Specials

ദുഃഖ വെള്ളി ദിനത്തിലെ വിവിധ ചടങ്ങുകളും, വിശ്വാസങ്ങളും

യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച് , അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിനു ശേഷം, മറ്റുള്ളവര്‍ക്കു വേണ്ടി പീഡനങ്ങൾ ഏറ്റുവാങ്ങി യേശു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. പല രാജ്യങ്ങളിലും വ്യത്യസ്ത രീതികളിലാണ് ദുഃഖ വെള്ളി അറിയപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകളിൽ ഈ ദിവസം വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ (Great Friday) എന്നും വിളിക്കപ്പെടുന്നു. ഇംഗ്ലീഷില്‍ ‘ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് ഈ ദിനം അറിയപ്പെടുന്നത്.

യേശുവിന്റെ കുരിശുമരണവും ഉത്ഥാനവുമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം.. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം വിശ്വാസികൾ ദൈവത്തിന് സമർപ്പിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാർത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങളുടെ വായനയും നടത്തി വരുന്നു. ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവും  നില നിൽക്കുന്നു. കുരിശിൽക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീർ കുടിക്കാൻ കൊടുത്തതിന്റെ ഓർമയിൽ വിശ്വാസികൾ കയ്പുനീർ രുചിക്കുന്ന ആചാരവും ചിലയിടങ്ങളിലുണ്ട്. സഭകളുടെ അംഗീകൃത ആചാരമല്ലെങ്കിലും ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ വർഷം തോറും ചില വിശ്വാസികൾ ദുഃഖവെള്ളിയാഴ്ച ദിനത്തിൽ പ്രതീതാത്മക കുരിശേറൽ നടത്താറുണ്ട്.

Also read : യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ ഓർമയിൽ ദുഃഖവെള്ളി

കത്തോലിക്ക സഭയുടെ ആചാര പ്രകാരം, യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുള്ള കുരിശിന്റെ വഴി(Way of the Cross) ഈ ദിവസത്തെ മുഖ്യ ആചാരമാണ്. കേരളത്തിൽ മലയാറ്റൂർ,‍ വയനാട് ചുരം, കുരിശുമലതുടങ്ങിയ ഇടങ്ങളിൽ വലിയ കുരിശും ചുമന്നു കാൽനടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തുവാൻ നിരവധി വിശ്വാസികളാണ് എത്തുന്നത്. ഓർത്തഡോക്സ് സഭകളിലേക്ക് വരുമ്പോൾ ദീർഘമായ ശുശ്രൂഷയോടു കൂടിയാണ് ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നത്. ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, കുരിശു കുമ്പിടീൽ തുടങ്ങിയ ചടങ്ങുകളും നടത്തപ്പെടുന്നു. വിശ്വാസികൾ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന ആചാരവും നില നില്കുന്നു.

പ്രോട്ടസ്റ്റന്റ്-നവീകരണ സഭകളിൽ വിപുലമായ ചടങ്ങുകൾ ഒന്നും നടത്താറില്ലെങ്കിലും അനുതാപ പ്രാർത്ഥനകളോടൊപ്പം മനുഷ്യനോടുള്ള ദൈവത്തിന്റെ അഗാധമായ സ്നേഹത്തെയും രക്ഷാകര പദ്ധതിയേയും ആധാരമാക്കിയുള്ള പ്രഭാഷണങ്ങളും കുരിശിലെ ഏഴു മൊഴികളെ അടിസ്ഥാനമാക്കിയുള്ള ലഘു പ്രഭാഷണങ്ങളും ഈ ദിവസം നടത്തി വരാറുണ്ട്. ബാപ്റ്റിസ്റ്റ്, പെന്തക്കൊസ്ത് വിഭാഗങ്ങളിൽ പെടുന്ന ചില സഭകൾ ദുഃഖവെള്ളിയാഴ്ച ആചരണത്തെ എതിർക്കുന്നു, ഇവരിത് തികച്ചും വിജാതീയമായ ഒരു ചടങ്ങായി ഇതിനെ കരുതുന്നു.

യേശു അവസാനമായി പറഞ്ഞ ഏഴു കാര്യങ്ങള്‍ ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ ധ്യാനിക്കേണ്ടവയാണ്. ഉദാത്തമായ അവയോരോന്നും മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഉദാഹരണങ്ങളാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close