KeralaLatest NewsNews

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം ചരിത്രപരം; തോമസ് ഐസക്കിന് ഗൂഢ ലക്ഷ്യം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഒന്നേ മുക്കാല്‍ ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ നടപടി ചരിത്രപരവും പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് ബാധതടയാന്‍ സ്വീകരിച്ച നടപടികളെയും രോഗവ്യാപനത്തെയും തുടര്‍ന്ന് കഷ്ടതകളനുഭവിക്കുന്ന രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസം പകരുന്നതാണ് കേന്ദ്രസര്‍ക്കാര്‍പാക്കേജെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്ര പാക്കേജിനെതിരായി സംസാരിക്കുന്ന കേരളാ ധനമന്ത്രി തോമസ് ഐസക്കിന് ഗൂഢലക്ഷ്യങ്ങളാണുള്ളത്. കേന്ദ്ര പദ്ധതി പ്രകാരം, ധനസഹായം ഉള്‍പ്പടെ എല്ലാ സഹായങ്ങളും ജനങ്ങളുടെ പക്കലേക്ക് നേരിട്ടെത്തുകയാണ്. ഐസക് അതിഷ്ടപ്പെടുന്നില്ല. കേന്ദ്രം പണം നല്‍കിയാല്‍ മതി. പദ്ധതികള്‍ തങ്ങള്‍ നടപ്പാക്കാമെന്നാണ് ഐസക് പറയുന്നത്. എന്നാല്‍ മുന്‍അനുഭവങ്ങള്‍ കേരളത്തിനു നല്‍കുന്ന പണം അര്‍ഹതപ്പെട്ടവരിലെത്തുന്നില്ല എന്നതാണ്. ദുരിതാശ്വാസത്തിനു നല്‍കുന്ന പണം വകമാറ്റി ചെലവഴിക്കുകയും ചെലവവഴിക്കാതിരിക്കുകയും ചെയ്യുന്നു. ഓഖി ദുരന്തത്തിലും പ്രളയകാലത്തുമെല്ലാം ഇതു കണ്ടതാണ്. ധൂര്‍ത്തടിക്കാന്‍ പണം ലഭിക്കാത്തതിലുള്ള നിരാശയാണ് മന്ത്രി തോമസ് ഐസക്കിനെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യത്ത് ആരും പട്ടിണികിടക്കേണ്ടിവരില്ലെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയം. അതിനാല്‍ അവശതയനുഭവിക്കുന്ന എല്ലാജനങ്ങളെയും കണ്ടുകൊണ്ടുള്ളതാണ് പാക്കേജ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 80 കോടിജനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം ഇതില്‍ വരും. നിലവില്‍ ഒരോ ആള്‍ക്കും അഞ്ച് കിലോ വീതം അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ഒരു കിലോ ധാന്യം കൂടി അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ആശാവര്‍ക്കര്‍മാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ആനുകൂല്ല്യം ലഭിക്കും. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മുഴുവന്‍ ഇപിഎഫ് വിഹിതവും അടുത്ത മൂന്ന് മാസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. വൃദ്ധ ജനങ്ങള്‍, ദിവ്യാംഗര്‍, വിധവകള്‍ എന്നിവര്‍ക്ക് രണ്ട് ഘട്ടമായി 1000 രൂപ നല്‍കും. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് 500 രൂപ വീതം മൂന്ന് മാസത്തേക്ക് നല്‍കും. ഉജ്ജ്വല യോജനയില്‍ വരുന്ന 8 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് പാചക വാതകം സൗജന്യമായി നല്‍കും.

നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അശരണരും പാവപ്പെട്ടവരുമായവര്‍ക്കൊപ്പമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിലകൊള്ളുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിതെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button