KeralaLatest NewsIndia

മുസ്ലീം യൂത്ത് ലീഗിന്റെ ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരത്തില്‍ കടുത്ത എതിർപ്പ് , പങ്കെടുക്കാതെ രാഹുല്‍ ഈശ്വര്‍ മടങ്ങി

രാഹുല്‍ പങ്കെടുത്താല്‍ തടയുമെന്ന് നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറിയിച്ചു.

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഈശ്വര്‍ മടങ്ങി. ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. ഇന്നലെ വൈകിട്ടാണ് രാഹുല്‍ ഈശ്വര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഇന്നലെ വൈകിട്ട് തന്നെ കോഴിക്കോട് എത്തുകയും ചെയ്തു. എന്നാല്‍ രാഹുലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് ലീഗിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് അറിയിക്കുകയായിരുന്നു.

രാഹുല്‍ പങ്കെടുത്താല്‍ തടയുമെന്ന് നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറിയിച്ചു. ഇതോടെ പി.കെ ഫിറോസ് രാഹുല്‍ ഈശ്വറിനോട് പരിപാടിയില്‍ വരണ്ട എന്ന് അറിയിച്ചു. കോഴിക്കോടെത്തിയ രാഹുല്‍ പിന്നീട് മടങ്ങിപ്പോവുകയും ചെയ്തു.സംഘപരിവാര്‍ സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രാഹുല്‍ ഈശ്വറിനെ യൂത്ത് ലീഗ് സമരപരിപാടിയില്‍ ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്. തീവ്രഹിന്ദുത്വ നിലപാടുകള്‍ പുലര്‍ത്തുകയും നേരത്തെ ലൗവ്‌ ജിഹാദ്‌ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തയാളെ പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരത്തിലേക്ക് ക്ഷണിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.

പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിനു ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ഒരു മാസക്കാലമായി കോഴിക്കോട്‌ കടപ്പുറത്ത്‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ ‘ഷഹീന്‍ബാഗ്‌ സ്ക്വയര്‍’ സമരം നടത്തുകയാണ്. മുഖ്യ പ്രഭാഷണത്തിനായാണു രാഹുല്‍ ഈശ്വറിനെ ക്ഷണിച്ചിരുന്നത്.രാഹുല്‍ ഈശ്വറിന്റെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും അത്‌ വ്യാജ പ്രചാരണമാണെന്നും യൂത്ത്‌ലീഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ നജീബ്‌ കാന്തപുരം വ്യക്തമാക്കിയിരുന്നു.. ഇതിനു തൊട്ടുപിന്നാലെ നജീബ്‌ കാന്തപുരത്തെ തള്ളിക്കൊണ്ട്‌ സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്‌ തന്നെ രംഗത്തു വരികയും ചെയ്തു.

പൗരത്വ ബില്ലിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോഴെടുക്കുന്ന നിലപാട്. ഇതാണ് ക്ഷണിക്കാന്‍ കാരണമെന്നാണ് ഫിറോസ് പക്ഷത്തിന്റെ വിശദീകരണം. എന്നാല്‍ പൗരത്വബില്‍ മാത്രമായി വേറിട്ടു കാണേണ്ടതില്ലെന്നും സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്നവരെ എതിര്‍ക്കുക തന്നെ വേണമെന്നാണ് മറ്റു വിഭാഗത്തിന്റെ നിലപാട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button