എം-ബി.സി റോഡാണു നിര്‍മ്മിച്ചിരിക്കുന്നത്. പാതയുടെ രണ്ടാം ഘട്ടത്തില്‍ പൊടിയാടി മുതല്‍ തിരുവല്ല വരെയുള്ള റോഡാണു പുനര്‍നിര്‍മ്മിക്കുന്നത്. 86 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ശബരിമലയിലേക്കുള്ള ഏക സംസ്ഥാന പാതയാണു തിരുവല്ല-അമ്പലപ്പുഴ റോഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button