KeralaLatest NewsNews

എണ്ണവില കൂട്ടിയത്‌ ജനങ്ങളോടുള്ള ക്രൂരത – എല്‍.ഡി.എഫ്‌

കോവിഡ്‌ രോഗ ഭീതിയില്‍ രാജ്യം വിറങ്ങലിച്ച്‌ നില്‍ക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന്‌ മൂന്ന്‌ രുപ വീതം കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള ക്രൂരതയാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ ശത്രുക്കളായി കാണുന്നവര്‍ക്ക്‌ മാത്രമേ ഇങ്ങനെ കണ്ണില്‍ച്ചോരയില്ലാതെ നടപടിയെടുക്കാന്‍ കഴിയൂ. രാജ്യാന്തര വിപണയില്‍ ക്രൂഡ്‌ ഓയില്‍വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ്‌ ഇവിടെ എണ്ണ വില കൂട്ടിയിരിക്കുന്നത്‌.

എണ്ണവിലയിലെ ഇടിവ്‌ മൂലമുള്ള നേട്ടം നികുതി കൂട്ടിയതോടെ ജനങ്ങള്‍ക്ക്‌ കിട്ടാതാക്കിയിരിക്കുകയാണ്‌. ഇന്ധനവില കുറയുന്നതിനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുമുള്ള എല്ലാ സാധ്യതയും ഇതോടെ അസ്‌തമിച്ചു. തങ്ങള്‍ വഴിയല്ലാതെ ജനങ്ങള്‍ക്ക്‌ കിട്ടേണ്ട ആശ്വാസം തട്ടിയെടുക്കുന്ന പൈശാചികതയാണ്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുത്തിരിക്കുന്നത്‌.

കഴിഞ്ഞ ജനുവരിയില്‍ ക്രൂഡ്‌ ഓയില്‍ വില 64 ഡോളര്‍ ആയിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ 31 ഡോളര്‍ ആണ്‌. അതിന്‌ ആനുപാതികമായി എണ്ണവില കുറച്ച്‌ ജനങ്ങളോട്‌ അനുകമ്പ കാണിക്കുന്നതിന്‌ പകരം അവരെ വേട്ടയാടുകയാണ്‌. ക്രൂഡ്‌ ഓയില്‍ വില അനുദിനം കുറഞ്ഞിട്ടും അതിന്‌ അനുസരിച്ച്‌ ഇന്ധനവില കുറയ്‌ക്കുവാന്‍ എണ്ണ കമ്പനികള്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെയാണ്‌ വിലക്കുറവ്‌ ജനങ്ങള്‍ക്ക്‌ നല്‍കാതെ കൊള്ളയടിക്കാനുള്ള അവസരമായി കേന്ദ്ര സര്‍ക്കാര്‍ എടുത്തത്‌.

കൊറോണക്കാലത്തെ ഈ ഇരുട്ടടി ഒരു തരത്തിലും നീതികരിക്കാന്‍ കഴിയില്ല. കേന്ദ്ര നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button