KeralaLatest NewsNews

വിവാദങ്ങള്‍ കത്തിനില്‍ക്കെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ മുന്‍കൂര്‍ പൈസ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദങ്ങള്‍ കത്തിനില്‍ക്കെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ 1.70 കോടി രൂപ മുന്‍കൂര്‍ അനുവദിച്ച് സര്‍ക്കാര്‍. പവന്‍ ഹംസ് ലിമിറ്റഡില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ വാടകയ്‌ക്കെടുക്കുന്നതിന് 1.44 കോടി രൂപ മുന്‍കൂറായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ‘എഎസ് 365 ഡൗഫിന്‍ എന്‍’ ഹെലികോപ്റ്റര്‍ ഉപയോഗിക്കാനാണ് മാസവാടക ഇനത്തില്‍ 1,44,60,000 രൂപ അനുവദിച്ചത്. നേരത്തേ ടെന്‍ഡര്‍ വിളിക്കാതെ പവന്‍ഹംസില്‍നിന്ന് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചതും ഉയര്‍ന്നവാടകയും വിവാദമായിരുന്നു.

കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയര്‍ന്ന നിരക്കു പറഞ്ഞ കമ്പനിയുടെ കോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്‌സണ്‍ ഏവിയേഷന്‍ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകള്‍ വാടകയ്ക്കു നല്‍കാമെന്ന് സമ്മതിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

ഹെലികോപ്റ്റര്‍ സര്‍ക്കാരിന് മാസത്തില്‍ 20 മണിക്കൂര്‍ പറപ്പിക്കാം. അതിലേറെ പറന്നാല്‍ ഓരോ മണിക്കൂറിനും 75,000 രൂപ വീതം നല്‍കണം. അറ്റകുറ്റപ്പണിയുടെയും ഇന്ധനത്തിന്റെയും ചെലവ് കമ്പനി വഹിക്കും. വിദേശ പരിശീലനം നേടിയ രണ്ടുപൈലറ്റുമാരെയാണ് പവന്‍ഹംസ് ഒരു ഹെലികോപ്റ്ററില്‍ നിയോഗിക്കുന്നത്. വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്റ്റര്‍ പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും.

പ്രകൃതിക്ഷോഭ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നക്സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനുമാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടിയിലും അതിവേഗത്തിലാണ് ഹെലികോപ്ടര്‍ പദ്ധതിക്കുള്ള കരാറുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്തത രക്ഷാ പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button