Latest NewsNewsIndia

സിന്ധ്യയുടെ ‘ഘർവാപസി’യും മധ്യപ്രദേശിലെ പ്രതിസന്ധിയും :കോൺഗ്രസ് അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ല -മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

രാഷ്ട്രീയത്തിൽ പാർട്ടി മാറുന്നതൊക്കെ പുതിയ കാര്യമല്ല. അത്തരത്തിൽ അനവധി പേർ കഴിഞ്ഞ കാലത്ത് ഓരോ പാർട്ടിയിൽനിന്ന് മറ്റൊന്നിലേക്ക് കടന്നുചെന്നിട്ടുമുണ്ട്. അക്കൂട്ടത്തിൽ പലതരക്കാരുണ്ട് എന്നതും വിശദീകരിക്കേണ്ടതില്ല. നമ്മുടെ രാജ്യത്ത് ‘ ആയാറാം ഗയാറാം ‘ എന്നൊരു പ്രയോഗം തന്നെ നിലവിലുണ്ടായത് ഇത്തരക്കാരെക്കൊണ്ടാണ്. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളിൽ ഇത്തരത്തിൽ കൂറുമാറ്റത്തിന്റെ ഏറ്റവുമധികം ഗുണമനുഭവിച്ചത് ബിജെപിയാണ് എന്നത് നിസംശയം പറയാം. എനിക്ക് തോന്നുന്നു, ഇക്കാര്യത്തിൽ ഒരാളും തർക്കിക്കാൻ പോലുമുണ്ടാവില്ല; അതാണ് യാഥാർഥ്യം. അനവധി പേര്, എംപിമാർ, എംഎൽഎമാർ ഒക്കെയും സ്ഥാനമാനങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കൂടെ അണിനിരക്കാൻ തയ്യാറായത് ഇന്നിപ്പോൾ ചരിത്രമാണ്. എന്നാൽ അതിൽനിന്നൊക്കെ വ്യത്യസ്തമാണ് ഏറ്റവും ഒടുവിൽ ബിജെപിയിലെത്തിയ വ്യക്തിത്വം…….. ജ്യോതിരാദിത്യ സിന്ധ്യ. അതെ ഗ്വാളിയോർ മഹാരാജ. പലതുകൊണ്ടും അതൊരു പക തീർക്കൽ കൂടിയാണ്, ബിജെപിക്ക്. അതിനപ്പുറം നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു സുപ്രധാന സമ്മാനവും. വേറെയൊരർഥത്തിൽ ഇത് ഒരു ‘ഘർ വാപസി’യും; അതായത് സ്വന്തം കുടുംബത്തിലേക്കാണ് ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യ കയറിവന്നത്. ഇപ്പോൾ പ്രശ്നം ഗവർണ്ണറുടെ മുന്നിലും സുപ്രീം കോടതിയിലുമാണ്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാതെ ഒഴിഞ്ഞുമാറുന്ന കോൺഗ്രസിനെയാണ് നാം കാണുന്നത്. .

സിന്ധ്യയുടെ വരവോടെ മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാർ നിലംപതിക്കും എന്നുള്ള സൂചനകൾ കണ്ടിരുന്നു; . 22 കോൺഗ്രസ് എംഎൽഎമാർ രാജിക്കത്ത് നൽകിയെന്നും അവരൊക്കെ സിന്ധ്യയോട് ചേർന്ന് നിൽക്കുന്നവരാണ് എന്നതുമാണ് പറഞ്ഞുകേട്ടത്. രാജിവെക്കുന്നവരുടെ എണ്ണം ഇപ്പോൾ മുപ്പത് ആയിക്കൂടായ്കയില്ല എന്നും കേൾക്കുന്നു. 22 എംഎൽഎമാർ രാജിക്കത്ത് ഗവർണ്ണർക്ക് അയച്ചുകൊടുത്തത്രെ. അതിൽ ആറുപേരുടേത് സ്പീക്കർ സ്വീകരിച്ചു; ബാക്കി 16 പേർ തങ്ങളുടെ രാജി സ്വീകരിക്കണം എന്ന് പറഞ്ഞുകൊണ്ട് കോടതിയിലെത്തിയിരിക്കുന്നു. ഇത് ശരിയാണെങ്കിൽ കമൽനാഥ്‌ സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു; അതായത് കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 95- ഓ 93-ഓ ആയി ചുരുങ്ങി എന്നർത്ഥം. ഇത്രയും എംഎൽഎമാരുടെ രാജിക്കത്ത് ലഭിക്കുന്ന ഗവർണ്ണർക്ക് അവിടത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താതിരിക്കാൻ, കാര്യങ്ങൾ അന്വേഷിക്കാതിരിക്കാൻ, കഴിയില്ലല്ലോ; ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രിയോട് നിയമസഭയുടെ വിശ്വാസം തെളിയിക്കാനും നിർദ്ദേശിക്കേണ്ടിവരും. അത് എന്ന്, എത്രനാൾ കഴിഞ്ഞ്‌ എന്നതൊക്കെ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. മാർച്ച് അവസാന വാരത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പുണ്ട്; അതിനുമുമ്പേ ഗവർണ്ണർ ഇടപെടുമോ അതോ ആ വോട്ടെടുപ്പ് കഴിയട്ടെ എന്ന് തീരുമാനിക്കുമോ, അറിയില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷത്തുള്ള ബിജെപി എന്ത് നിലപാടെടുക്കുന്നു എന്നതും വ്യക്തമല്ല. ഒന്ന് മാത്രം വ്യക്തമായി….. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു; മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് അദ്ദേഹം മത്സരിക്കുകയും ചെയ്യുന്നു. എന്നാൽ ഈ സന്ദർഭം മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താൻ സഹായകരമാവുമെങ്കിൽ അത് പ്രയോജനപ്പെടുത്താൻ ബിജെപി തയാറാവുമെന്നതിൽ സംശയമില്ല.

