Latest NewsNewsEditorial

ദേശീയ ശാസ്ത്രദിനമായി ഇന്ന് ആഘോഷിക്കപ്പെടുമ്പോള്‍: ജീവിതത്തോട് ഒരു ശാസ്ത്രീയ പരീക്ഷണവും ശാസ്ത്രത്തോട് ഒരു ജീവിത ശൈലിയും ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്

കുലീനമായ ഒരു ശാസ്ത്രപാരമ്പര്യം നമ്മുടെ ഭാരതത്തിനുണ്ട്. പാശ്ചാത്യലോകത്തെ ചില സംസ്കാരങ്ങള്‍ രൂപപ്പെട്ടു തുടങ്ങുമ്പോള്‍ അതിനേക്കാള്‍ വളരെ മുമ്പേ ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ച ഒരു മികച്ച സംസ്കാരം നമ്മുടെ ഭാരതത്തിന് ഉണ്ടായിരുന്നുവെന്നത് അഭിമാനാര്‍ഹമാണ്. ഇന്ത്യയില്‍ ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കപ്പെടുന്ന ഇന്ന് പ്രാചീനഭാരതത്തിൽ തുടങ്ങി ആധുനികതയിലും ഉത്തരാധുനികതയിലും ഭാരതം ഉദാത്തമായ ശാസ്ത്രപാരമ്പര്യം തുടരുന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കേണ്ടത് കൂടിയാണ്.

നമ്മുടെ ജീവിതത്തിന്റെ അതിരുകളെ വിശാലമാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് കണക്കിലെടുത്താണ് എല്ലാ വർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. ശാസ്ത്രരംഗത്തെ ഇന്ത്യയുടെ ആദ്യ നോബൽ ജേതാവ്‌ സി. വി രാമൻ അദ്ദേഹത്തിന് നോബൽ നേടിക്കൊടുത്ത രാമൻപ്രഭാവം കണ്ടെത്തിയത് 1928 ഫെബ്രുവരി 28നായിരുന്നു. സ്‌ത്രീകള്‍ ശാസ്‌ത്രത്തില്‍ എന്നതാണ്‌ ഈ വര്‍ഷത്തെ ശാസ്‌ത്ര ദിനത്തിലെ മുദ്രാവാക്യം.നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞനാണ്‌ ഡോ. സി വി രാമന്‍ എന്ന ചന്ദ്രശേഖര വെങ്കട രാമന്‍. അദ്ദേഹം കണ്ടുപിടിച്ച സിദ്ധാന്തം രാമന്‍ ഇഫക്ട്‌ എന്ന പേരില്‍ വിഖ്യാതമായി. രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. ഇന്ത്യയുടെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശാസ്ത്രാവബോധം രാമനിലൂടെ പുറംലോകം അറിയുകയായിരുന്നു.

ആദി കാലം മുതല്‍ക്കേ ഭാരതീയ ശാസ്ത്രജ്ഞന്‍മാരുടെ സംഭാവനകളെ കുറിച്ച് പല വിദേശ ഗ്രന്ഥങ്ങളിലും സൂചനകളുണ്ട്. സംഗമ മാധവന്റെ സംഭാവനകളെകുറിച്ച് ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിദേശങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. യൂറോപ്പില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് അനേകം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതത്തില്‍ സര്‍വകാശാലകള്‍ സ്ഥാപിതമായി. നളന്ദ, തക്ഷശില, വിക്രമശില, പുഷ്പഗിരി, സോമപുര ,ഉജ്ജയനി , മഥുര , കന്യാകുബ്ജം , പുഷ്ക്കലാവതി , ഓടാന്തപുരി , കാഞ്ചി ,വല്ലഭി , ജഗദ്ദല , ശാരദ പീഠം , വിക്രമ ശില , വിക്രംപുർ , കാന്തല്ലൂർ , നവ ദ്വീപം , മിഥില , തെൽഹാരം എന്നിവ ഭാരതത്തിന്റെ യശസ്സ് ലോകമാകമാനം പരത്തിയ പുരാതന സര്‍വകലാശാലകളായിരുന്നു. ഗണിതം, ഭൗതികം, രസതന്ത്രം, ജ്യോതിശാസ്ത്രം, ആയുര്‍വേദം തുടങ്ങിയ വിഷയങ്ങള്‍ ഇവിടെ പഠിപ്പിച്ചിരുന്നു. വിദേശങ്ങളിൽ നിന്നും പതിനായിരക്കണക്കിനു വിദ്യാർത്ഥികൾ ഇവിടെ വിദ്യ അഭ്യസിക്കാനെത്തിയിരുന്നു.

