KeralaLatest NewsNews

കണ്ണടച്ച് ഇരുട്ടാക്കിയുളള പ്രസ്താവനകള്‍ക്ക് ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലാണ് സ്ഥാനം; വി മുരളീധരന്‍

തിരുവനന്തപുരം: കണ്ണടച്ച് ഇരുട്ടാക്കിയുളള പ്രസ്താവനകള്‍ക്ക് ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലാണ് സ്ഥാനമെന്ന് വി മുരളീധരന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയ ദിവസം കരിദിനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് വി മുരളീധരന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത് എന്ന തലക്കെട്ടോടെയാണ് മുരളീധരന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം.

ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയ ദിവസം കരിദിനമാണെന്ന അങ്ങയുടെ പ്രസ്താവന കണ്ടു. അമേരിക്കന്‍ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും ലോകത്തിനുമുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്ന് അങ്ങ് പറഞ്ഞതായും അറിഞ്ഞു. ഇതുകേട്ടപ്പോള്‍ ഒരേ പോലെ ചിരിയും വേദനയും തോന്നി. അങ്ങേത് ലോകത്തിലാണ് ജീവിക്കുന്നതെന്നോര്‍ത്താണ് ചിരി വന്നത്. കേരളാ മുഖ്യമന്ത്രിയെങ്കിലും ആനുകാലിക ആഗോള സാഹചര്യങ്ങള്‍ സംബന്ധിച്ച അങ്ങയുടെ അജ്ഞതയാണ് ഏറെ വേദനിപ്പിച്ചത്. കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ മാത്രം മന:പാഠമാക്കി ഉരുവിടുന്ന അങ്ങിതു പറഞ്ഞതില്‍ വലിയ അതിശയമൊന്നും തോന്നിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ടെന്ന പരാര്‍മശം അങ്ങയുടെ അണികളെ ഹരം കൊളളിച്ചിരിക്കാം. എന്നാല്‍ സത്യമറിയാവുന്ന രാജ്യത്തെ കോടാനുകോടി ജനങ്ങള്‍ അങ്ങയെ പുച്ഛിക്കുമെന്ന് ഉറപ്പാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതെന്നോര്‍ക്കണം. സത്യത്തിന് മുന്നില്‍ അങ്ങ് കണ്ണ് എത്ര ഇറുക്കിയടച്ചാലും അസത്യമാകില്ല. എത്ര പുലഭ്യം പറഞ്ഞാലും യാഥാര്‍ഥ്യം കടല്‍ കടക്കില്ലെന്നും മുരളീധരന്‍ പറയുന്നു.

മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബഹു. കേരള മുഖ്യമന്ത്രിക്ക്,

അങ്ങേക്ക് സുഖമെന്നു കരുതുന്നു. ഏറെ തിരക്കുണ്ടെന്നറിയാം. അതിനാല്‍ നേരിട്ട് കാര്യത്തിലേക്ക് കടക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയ ദിവസം കരിദിനമാണെന്ന അങ്ങയുടെ പ്രസ്താവന കണ്ടു. അമേരിക്കന്‍ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും ലോകത്തിനുമുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്ന് അങ്ങ് പറഞ്ഞതായും അറിഞ്ഞു.
ഇതുകേട്ടപ്പോള്‍ ഒരേ പോലെ ചിരിയും വേദനയും തോന്നി. അങ്ങേത് ലോകത്തിലാണ് ജീവിക്കുന്നതെന്നോര്‍ത്താണ് ചിരി വന്നത്. കേരളാ മുഖ്യമന്ത്രിയെങ്കിലും ആനുകാലിക ആഗോള സാഹചര്യങ്ങള്‍ സംബന്ധിച്ച അങ്ങയുടെ അജ്ഞതയാണ് ഏറെ വേദനിപ്പിച്ചത്.

കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ മാത്രം മന:പാഠമാക്കി ഉരുവിടുന്ന അങ്ങിതു പറഞ്ഞതില്‍ വലിയ അതിശയമൊന്നും തോന്നിയില്ല.
കേരള മുഖ്യമന്ത്രിയായ അങ്ങയോട് മാറിയ ലോകസാഹചര്യത്തില്‍ ചില കാര്യങ്ങള്‍ പറയാതിരിക്കാനാകില്ല. അല്ലെങ്കില്‍ ചരിത്രത്തിനുമുന്നിലും വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നിലും വാതില്‍ കൊട്ടിയടക്കുന്നതുപോലെയാകും. ആഗോളതലത്തില്‍ ലോകരാജ്യങ്ങള്‍ പരസ്പരം ചിന്തിക്കുകയും സഹവര്‍ത്തിത്വം തുടരുകയും ചെയ്യുന്ന കാലമാണിത്. അത്തരമൊരിടത്ത് കാലഹരണപ്പെട്ട ചേരിചേരാനയം പറഞ്ഞ് ഒരു രാജ്യത്തിനും തുടരാനാകില്ല. അത് ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ ഒറ്റപ്പെടുന്നതിന് തുല്യമാണ്. അങ്ങനെ പുറം തിരിഞ്ഞുനിന്നവരുടെ അധോഗതി ചരിത്രം പലവട്ടം എഴുതിയിട്ടുണ്ട്. പഴയ പ്രതാപത്തിന്റെയും ചിതലരിച്ച പ്രത്യയശാസ്ത്രത്തിന്റെയും ഹാങ് ഓവറിലാണ് അങ്ങ് ഇങ്ങനെയൊക്കെ പറയുന്നതെന്നറിയാം. പക്ഷേ ഇടയ്‌ക്കെപ്പോഴെങ്കിലും ഒറ്റയ്ക്കിരിക്കുമ്‌ബോള്‍ മാറിയ ലോകക്രമത്തെക്കുറിച്ചുകൂടി മനസിലാക്കാന്‍ അങ്ങ് ശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ടെന്ന പരാര്‍മശം അങ്ങയുടെ അണികളെ ഹരം കൊളളിച്ചിരിക്കാം. എന്നാല്‍ സത്യമറിയാവുന്ന രാജ്യത്തെ കോടാനുകോടി ജനങ്ങള്‍ അങ്ങയെ പുച്ഛിക്കുമെന്ന് ഉറപ്പാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതെന്നോര്‍ക്കണം. സത്യത്തിന് മുന്നില്‍ അങ്ങ് കണ്ണ് എത്ര ഇറുക്കിയടച്ചാലും അസത്യമാകില്ല. എത്ര പുലഭ്യം പറഞ്ഞാലും യാഥാര്‍ഥ്യം കടല്‍ കടക്കില്ല.

