KeralaLatest NewsNews

സാലറി ചലഞ്ച് എന്തിനാണെന്ന് ചോദിച്ച വിടി ബല്‍റാമിന് മറുപടി നൽകി തോമസ് ഐസക്ക്

തൃശ്ശൂര്‍: സാലറി ചലഞ്ച് എന്തിനാണെന്ന് ചോദിച്ച വിടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി വെട്ടികുറച്ചവര്‍ ഇവിടെ സാലറി ചലഞ്ച് എന്തിന് എന്നൊക്കെ ചോദിച്ചു വരുന്നത് അതീവ കൌതുകകരമായ കാഴ്ചയാണെന്ന് ഫേസ്ബുക്കിൽ മന്ത്രി കുറിച്ചു. ഒരു കോവിഡ് രോഗിയെ ചികില്‍സിക്കണമെങ്കില്‍ ചുരുങ്ങിയത് 25000 രൂപ ചെലവ് ആണ്. അമേരിക്കയിലും യൂറോപ്പിലും മറ്റും ഉള്ളത് പോലെ സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാല്‍ അതിനെ പ്രതിരോധിക്കുന്നതിന് ഇപ്പോഴേ തയ്യാറെടുപ്പുകള്‍ വേണം . അതിലേക്ക് നീങ്ങാതിരിക്കാന്‍ വേണ്ടി നമ്മുടെ ടെസ്റ്റിങ് തോത് ഇനിയും ഗണ്യമായി ഉയര്‍ത്തണം . ഇന്നിപ്പോള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിയാത്ത പല വിധ നിയന്ത്രണങ്ങള്‍ ഇനിയും വേണ്ടി വരുമെന്നും തോമസ് ഐസക്ക് പറയുകയുണ്ടായി.

Read also: വ്യാജസന്ദേശങ്ങൾക്കെതിരെ കർശന നടപടി; തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കോവിഡ് ദുരിതാശ്വാസത്തിന് എന്തിനാ സാലറി ചലഞ്ച് ! പ്രളയകാലത്ത് 30000 കോടി രൂപയുടെ നഷ്ടം ഉണ്ടായത് പോലെ എന്തെങ്കിലും നഷ്ടം ഈ പകർച്ചവ്യാധി ഉണ്ടാക്കുന്നുണ്ടോ? . ആകെ 400 കോടി രൂപ അധിക ധനസഹായം കൊടുക്കുന്നതിനു വേണ്ടി ഇങ്ങനെ ഒരു പണ സമാഹരണത്തിന് ഇറങ്ങേണ്ടതുണ്ടോ എന്നാണ് ഒരു ബഹുമാനപ്പെട്ട എം എൽ എ ചിന്തിക്കുന്നത് ? ഈ വിവരക്കേടിനോട് പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത് . എന്നാലിപ്പോൾ അതിന്റെ താളത്തിന് ചിലർ പ്രളയകാലത്ത് എന്നത് പോലെ ഇന്നത്തെ സാലറി ചലഞ്ചിനെ ചോദ്യം ചെയ്യാൻ ഇറങ്ങിയത് കൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ

ഇന്നലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഫയൽ വന്നത് 600 കോടി രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് . 2020 -21 വർഷത്തേക്ക് അവർക്ക് നീക്കി വച്ചിട്ടുള്ളത് 400 കോടി രൂപയാണ്. ആദ്യമാസം തന്നെ 200 കോടി രൂപ കൂടുതൽ ചെലവാക്കാൻ പോകുകയാണ് . ഇതാണ് ഈ വർഷത്തെ ആരോഗ്യ ബജറ്റിൽ ഈ പകർച്ച വ്യാധി ഉണ്ടാക്കാൻ പോകുന്ന ആഘാതത്തിന്റെ സൂചന . ഒരു കോവിഡ് രോഗിയെ ചികിൽസിക്കണമെങ്കിൽ ചുരുങ്ങിയത് 25000 രൂപ ചെലവ് ആണ് . അമേരിക്കയിലും യൂറോപ്പിലും മറ്റും ഉള്ളത് പോലെ സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാൽ അതിനെ പ്രതിരോധിക്കുന്നതിന് ഇപ്പോഴേ തയ്യാറെടുപ്പുകൾ വേണം . അതിലേക്ക് നീങ്ങാതിരിക്കാൻ വേണ്ടി നമ്മുടെ ടെസ്റ്റിങ് തോത് ഇനിയും ഗണ്യമായി ഉയർത്തണം . ഇന്നിപ്പോൾ ദീർഘദർശനം ചെയ്യാൻ കഴിയാത്ത പല വിധ നിയന്ത്രണങ്ങൾ ഇനിയും വേണ്ടി വരും .
ഈ നിയന്ത്രണങ്ങളുടെ സാമൂഹ്യ സാമ്പത്തീക പ്രത്യാഘാതം എന്തെന്നു എന്തെങ്കിലും ധാരണയുണ്ടോ ? മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ തൊഴിലെടുക്കുന്നവരിൽ 60 % പേര് കൂലവേലക്കാരോ താൽക്കാലിക ശമ്പളക്കാരോ ആണ്. അവരുടെ വരുമാനം പൊടുന്നനെ ഇല്ലാതാവുകയാണ് . കച്ചവടക്കാർ , ചെറുകിട സംരംഭകർ ഇവരുടെ വരുമാന മാർഗ്ഗങ്ങളും അടഞ്ഞു കിടക്കുകയാണ് , സമ്പൂർണ്ണ സാമ്പത്തീക സ്തംഭനം ആണ്. പ്രളയ ദുരന്തത്തിൽ എന്നത് പോലെ ഇവിടെ പുനർനിർമ്മാണം അല്ലാ, ആശ്വാസം എങ്ങിനെ എത്തിക്കാം , ഉത്തേജനം എങ്ങിനെ നല്കാം എന്നുള്ളതാണ്. ഇതിന് വരുന്ന ചെലവിനെ കുറിച്ച് അറിയുമോ ?