പ്രാചീന ഭാരതം ലോകശാസ്ത്രത്തിനു നല്കിയ സംഭാവനകൾ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ ധാരാളമുണ്ട്. ആര്യഭടന്റെ ആര്യഭടീയവും (ജ്യോതിശാസ്ത്രം) വരാഹമിഹിരന്റെ കൃഷിശാസ്ത്രവും, കണാദന്റെ വൈശേഷികസൂത്രവും (ഭൗതികശാസ്ത്രം) ഇതിനുദാഹരണങ്ങളാണ്. പൂജ്യവും ദശഗണിതവ്യവസ്ഥയും (Decimal system) ഭാരതം ലോകത്തിന് നല്‍കിയ മികച്ച ഗണിതശാസ്ത്ര സംഭാവനകളായി കരുതപ്പെടുന്നു. കേരളീയനും നിള സ്‌കൂളിന്റെ സ്ഥാപകനുമായ മാധവനും കൂട്ടരുമാണ്, ന്യൂട്ടനും ലീബ്‌നിറ്റിസിനും 300 വര്‍ഷം മുമ്പ്,  കാല്‍ക്കുലസെന്ന ഗണിതശാഖയുടെ അടിസ്ഥാന തത്വങ്ങളും പ്രമേയങ്ങളും കണ്ടുപിടിച്ചത്. കാല്‍ക്കുലസിന്റെ ശില്പിയായി മാധവനെ കണക്കാക്കണം.

ആറാം നൂറ്റാണ്ടില്‍ വരാഹമിഹിരന്‍ പ്രകാശത്തിന്‍റെ പ്രതിഫലനത്തെ (കിരണവിഘട്ടനം മൂര്‍ച്ചന്നാ) എന്ന് നാമകരണം ചെയ്ത് പഠനം നടത്തിയിരുന്നു. യാത്രിവ്രഷഭാസന്‍റെ ( എ.ഡി. ആറാം) തില്ല്യോണചതി എന്ന ഗ്രന്ഥത്തില്‍ ദൂരവും സമയവും അളക്കുതിനുള്ള വ്യക്തമായ അളവുകോലുകള്‍ ഉണ്ടാക്കിയിരുന്നു. ന്യൂട്ടന്‍റെ കണ്ടെത്തലുകള്‍ക്ക് മുമ്പ് തന്നെ പ്രശ്നപാദന്‍ ഇവയെല്ലാം കണ്ടെത്തിയിരുന്നു. എ.ഡി. 10-ാം നൂറ്റാണ്ടില്‍ ശ്രീധരന്‍ എന്ന പണ്ഡിതന്‍ പ്രശ്നപാദന്‍റെ കണ്ടെത്തലുകള്‍ എല്ലാം ക്രോഡീകരിക്കുകയുണ്ടായി. എ.ഡി. 12-ാം നൂറ്റാണ്ടില്‍ ഭാസ്കരാചാര്യന്‍ തന്‍റെ മൂന്ന് പ്രസിദ്ധ ഗ്രന്ഥങ്ങളായ സിദ്ധാതാ, ശിരോമണി, ഗാനിത്ഥ്യാ എന്നിവയില്‍ ഗണിതസൂത്രവാക്യങ്ങള്‍ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. അവയില്‍ ഒന്നില്‍ പ്രവേഗത്തിന്‍റെ സമവാക്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഭൗതികത്തില്‍ നൊബേല്‍ സമ്മാനം നേടിയ സര്‍ സി.വി. രാമനും, വിദ്യുത്കാന്തിക തരംഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ജെ.സി. ബോസും, പ്രശസ്ത സസ്യശാസ്ത്രജ്ഞയായ ഇ.കെ. ജാനകിയമ്മാളും, അണുശക്തി ഗവേഷണം ഇന്ത്യയില്‍ ആരംഭിച്ച ഹോമി ഭാഭയും, ബഹിരാകാശപദ്ധതിയുടെ ആചാര്യനായ വിക്രം സാരാഭായിയും, ഗണിതത്തില്‍ അത്ഭുതങ്ങള്‍ വിരിയിച്ച ശ്രീനിവാസ രാമാനുജനും ഭൗതികത്തില്‍ ‘ചന്ദ്രശേഖര്‍ പരിധി’ (Chandrasekhar limit) നിര്‍ണയിച്ച സുബ്രഹ്മണ്യം ചന്ദ്രശേഖറും, ഇന്ത്യയുടെ ‘മിസൈല്‍ മനുഷ്യനായ’ എ.പി.ജെ. അബ്ദുള്‍ കലാമും, ജ്യോതിശാസ്ത്രരംഗത്ത് ലോകോത്തര സംഭാവനകള്‍ നല്‍കിയ ജയന്ത് നര്‍ലിക്കറും ആധുനിക ശാസ്ത്രപുരോഗതിക്ക് വഴി തെളിച്ച മഹാപ്രതിഭകളാണ്.

പ്രകൃതിയെ പരിപോഷിപ്പിക്കാനുള്ള ‘മാതാ ഭൂമി പുത്രോഹം പൃഥിവ്യാം’ എന്ന സങ്കല്‍പ്പത്തോടെ അമ്മയെ സേവിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹമായിരുന്നു ഭാരതീയ ശാസ്ത്രലോകത്തെ നയിച്ചിരുന്നത്. ജീവിതത്തോട് ഒരു ശാസ്ത്രീയ പരീക്ഷണവും ശാസ്ത്രത്തോട് ഒരു ജീവിതശൈലിയും ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്.

shortlink

Post Your Comments


Back to top button