Latest NewsNewsIndia

ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ ഏറ്റവും പുതിയ കണക്ക് പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടു. രാജ്യത്ത് പത്ത് പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 56 ആയി. സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ ആറ് പേർക്കും കർണാടകയിൽ നാല് പേർക്കുമാണ് രാജ്യത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയ കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാരെ ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. ഗാസിയാബാദിലെ ഹിൻടൻ വ്യോമതാവളത്തിൽ രാവിലെ 9.30നാണ് 58 പേരടങ്ങുന്ന ആദ്യഘട്ട സംഘമെത്തിയത്.

ഇന്ത്യയിലെത്തിച്ചവരെ ഹിൻടൻ വ്യോമതാവളത്തിലെ കരുതൽ കേന്ദ്രത്തിലേക്ക് മാറ്റി. 529 പേരുടെ സാമ്പിളുകളും പരിശോധനയ്ക്കായി വ്യോമസേന ഇറാനിൽ നിന്ന് കൊണ്ടുവന്നു. ദൗത്യസംഘത്തിൽ ഉൾപ്പെട്ട എല്ലാവരെയും വിദേശകാര്യമന്ത്രി എസ് ജയശങ്കർ അഭിനന്ദിച്ചു. വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മ്യാന്മർ അതിർത്തിയിലെ രണ്ട് ഗേറ്റുകൾ അടച്ചു.

34,536 പേർ രാജ്യത്ത് നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്ന് വരുന്നവരെ വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കുന്നുണ്ട്. ഒൻപത് ലക്ഷം ആളുകളെ ഇതിനോടകം വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർണാടകത്തിലെ അംഗൻവാടികൾക്കും, ബംഗളൂരുവിലെ പ്രൈമറി സ്‌കൂളുകൾക്കും അവധി നൽകി.

ALSO READ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും; കൂടുതൽ വിവരങ്ങൾ പുറത്ത്

അതേസമയം, കൊറോണ പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പൊതുപരിപാടികൾ താത്കാലികമായി നിർത്തിവയ്ക്കും. ആൾക്കൂട്ട ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button