അമ്മയുടെ വേദന കണ്ടവർക്ക്
ഇത് പകതീർക്കൽ തന്നെ

ഇനി നേരത്തെ സൂചിപ്പിച്ച രണ്ടു കാര്യങ്ങളിലേക്ക് വരാം. ഒന്ന്, ഇത് ഒരർഥത്തിൽ പക തീർക്കലാണ് എന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശി രാജമാതാ വിജയരാജേ സിന്ധ്യ ജനസംഘത്തിന്റെ മുതിർന്ന നേതാവായിരുന്നു; ബിജെപിയുടെയും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മറ്റ് ജനസംഘം നേതാക്കളെപ്പോലെ രാജമാതയെയും ഇന്ദിരാഗാന്ധി ജയിലിലടച്ചു. അന്ന് അവരെ രാഷ്ട്രീയത്തടവുകാരി ആയിപ്പോലും ഇന്ദിര കണ്ടില്ല; മാത്രമല്ല ജയിലിൽ വേശ്യകളും അതുപോലുള്ള അസാന്മാർഗികളും അടക്കപ്പെട്ടിരുന്ന സെല്ലിലാണ് അവരെ പാർപ്പിച്ചത്. ആലോചിക്കുക, എത്രമാത്രം സമൂഹത്തിൽ ആദരിക്കപ്പെട്ടിരുന്ന മഹതിയാണ് അവരെന്ന്. ആ അമ്മയെ മാത്രമല്ല അന്ന് എംപിയായിരുന്ന മകൻ മാധവറാവു സിന്ധ്യയെയും അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടായി. എന്നാൽ അദ്ദേഹം നേപ്പാളിലേക്ക് കടന്നു. അദ്ദേഹത്തിന്റെ പത്നി നേപ്പാളിൽ നിന്നായിരുന്നു. അതിനുശേഷം നേപ്പാളിൽ ഇരുന്നുകൊണ്ട് മാധവറാവു സിന്ധ്യ കോൺഗ്രസുമായി, സഞ്ജയ് ഗാന്ധിയുമായി, സന്ധി ചെയ്യുകയാണ് ഉണ്ടായത്. അതോടെയാണ് രാജാമാതയും മകനും അകലുന്നത്. യഥാർഥത്തിൽ അടിയന്തരാവസ്ഥയിലെ അറസ്റ്റ് ഭീഷണി ഉയർത്തി രാജമാതയിൽ നിന്ന് ഇന്ദിര ഗാന്ധി തന്റെ മകനെ തട്ടിയെടുക്കുകയായിരുന്നു എന്നതാണ് ആ അമ്മ കരുതിയിരുന്നത്. അതാണ് യാഥാർഥ്യം. രാജാമാതാ തന്റെ മകന്റെ ആ ചേരിമാറ്റത്തിലും കോൺഗ്രസിന്റെ രാഷ്ട്രീയക്കളിയിലുമൊക്കെ ഏറെ വേദനിച്ചിരുന്നു. എന്തൊക്കെയുണ്ടെങ്കിലും മകൻ കൂടെയില്ലെങ്കിലോ?. മാത്രമല്ല കുടുംബസ്വത്തിനായി ആ മകൻ ചിലപ്പോഴെങ്കിലും കോടതികളിലുമെത്തിയിരുന്നു. മകനെയും അമ്മയെയും തമ്മിലടിപ്പിക്കാൻ പോലും കോൺഗ്രസുകാർ ശ്രമിച്ചു എന്നർത്ഥം.

