MollywoodLatest NewsNewsIndiaEntertainment

90കളിലെ രക്ഷകന്‍ ശക്തിമാന്‍ വീണ്ടും അവതരിക്കുന്നു ; പുനഃസംപ്രേഷണത്തിനൊരുങ്ങി ദൂരദര്‍ശന്‍

ന്യൂഡല്‍ഹി : 90 കളിലെ കൗമാരക്കാരുടെ ഹരമായ ‘ശക്തിമാന്‍’ സീരിയല്‍ പരമ്പര പുനഃസംപ്രേഷണത്തിനൊരുങ്ങുന്നു. ലോക്ഡൗണിലായിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി ദൂരദര്‍ശനിലൂടെ തന്നെയാണ് പുനഃസംപ്രേഷണം ചെയ്യുന്നത്. ശക്തിമാനായി ചരിത്രം സൃഷ്ടിച്ച മുതിര്‍ന്ന നടന്‍ മുകേഷ് ഖന്നയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നുമുതലാണ് സംപ്രേഷണമെന്ന് അദ്ദേഹം പുറത്തുവിട്ടില്ല.
90 കളില്‍ രക്ഷകനായി അവതരിച്ച് കുട്ടികളുടെ ഇഷ്ട കളിതോഴനായി മാറിയ ശക്തിമാന്‍ വീണ്ടും അവതരിക്കുന്നതിലൂടെ 90 കളിലെ ഓര്‍മകളിലേക്കുള്ള മടങ്ങിപോക്കും കൂടി ആയിരിക്കും അത്.

സ്വകാര്യ ചാനലുകളേക്കാള്‍ ദൂരദര്‍ശന്‍ യശസുയര്‍ത്തി പിടിച്ച കാലത്താണ് ശക്തിമാന്‍ സ്വീകരണമുറികളിലേക്കെത്തിയത്. ഡിഡി 1ല്‍ 1997 മുതല്‍ 2005 വരെയായിരുന്നു കുട്ടികളെ ഹരംകൊള്ളിച്ച രക്ഷകന്റെ സംപ്രേഷണം. ‘ആജ് കി ആവാസ്’ പത്രത്തിന്റെ ഫൊട്ടോഗ്രാഫര്‍ ആയിരുന്ന ‘പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രി’ എന്നായിരുന്നു സീരിയലിലെ ശക്തിമാന്റെ യഥാര്‍ത്ഥ പേര്. ആപത്തുകളില്‍ എപ്പോഴും ജനങ്ങള്‍ക്ക് രക്ഷകനായി എത്തുന്ന ഗംഗാധര്‍ എന്ന ശക്തിമാനെ ഇരുകൈയും നീട്ടിയായിരുന്നു കുട്ടികള്‍ സ്വീകരിച്ചത്.

ഇതിഹാസ സീരിയലുകളായ രാമായണവും മഹാഭാരതവും ഷാരൂഖ് ഖാന്റെ സര്‍ക്കസും രജിത് കപൂറിന്റെ ബക്ഷിയും പുനഃസംപ്രേക്ഷണം ചെയ്യുമെന്ന് ദൂരദര്‍ശന്‍ നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തിമാനും അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button