Latest NewsNewsInternational

കൊറോണ വൈറസ്: മാസച്യുസെറ്റ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബോസ്റ്റണ്‍: 51 പുതിയ കേസുകളടക്കം മാസച്യുസെറ്റ്സില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 92 ല്‍ എത്തിയതിനാല്‍ മാസാച്യൂസെറ്റ്സ് ഗവര്‍ണര്‍ ചാര്‍ലി ബേക്കര്‍ ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കൊളറാഡോ, റോഡ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവയടങ്ങുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഇപ്പോള്‍ മാസച്യുസെറ്റ്സും ചേര്‍ന്നു.

ഇന്ന് (ചൊവ്വാഴ്ച) മാസച്യുസെറ്റ്സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ഗവര്‍ണ്ണര്‍ ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്ലാവരും സര്‍ക്കാരിന്റെ തീരുമാനത്തോട് സഹകരിക്കാനും അനിവാര്യമല്ലാത്ത യാത്രകളെ ഒഴിവാക്കാനും, വലിയ ഇവന്‍റുകളും സമ്മേളനങ്ങളും പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ഗവര്‍ണ്ണര്‍ അഭ്യര്‍ത്ഥിച്ചു. പ്രായമായവരോടും ആരോഗ്യ പ്രശ്നങ്ങളുള്ളവരോടും കഴിയുന്നതും വീടുകളില്‍ തന്നെ കഴിഞ്ഞുകൂടണമെന്നും ജനക്കൂട്ടങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

‘അടിയന്തരാവസ്ഥയ്ക്ക് പുറമേ, തൊഴിലുടമകള്‍ക്കും വലിയ ഓര്‍ഗനൈസേഷനുകള്‍ക്കുമായി മെച്ചപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഞങ്ങളുടെ ഭരണകൂടം മുന്നോട്ടു പോകുകയാണ്,’ ബേക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ ആരോഗ്യ ഭീഷണിയോട് പ്രതികരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കുകയും എല്ലാവരും ഈ ശ്രമത്തിന്‍റെ ഭാഗമാകുകയും വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 92 കേസുകളില്‍ 70 എണ്ണവും ഫെബ്രുവരിയില്‍ ബോസ്റ്റണിലെ ബയോടെക്നോളജി കമ്പനിയായ ബയോജെന്‍ നടത്തിയ ജീവനക്കാരുടെ സമ്മേളനവുമായി ബന്ധപ്പെട്ടതാണ്. അതില്‍ ഏകദേശം 175 പേര്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത മൂന്ന് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. അവര്‍ക്ക് വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

മാനേജ്മെന്‍റ് മീറ്റിംഗില്‍ പങ്കെടുത്ത ജീവനക്കാരെ ഞങ്ങള്‍ വിവരം അറിയിച്ചിട്ടുണ്ട്. അവരെ പൊതുജനാരോഗ്യ അധികൃതര്‍ ബന്ധപ്പെടുമെന്നും അവര്‍ സ്വയം നിരീക്ഷണത്തിന് വിധേയരാകണമെന്നും രോഗലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും ബയോജന്‍ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, ഈ ജീവനക്കാരോട് കൂടുതല്‍ അറിയിപ്പ് ലഭിക്കുന്നതുവരെ അവര്‍ താമസിക്കുന്ന സ്ഥലത്തെ ആളുകളില്‍ നിന്ന് (ഉദാ. കുടുംബാംഗങ്ങള്‍, പ്രിയപ്പെട്ടവര്‍ അല്ലെങ്കില്‍ റൂംമേറ്റ്സ്) അകന്നു കഴിയണമെന്നും ആവശ്യപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുതുവരെ ആരുമായും അടുത്തിടപഴകരുതെന്നും നിര്‍ദ്ദേശിച്ചു.

ആരോഗ്യപരമായ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബോസ്റ്റണിലെ അധികൃതര്‍ വാര്‍ഷിക സെന്‍റ് പാട്രിക് ഡേ പരേഡ് തിങ്കളാഴ്ച റദ്ദാക്കി. പരേഡ് റദ്ദാക്കാനുള്ള തീരുമാനം ബോസ്റ്റണിലെ നിവാസികളെ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്തുതിന് ആവശ്യമായ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണെന്ന് മേയര്‍ മാര്‍ട്ടി വാല്‍ഷ് പ്രസ്താവനയില്‍ പറഞ്ഞു.

ബോസ്റ്റണില്‍ നിന്ന് ഏകദേശം മൂന്ന് മൈല്‍ അകലെയുള്ള ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ചൊവ്വാഴ്ച തങ്ങളുടെ ക്ലാസുകളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റുകയാണെന്നും, സ്പ്രിംഗ് ബ്രേക്ക് അവസാനിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ കാമ്പസിലേക്ക് മടങ്ങേണ്ടതില്ലെന്നും പ്രഖ്യാപിച്ചു.

വെര്‍ച്വല്‍ ഇന്‍സ്ട്രക്ഷനിലേക്ക് മാറാനുള്ള തീരുമാനം നിസ്സാരമല്ലെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ലോറന്‍സ് എസ്. ബാക്കോ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. വലിയ ഗ്രൂപ്പുകളായി ഒത്തുചേരേണ്ടതിന്‍റെ ആവശ്യകത കുറയ്ക്കുക, ക്ലാസ് മുറികള്‍, ഡൈനിംഗ് ഹാളുകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ എന്നിവ പോലുള്ള സ്ഥലങ്ങളില്‍ പരസ്പരം അടുത്തുനില്‍ക്കുന്നതിന്‍റെ ആവശ്യകത കുറയ്ക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സമീപകാല സ്ഥിതിവിവരക്കണക്കുകളനുസരിച്ച് അമേരിക്കയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 950 ആണ്. ഇതില്‍ 30 വ്യക്തികളുടെ മരണമാണ് അണുബാധയുടെ സങ്കീര്‍ണത. എന്നാല്‍, 15 പേരെ പൂര്‍ണമായും സുഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. 905 സജീവ കേസുകളില്‍ എട്ട് പേര്‍ക്ക് ഗുരുതരമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തില്‍ 118,766 പോസിറ്റീവ് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലോകത്താകമാനം 4,269 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 65,105 വ്യക്തികള്‍ പൂര്‍ണ്ണമായും വൈറസില്‍ നിന്ന് മുക്തരായി.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button