1971 -ൽ ജനസംഘം എംപിയായിരുന്നുവെങ്കിലും 1977 -ലെ തിരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിൽ നിന്ന് ജനത പാർട്ടി ടിക്കറ്റിലല്ല മാധവറാവു മത്സരിച്ചത്, സ്വതന്ത്രനായിട്ടാണ്; ജനത കൊടുങ്കാറ്റ് ആഞ്ഞടിച്ച ആ തിരഞ്ഞെടുപ്പിൽ അദ്ദേഹം പക്ഷെ ജയിക്കുകയും ചെയ്തു. അതാണ് ഗ്വാളിയോർ മഹാരാജാവിനുള്ള സ്ഥാനം. പിന്നീട് അദ്ദേഹം കോൺഗ്രസിന്റെ ഭാഗമാവുകയാണുണ്ടായത്. വാജ്പേയിക്കെതിരെ 1984 -ൽ ഗ്വാളിയോറിൽ മത്സരിക്കാൻ മാധവറാവു തയ്യാറായതാണ് രാജമാതയെ ഏറെ വേദനിപ്പിച്ചത്. തന്റെ സ്ഥിരം മണ്ഡലമായ ഗുണയിൽ മാധവറാവു പത്രിക കൊടുത്തു; എന്നിട്ട് വാജ്‌പേയി മത്‌സരിക്കുന്ന ഗ്വാളിയോറിൽ ഏറ്റവും അവസാന നിമിഷം ഓടിയെത്തി നാമനിർദേശ പത്രിക കൊടുക്കുകയായിരുന്നു. അന്നും വാജ്‌പേയി അവിടെ മാധവറാവുവിനെതിരെ ഒരക്ഷരം പറയാതെയാണ് പ്രചാരണം നടത്തിയത്; അടൽജി അന്നവിടെ അദ്ദേഹത്തോട് തോൽക്കുകയും ചെയ്തു. അതൊക്കെ അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ച കോൺഗ്രസിനോട് രാജമാതക്ക് വേണ്ടി ഇപ്പോൾ ഒരു രാഷ്ട്രീയ പ്രതികാരം ചെയ്യുന്നു….. മാധവറാവു സിന്ധ്യയുടെ പുത്രനെ ബിജെപിയിലേക്ക് അടുപ്പിച്ചുകൊണ്ട്. മാത്രമല്ല അതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് നിലനിൽപ്പ് പ്രശ്നമാവുകയും ചെയ്തു. 2001 -ൽ രാജമാത അന്തരിച്ചു; എന്നാൽ ഇന്നിപ്പോൾ അവരുടെ ആത്മാവ് ഏറെ സന്തോഷിക്കുന്നുണ്ടാവണം.

അത് മാത്രമല്ല കോൺഗ്രസിനുണ്ടായ നഷ്ടം. നേരത്തെ സൂചിപ്പിച്ചുവല്ലോ, ഇത്ര വലിയ നഷ്ടം കോൺഗ്രസിന് അടുത്തെങ്ങും ഉണ്ടായിട്ടുണ്ടാവില്ല. സ്വന്തം നിലക്ക് ഒരു ലക്ഷം വോട്ടെങ്കിലും പിടിക്കാൻ കഴിയുന്ന എത്ര നേതാക്കളുണ്ട് കോൺഗ്രസിൽ എന്നത് പരിശോധിക്കുമ്പോഴാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രാധാന്യം തിരിച്ചറിയൂ. ഒരു യുവ നേതാവ് കൂടിയല്ലേ അദ്ദേഹം; പാർട്ടി അധ്യക്ഷനാവാൻ ഏറ്റവും യോഗ്യൻ ജനങ്ങൾ കണ്ടിരുന്ന ഒരാളുമാണ് സിന്ധ്യ എന്നതോർക്കുക. അത്തരമൊരാൾ ബിജെപിക്ക് എന്തുകൊണ്ടും വലിയ മുതൽക്കൂട്ടാണല്ലോ.