ഇതിനകം കേരളം ചെയ്തു കഴിഞ്ഞ കാര്യങ്ങൾ നോക്കൂ . 4200 കോടി ക്ഷേമ പെൻഷനുകൾക്ക് അനുവദിച്ചു വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. 800 കോടി രൂപയുടെ അരി , പലവ്യഞ്ജന കിറ്റിന്റെ വിതരണവും ആരംഭിച്ചു. ഇപ്പോൾ വിവിധ ക്ഷേമനിധി അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് 600 കോടി രൂപ വിതരണം ചെയ്യുകയാണ്. കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന വായ്പകളുടെ പലിശ 500 കോടി രൂപ വരും. വിവിധ മേഖലകൾക്കുള്ള ഉത്തേജക പരിപാടികൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

ഇത്രയും വലിയ ചെലവുകൾ കുത്തനെ ഉയരുമ്പോൾ സംസ്ഥാന വരുമാനത്തിന് എന്ത് സംഭവിക്കുന്നു ? ഇതാണ് പ്രളയവും കോവിഡ് പോലുള്ള പകർച്ചവ്യാധിയും തമ്മിലുള്ള വ്യത്യാസം . അവിടെ പ്രളയ മേഖലയിലെ വരുമാനത്തിൽ ഇടിവ് സംഭവിക്കുന്നു എങ്കിൽ കോവിഡ് പ്രത്യാഘാതം സംസ്ഥാനം മുഴുവനിൽ നിന്നുള്ള വരുമാനം പൊടുന്നനെ ഇല്ലാതാവുന്നു എന്നതാണ് . കിട്ടുന്ന വരുമാനം ശമ്പളത്തിന് പോലും തികയില്ല ഇത് പറഞ്ഞാണ് കോണ്ഗ്രസ്സ് പാർട്ടി ഭരിക്കുന്ന രാജസ്ഥാനും മഹാരാഷ്ട്രയും ജീവനക്കാരുടെ ശമ്പളം തന്നെ വെട്ടിക്കുറച്ചത്. ഈ മാതൃക പിന്തുടരാൻ കേരളം ആഗ്രഹിക്കുന്നില്ല . അവിടെയാണ് സാലറി ചലഞ്ചിന്റെ പ്രസക്തി . തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി വെട്ടികുറച്ചവർ ഇവിടെ സാലറി ചലഞ്ച് എന്തിന് എന്നൊക്കെ ചോദിച്ചു വരുന്നത് അതീവ കൌതുകകരമായ കാഴ്ചയാണ് .

വെറുതെ അലമ്പ് ഉണ്ടാക്കരുതെ . കോവിഡിനെ കുറിച്ച് പറഞ്ഞു മനുഷ്യനെ പറഞ്ഞു പേടിപ്പിക്കാതെ , അമേരിക്കയിലെ പോലുള്ള നടപടികൾ ഇവിടെ മതി എന്നു നിയമസഭയിൽ പറഞ്ഞതൊക്കെ നിങ്ങൾക്ക് ഓർമ്മയുണ്ടോ? അനുഭവം ഇപ്പോൾ ബോധ്യപ്പെടുത്തി കാണുമല്ലോ ? പിന്നെ എന്തിനാണീ കുത്തിതിരിപ്പ്?

shortlink

Related Articles

Post Your Comments

Related Articles


Back to top button