Latest NewsUAENewsGulf

അപകട മരണം: പ്രവാസികൾക്ക് സാന്ത്വന സ്പർശമായി നോർക്ക ഇൻഷുറൻസ് കാർഡ്, 20 ലക്ഷം രൂപ വിതരണം ചെയ്തു

തിരുവനന്തപുരം•അപകടത്തിൽ മരണമടഞ്ഞ പ്രവാസി മലയാളികൾക്കുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. നോർക്ക റൂട്ട്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ ഇൻഷുറൻസ് തുകയായ രണ്ടു ലക്ഷം രൂപ വീതം 10 കുടുംബങ്ങൾക്ക് നൽകി. നോർക്ക റൂട്ട്സിനെ സംബന്ധിച്ചടത്തോളം പ്രവാസികളുടെ ഇത്തരം കാര്യങ്ങളിൽ ഇടപ്പെട്ട് സാന്ത്വനം നൽകുക എന്ന ഉത്തരവാദിത്വം കൂടി നിർവ്വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളുടെ ക്ഷേമം മുൻനിർത്തിയാണ് നോർക്ക റൂട്ട്സ് പ്രവർത്തിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡുള്ളവർക്കാണ് നിലവിൽ ഈ ആനുകൂല്യം. ആറു ലക്ഷത്തോളം പ്രവാസികൾ പദ്ധതിയിൽ അംഗങ്ങളാണ്. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദേശത്ത് ആറുമാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ, താമസിക്കുകയോ ചെയ്യുന്ന പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്കാണ് നോർക്കാ റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡിന് അർഹത. മൂന്ന് വർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി. പ്രസ്തുത കാർഡുടമകൾക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പുറമേ അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപവരെ ലഭിക്കും. പ്രവാസി തിരിച്ചറിയൽ കാർഡിന് www.norkaroots.org മുഖേന അപേക്ഷ സമർപ്പിക്കണം.

അപകട ഇൻഷുറൻസിന് പുറമെ കുവൈറ്റ് എയർവേയ്സിൽ യാത്രചെയ്യന്ന നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡുടമകൾക്കും കുടുംബാംഗങ്ങൾക്കും യാത്രാനിരക്കിൽ ഏഴ് ശതമാനം ഇളവ് ലഭിക്കും.

നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി.ജഗദീഷ്, ഹോം അറ്റസ്റ്റേഷൻ ഓഫീസർ വി. എസ്. ഗീതാകുമാരി, ഫിനാൻസ് മനേജർ നിഷാ ശ്രീധർ, പ്രോജക്ട്‌സ് അസിസ്റ്റന്റ് മാനേജർ റ്റി.സി. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരിൽ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button