കോൺഗ്രസിലെ പ്രതിസന്ധി
അതിന്റെ ടൈമിംഗ്

അനവധി കോൺഗ്രസുകാർ അടുത്തകാലത്ത് ബിജെപിയിലെത്തിയിട്ടുണ്ട്; എന്നാൽ അതുപോലെയല്ല ഈ സിന്ധ്യ. അദ്ദേഹത്തിന്റെ തീരുമാനം കോൺഗ്രസിലുണ്ടാക്കിയ ഉലച്ചിൽ ചെറുതല്ലതന്നെ. സാധാരണ ഇതുപോലെയൊരാൾ പാർട്ടിവിട്ടാൽ എന്തൊക്കെ ആക്ഷേപങ്ങളാണ് അയാൾക്കെതിരെ കോൺഗ്രസുകാർ ഉന്നയിക്കാറുള്ളത്? എന്നാൽ വിഴുപ്പലക്കൽ പതിവാക്കാറുള്ള രാഹുൽ ഗാന്ധി പോലും ആദ്യദിനത്തിൽ ഒന്നും മിണ്ടിയില്ല. ഒരു മരണം സ്വന്തം വീട്ടിൽ നടന്നത് പോലെ മൗനത്തിലായിരുന്നു രാഹുൽ അടക്കമുള്ള കോൺഗ്രസുകാർ. അതൊരു ഷോക്ക് ആയിരുന്നു എന്നതാണ് വസ്തുത. അതിലേറെ ശ്രദ്ധിക്കേണ്ടത്, പല യുവനേതാക്കളും ഇനിയെന്തിന് ഈ പാർട്ടിയിൽ തുടരണം എന്ന് ചിന്തിക്കാൻ തുടങ്ങി എന്നതാണ്. ഹരിയാനയിലെ കുൽദീപ് ബിഷ്‌ണോയി അതിലൊരാൾ മാത്രം. കടുത്ത നിരാശയാണ് അദ്ദേഹം പ്രകടിപ്പിച്ചത്, പരസ്യമായി. ഭജൻലാലിന്റെ പുത്രനാണ് അദ്ദേഹം. രണ്ടുതവണ എംപിയും നാലുതവണ എംഎൽഎയുമായ ഒരു കോൺഗ്രസുകാരൻ. മിലിന്ദ് ദിയോറ, ഭൂപീന്ദർ ഹൂഡ, ഗൗരവ് ഗോഗോയ് തുടങ്ങിയ രാഹുൽ ഗാന്ധി ബ്രിഗേഡിൽ പെട്ടവരൊക്കെ വല്ലാത്ത നിരാശയിലാഴ്ന്നു. അവരിൽ പലരും ബിജെപിയിലേക്ക് എത്താൻ തയ്യാറാവുന്നു എന്നും കേൾക്കുന്നു. അതിൽ ഗൗരവ് ഗോഗോയ് -യുടെ ട്വിറ്റര് ഹാൻഡിൽ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്; കോൺഗ്രസ് നേതാവാണ് എന്ന പരാമർശം അതിൽ നിന്ന് ഇപ്പോഴേ നീക്കം ചെയ്തിരിക്കുന്നു. ഏതാണ്ട് ഇതേപോലെയാണ് സിന്ധ്യ കുറേനാൾ മുൻപേ ചെയ്തത് എന്നതോർക്കുക. സൂചിപ്പിച്ചത്, സിന്ധ്യയുടെ മാറ്റമുണ്ടാക്കിയ കോളിളക്കമാണ്.

സോണിയ ഗാന്ധി എന്നും എപ്പോഴും ചിന്തിക്കുന്നത് സ്വന്തം മക്കളെക്കുറിച്ച് മാത്രമാണ് എന്നതാണ് ആ പാർട്ടിയിലെ പൊതുവായ ചിന്ത. മകനെ എങ്ങിനെയും പ്രധാനമന്ത്രിയാക്കുക എന്നതാണ് ജീവിതാഭിലാഷം എന്നത് അവർ പലവട്ടം പറയാതെ പറഞ്ഞിട്ടുമുണ്ടല്ലോ. എന്നാൽ മകനാണെങ്കിൽ നേരെയാവുന്നുമില്ല. സിന്ധ്യയെ മധ്യപ്രദേശിലും സച്ചിൻ പൈലറ്റിനെ രാജസ്ഥാനിലും മുഖ്യമന്ത്രിമാരാക്കാനായിരുന്നു രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നത്. അതായിരുന്നു അന്നത്തെ പാർട്ടി തീരുമാനവും. പക്ഷെ, ഇടക്ക് അമ്മ കയറി ഇടപെടുകയായിരുന്നു. അങ്ങിനെയാണ് കമൽ നാഥും അശോക് ഗെഹ്‌ലോട്ടും ആ ചുമതലകളിലേക്ക് എത്തിയത്. തന്റെ മോനേക്കാൾ നന്നായി ചെറുപ്പക്കാർ ‘പെർഫോം’ ചെയ്താലോ എന്നതാണ് സോണിയയെ അലട്ടിയിരുന്നതത്രെ; അങ്ങനെ വന്നാൽ അത് രാഹുൽ ഗാന്ധിയുടെ ഇമേജിനെ കൂടുതൽ ബാധിക്കുമെന്ന് സോണിയ കരുതി എന്നൊക്കെയും കോൺഗ്രസിന്റെ അകത്തളങ്ങളിൽ കേൾക്കുന്നുണ്ടിപ്പോൾ. എന്നിട്ടാണ്, രാജ്യമാണ് സ്വന്തം കാര്യമല്ല പ്രധാനം എന്നൊക്കെ ചില സോണിയ ഭക്തന്മാർ നിർലജ്ജം പറഞ്ഞുനടക്കുന്നത്.