മോദി ഒറ്റപ്പെട്ടെന്ന് കണ്ണടച്ച് വീമ്ബിളക്കുമ്‌ബോള്‍ ,പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ആരാണ് ഒറ്റപ്പെട്ടുപോയതെന്ന യാഥാര്‍ഥ്യത്തിന് കൂടി അങ്ങ് മറുപടി പറയണം. അവിടെയൊക്കെ ചവിട്ടി നില്‍ക്കാന്‍ ഒരു തരിമണ്ണുപോലുമില്ലാതെ അങ്ങയുടെ പ്രിയ സഖാക്കന്‍മാര്‍ നട്ടം തിരിയുന്നത് അങ്ങ് കണ്ടില്ലെന്നാണോ? ഓരോരുത്തരും ചെയ്യുന്നതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കുമെന്നത് ചരിത്രം തരുന്ന പാഠമാണ്. അത് വ്യക്തിയായാലും പ്രസ്ഥാനമായാലും. നല്ലതു ചെയ്തതുകൊണ്ടാണ് നരേന്ദ്ര മോദിയെ ജനങ്ങള്‍ വീണ്ടും അധികാരത്തിലേറ്റിയത്. ലോകരാജ്യങ്ങള്‍ ആദരവോടെ ആനയിക്കുന്നത്. രാഷ്ട്രത്തലവന്‍മാര്‍ ഇന്ത്യയുടെ ആതിഥ്യം നിറമനസോടെ സ്വീകരിക്കുന്നത്. പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്നിട്ടും ജനമനസ് തിരിച്ചറിയാനാകാതെ പോയതുകൊണ്ടാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ജനങ്ങള്‍ നിങ്ങളെ പടിയടച്ച് പിണ്ഡം വെച്ചത് . ആ ചരിത്രത്തിന്റെ ആവര്‍ത്തനത്തിനാണ് നാളെ കേരളവും കാത്തിരിക്കുന്നത്. ഇന്ത്യയുടെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ അവസാന മുഖ്യമന്ത്രിയെന്ന സ്ഥാനമാകും ഭാവി ചരിത്രം താങ്കള്‍ക്ക് കല്‍പ്പിച്ചു തരിക.

ഇന്ത്യയുടെയും മോദി സര്‍ക്കാരിന്റെയും നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെയാണ് അമേരിക്കയടക്കമുളള ലോകരാജ്യങ്ങളുമായി മെച്ചപ്പെട്ട സൗഹൃദം നിലനിര്‍ത്തുന്നതും കരാറുകളില്‍ ഏര്‍പ്പെടുന്നതും. രാജ്യത്തിന്റെയും സുസ്ഥിരതയും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. അതിര്‍ത്തി കടന്നുവരുന്ന തീവ്രവാദത്തെ ചെറുക്കാന്‍ രാജ്യാന്തര സൈനിക തലത്തിലെ സഹകരണവും ഇന്ത്യക്കാവശ്യമാണ്. ഒപ്പം വ്യവസായ – വാണിജ്യ ഭൂപടത്തില്‍ നമ്മുടെ രാജ്യത്തെ മുന്‍പന്തിയിലെത്തിക്കാനാണ് ശ്രമം. ഒപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വഴിയൊരുക്കണം.
യാഥാര്‍ഥ്യം ഇതാണെന്നരിക്കെ കണ്ണടച്ച് ഇരുട്ടാക്കിയുളള അങ്ങയുടെ പ്രസ്താവനകള്‍ക്ക് ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലാണ് സ്ഥാനമെന്നോര്‍ക്കണം. തിരിച്ചറിവുളള ജനം യാഥാര്‍ഥ്യം തിരിച്ചറിയുന്നുണ്ട്.

അങ്ങയുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു

വിശ്വസ്തതയോടെ,
വി. മുരളീധരന്‍

https://www.facebook.com/VMBJP/photos/a.657264164369616/2755801311182547/?type=3&__xts__%5B0%5D=68.ARBEIGza35Muh9OkyQdoJv6SXgVXzcIU9vL4OToaYPs83nuv6e_nfIjiJ38GPt9vRxLB6phITqF7sQPwBhhTvfuk3IOj95n4SAbYx7TQsCM3ZLjYCf1snH2waHomHiEv5U31Ui5fnEwQ2plhBe29m0wueb0o6SA7h7khAZ-rDjHONiCw6XRhLTiQ9Uq8yBc1aM2-aZgZbQJLq18q1DsMs4enDU7qlJ8ckSoc5QX0baSNhbysu2PO2HPHxcvE7ysIb29Kc9DrKx-mg7wyHyYeAb8a6X0837FZQnqyfxZppK_ZOaflBVM3zsubuaZ8SNOVZdFtMo8dnX1mjGZRKAue89SBvg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button