Latest NewsKeralaNews

ഒന്നര ആഴ്ചക്കിടെ പിടികൂടിയത് കേടായ 113 മെട്രിക് ടണ്‍ മത്സ്യം

തിരുവനന്തപുരം: ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്താകെ വ്യാപകമായി വിപണണം ചെയ്യുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിശോധനകളില്‍ ആരോഗ്യ, ഫിഷറീസ്, പോലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണവും ലഭ്യമായിട്ടുണ്ട്. ഇതുവരെ 113 മെട്രിക് ടണ്‍ കേടായ മത്സ്യമാണ് കണ്ടെത്തിയത്. ഇത്തരം മത്സ്യങ്ങളില്‍ ബഹുഭൂരിപക്ഷവും വരുന്നത് തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ചീഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യങ്ങള്‍ കൊണ്ടുവന്ന് വില്‍പന നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മത്സ്യം ചിഞ്ഞതാണോയെന്ന് കണ്ണ്, ചെകിള, മാംസം എന്നിവയുടെ പ്രാഥമിക പരിശോധനയിലും ഗന്ധത്തില്‍ നിന്നും തിരിച്ചറിയാവുന്നതാണ്. ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം ഫോര്‍മാലിന്‍ കിറ്റ് ഉപയോഗിച്ചും കണ്ടെത്തുന്നു. ചീഞ്ഞ് തുടങ്ങിയ മത്സ്യം ഭക്ഷ്യയോഗ്യമാണോയെന്ന് അനലറ്റിക്കല്‍ ലാബിലെ ടി.വി.ബി.എന്‍. ശാസ്ത്രീയ പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്.

പരിശോധനകളില്‍ പെടാതിരിക്കാന്‍ പഴകിയ മത്സ്യത്തോടൊപ്പം അത്രകണ്ട് കേടുവരാത്ത മത്സ്യവും കൂട്ടിക്കലര്‍ത്തി കൊണ്ടുവരുന്ന പ്രവണതയും കണ്ടുവരുന്നു. ഉണക്കമീനും കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ വിതറുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. മത്സ്യത്തിന്റേതുള്‍പ്പെടെ എല്ലാ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കടമയും ഉത്തരവാദിത്വത്തവുമാണ്. ഇതിനായുള്ള ശ്രമങ്ങളില്‍ എല്ലാവരുടേയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന 12 ദിവസത്തെ പരിശോധനകളില്‍ 1,13,719 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. ഏപ്രില്‍ 4ന് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2866 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 6ന് 15641 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 7ന് 17018 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 8ന് 7558 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 9ന് 7755 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 10ന് 11756 മത്സ്യവും ഏപ്രില്‍ 11ന് 35,786 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 12ന് 2128 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 13ന് 7349 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 14ന് 4260 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 15ന് 1320 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 16ന് 282 കിലോഗ്രാം മത്സ്യവുമാണ് പിടിച്ചെടുത്തത്.

ഇന്ന് സംസ്ഥാനത്താകെ 221 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 282 കിലോഗ്രാം കേടായ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button