Life Style

ഗര്‍ഭാവസ്ഥയില്‍ കൊറോണ ബാധിച്ചാല്‍.. ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസുകള്‍ സാധാരണ ജലദോഷം മുതല്‍ വളരെ മാരക രോഗങ്ങളായ, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (SARS) മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) മുതലായവ വരെ ഉണ്ടാക്കുന്ന ഒരു വൈറസ് കുടുംബത്തിലെ അംഗമാണ്. ഈ വൈറസുകള്‍ മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് വന്നു ചേര്‍ന്ന് അസുഖങ്ങള്‍ പകര്‍ത്തുന്ന, അഥവാ സൂണോട്ടിക് ഡിസീസ് (zoonotic disease) എന്ന പട്ടികയില്‍ പെടുന്ന രോഗങ്ങളാണ് ഉണ്ടാക്കുന്നത്.
സാധാരണമായി കൊറോണ വൈറസുകള്‍ ശ്വസനേന്ദ്രിയ വ്യൂഹത്തെയോ (respiratory tract) കുടലിനെയോ (enteric tract) ആണ് ബാധിക്കാറുള്ളത്.

ഇപ്പോള്‍ (2019 -ല്‍) ചൈനയില്‍ നിന്ന് ഉത്ഭവിച്ച് മറ്റു രാജ്യങ്ങളിലേക്കു പടര്‍ന്നു പിടിച്ചിരിക്കുന്ന നോവല്‍ കൊറോണ വൈറസ് (nCOV) അല്ലെങ്കില്‍ COVID-19 ഇതുവരെയുള്ള കണക്കു പ്രകരാം രോഗബാധിതരില്‍ 2% ആളുകളിലാണ് മരണകാരണം ആയിട്ടുള്ളത്. പക്ഷേ COVID-19 ഇപ്പോഴും നിയന്ത്രണ വിധേയം ആയിട്ടില്ലാത്തതിനാല്‍ കണക്കുകള്‍ ഇനിയും പൂര്‍ണമായിട്ടില്ല.

കൊറോണ വൈറസ് പൊതുവേ പടരുന്നത് രോഗബാധിതരായ ആളുകളുടെ ശ്വാസനാളിയിലെ സ്രവങ്ങള്‍ വഴിയാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന വളരെ ചെറിയ തുള്ളികളില്‍ ഒളിച്ചിരിക്കുന്ന വൈറസ് വളരെ എളുപ്പം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു. എന്നാല്‍ അമ്മയില്‍ നിന്നു ഗര്‍ഭാവസ്ഥയിലുള്ള ശിശുവിലേക്ക് അഥവാ ഭ്രൂണത്തിലേക്കുള്ള സംക്രമണം (Vertical transmission) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതുപോലെ തന്നെ അംനിയോട്ടിക് ദ്രവത്തിലോ (Amniotic fluid)മുലപ്പാലിലോ ഇതുവരെ കൊറോണ വൈറസിനെ കണ്ടെത്തിയില്ല. അതുകൊണ്ടുതന്നെ രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്കുള്ള സംക്രമണവും MERS, SARS & nCOV വൈറസ് ബാധയില്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പനി, ചുമ, ശ്വാസംമുട്ടല്‍, ശ്വാസ തടസ്സം, നെഞ്ചുവേദന എന്നിവയാണ് കൊറോണ വൈറസ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങള്‍. അസുഖം മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ ന്യൂമോണിയ, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(Severe Acute Respiratory Syndrome) വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുക എന്നിവ മുതല്‍ മരണം വരെ സംഭവിക്കാവുന്നതാണ്.
ഗര്‍ഭാവസ്ഥയില്‍ പൊതുവേ സംഭവിക്കുന്ന ശാരീരികമായ മാറ്റങ്ങളില്‍ പ്രതിരോധ ശക്തിയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗര്‍ഭിണികളില്‍ പൊതുവേ രോഗപ്രതിരോധ ശക്തി കുറവായിരിക്കുന്നതിനാല്‍ അവര്‍ ശ്വാസസംബന്ധമായ രോഗങ്ങള്‍ക്ക് പെട്ടെന്ന് വിധേയരാകുന്നു. അതുകൊണ്ടുതന്നെ SARS, MERS, nCOV(COVID-19) മുതലായ രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഗര്‍ഭിണികളില്‍ കൂടുതലാണ്. ഇത് SARS, MERS പകര്‍ച്ചവ്യാധികളുടെ സമയത്ത് വളരെ പ്രകടമായിരുന്നു. അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്കുള്ള സംക്രമണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഗര്‍ഭം അലസാനും (Abortion) കുട്ടി മരിക്കാനും (still birth) ഉള്ള സാധ്യതകള്‍ SARS ന്റെയും MERS ന്റെയും സമയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളിലുള്ള പനി ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകാം, കൂടാതെ മാസം തികയാതെ പ്രസവിക്കുക, വളര്‍ച്ചാകുറവ് മുതലായവയ്ക്കും ഇവ കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായ മുന്‍കരുതല്‍. അതുപോലെതന്നെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങള്‍ കൂടെക്കൂടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ഗര്‍ഭാവസ്ഥയില്‍ രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ കഴിവതും പൊതുസ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. അല്ലെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് (Mask) ഒരു ശീലമാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ടിഷ്യു പേപ്പര്‍ (tissue paper) അല്ലെങ്കില്‍ തൂവാല കൊണ്ട് മൂടുക. ടിഷ്യു പേപ്പര്‍ സുരക്ഷിതമായി കത്തിച്ചു കളയാവുന്നതാണ്. ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കൂടെക്കൂടെ കഴുകുക എന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button