സിന്ധ്യ പോയപ്പോൾ സച്ചിൻ പൈലറ്റ് നടത്തിയ ട്വീറ്റ് ശ്രദ്ധിക്കേണ്ടതാണ്; ‘ദൗർഭാഗ്യകരം, എന്നാൽ അതൊക്കെ പാർട്ടിക്കുള്ളിൽ കൂട്ടായി പരിഹരിക്കേണ്ടതായിരുന്നു’ എന്നും. അതുതന്നെ അദ്ദേഹം ബിജെപിയിൽ ഔപചാരികമായി ചേരുന്നതിന് ശേഷമാണ് പുറത്തുവന്നത്; അതുവരെ മിണ്ടിയില്ല എന്നർത്ഥം. മാത്രമല്ല സിന്ധ്യയെ ഒരു വാക്കുകൊണ്ടുപോലും ആക്ഷേപിക്കാൻ അദ്ദേഹം തയ്യാറായതുമില്ല. സിന്ധ്യയെപ്പോലെയാണ് താനും കോൺഗ്രസിൽ അവഗണിക്കപ്പെട്ടത് എന്നത് സച്ചിൻ പൈലറ്റിന് ബോധ്യമുണ്ടല്ലോ.

ഇനി ഈ ‘ടൈമിംഗ്’ ആണ്‌ ശ്രദ്ധിക്കേണ്ടത്; എന്തിനും ഒരു സമയമുണ്ടല്ലോ, രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും. കഴിഞ്ഞ കുറേയാഴ്ചകളായി പൗരത്വ പ്രശ്നമെന്ന് പറഞ്ഞുകൊണ്ട് ബിജെപിക്കും സംഘ പ്രസ്ഥാനങ്ങൾക്കുമെതിരെ രാജ്യമെങ്ങും എന്തൊക്കെ കള്ള പ്രചാരണങ്ങളാണ് നടന്നിരുന്നത് എന്നതോർക്കുക. ബിജെപിയെ ഇനി തൊടാൻ പോലുമാരുമുണ്ടാവില്ല എന്നതല്ലേ പ്രതിപക്ഷവും അവർക്കൊപ്പം നിന്നിരുന്ന കുറെ തീവ്രവാദ – മത സംഘടനകളും കൂട്ടരും പറഞ്ഞുനടന്നത്. ഈ കൂട്ടുകെട്ടിനെ സഹായിച്ചിരുന്നവരിൽ കോൺഗ്രസിന് വലിയ റോളുമുണ്ടായിരുന്നു. അപ്പോഴാണ് കോൺഗ്രസിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവരുടെ പ്രമുഖനായ നേതാവ് പാർട്ടിവിട്ട് ബിജെപിയിലെത്തുന്നത്. കോൺഗ്രസ് എന്താണോ പറഞ്ഞിരുന്നത്, എന്താണോ പ്രചരിപ്പിച്ചത്, അതൊക്കെ സ്വന്തം പാർട്ടിയിലുള്ളവർ പോലും കേൾക്കാനില്ലായിരുന്നു എന്നതല്ലേ ഇതൊക്കെ കാട്ടിത്തരുന്നത്?. ഇതിനേക്കാൾ വലിയ ആഘാതം കോൺഗ്രസിന് കിട്ടാനുണ്ടോ; ഇതിനേക്കാൾ വലിയ സമ്മാനം ബിജെപിക്ക് ലഭിക്കാനുമില്ലല്ലോ. മാത്രമല്ല ആ രാജിയും മറ്റും കോൺഗ്രസിനെ രാജ്യസഭാ തിരഞ്ഞെടുപ്പിലും ബാധിക്കാൻ പോകുന്നു; അതിനപ്പുറമാണ് നേരത്തെ പറഞ്ഞത് പോലെ, മധ്യപ്രദേശിലെ സർക്കാരിന്റെ ഭാവി.

shortlink

Related Articles

Post Your Comments

Related Articles


Back to top button