Festivals

യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ലോകം നാളെ പെസഹ വ്യാഴം ആചരിക്കുന്നു ,തിരുവത്താഴത്തിന്‍റെ ഓര്‍മ്മകളില്‍ കൂടി

ക്രൈസ്തവര്‍ ഭക്തിപൂര്‍വ്വം പെസഹ വ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണയ്ക്കായാണ് പെസഹ വ്യാഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.ക്രൈസ്തവരുടെ വിശുദ്ധവും ത്യാഗനിര്‍ഭരവുമായ ആഘോഷമാണ് പെസഹ. ക്രിസ്തുവിന്‍റെ അവസാനത്തെ അത്താഴ ദിനത്തിന്‍റെ പുണ്യസ്മരണ ലോകമാകമാനമുള്ള ക്രിസ്തുമതവിശ്വാസികള്‍ ഈ ദിവസത്തില്‍ പുതുക്കുന്നു.

പെസഹാ ദിനത്തില്‍ യേശു ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരുന്നു. യേശു അരുളി ചെയ്തു: ”ദൈവരാജ്യം വരുന്നതുവരെ ഇനി ഞാന്‍ പെസഹാ ഭക്ഷിക്കുകയില്ല”. തുടര്‍ന്ന് യേശു അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചൊല്ലി അപ്പം മുറിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു: ”വാങ്ങി ഭക്ഷിക്കുവിന്‍. ഇതു നിങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു…” അതേസമയം മരണദൂതനില്‍ നിന്നും ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ ജനതയുടെ കടിഞ്ഞൂല്‍ പുത്രന്മാരെ ദൈവം രക്ഷിച്ചതിന്റെ ആദരസൂചകമായാണ് പെസഹ ആചരിക്കാന്‍ തുടങ്ങിയതെന്നു പയഴനിയമത്തില്‍ പറയുന്നു.

അന്നുമുതല്‍ കടിഞ്ഞൂല്‍ പുത്രന്മാരുടെ പേരില്‍ ഇസ്രായേല്‍ ജനത ദൈവത്തിനും കാഴ്ച അര്‍പ്പിക്കാന്‍ തുടങ്ങി. പെസഹ ദിവസം അത്താഴ സമയത്ത് യേശു എഴുന്നേറ്റ് മേലങ്കി മാറ്റി, അരയില്‍ തൂവാല കെട്ടി ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി. പത്രോസ് എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ”നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ മാതൃക തന്നിരിക്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.

യേശു ശിഷ്യന്മാരുടെ കാല്‍കഴുകിയ ചടങ്ങിനെ അനുസ്മരിച്ച് ഇപ്പോഴും പള്ളികളില്‍ പെസഹാ വ്യാഴത്തിന് കാല്‍ കഴുകി ശുശ്രൂഷ നടത്തുന്നു.പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു.

ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് “പെസഹ പാലിൽ” മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.കുരിശിനുമുകളിൽ എഴുതുന്ന “INRI” യെ (മലയാളത്തിൽ “ഇന്രി”) അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേർ ആയതാണെന്ന് പറയപ്പെടുന്നു.

അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മ പുതുക്കി പെസഹ വ്യാഴം

ചിലയിടങ്ങളിൽ “പാല് കുറുക്ക്” (പാലുർക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റെ ദിവസമാകുമ്പോൾ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്ത് ചേർന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.കുടുംബങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായി ഇൗ ആചാരം കണക്കാക്കപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments


Back to top button