Latest NewsKeralaNews

കേരളത്തെ കേന്ദ്രം കൈയയച്ച് സഹായിച്ചു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം • കോവിഡ് പാക്കേജിലൂടെ കേരളത്തിന് കേന്ദ്ര സർക്കാർ നൽകിയത് കൈയയച്ച് സഹായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന്റെ ദീർഘ കാലമായുള്ള ആവശ്യമാണ് വായ്പാ പരിധി ഉയർത്തണമെന്നുള്ളത്. അതംഗീകരിക്കപ്പെട്ടതടക്കം കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് കേന്ദ്ര ധനമന്ത്രിയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി അധികമായി നൽകിയതു വഴി സാധാരണക്കാരന്റെ കൈകളിലേക്ക് നേരിട്ട് പണമെത്താനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്. മൺസൂൺ കാലത്തും തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

കൂടുതൽ പണം വായ്പയെടുക്കാൻ അനുവദിക്കുമ്പോൾ അതിന് ഉപാധികൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. തോന്നുംപടി വ്യവസ്ഥകളില്ലാതെയും വകമാറ്റിയും പണം ചെലവഴിക്കാൻ അനുവദിക്കുന്നത് ശരിയല്ല. സംസ്ഥാനങ്ങളുടെ ഓവർ ഡ്രാഫ്റ്റ് പരിധി 21 ദിവസമായി ഉയർത്തിയതും കേരളത്തിന് ഏറെ പ്രയോജനകരമാണ്. കേന്ദ്ര നികുതി വിഹിതവും ജി എസ് ടി വരുമാന നഷ്ടം നികത്താനായി നൽകാമെന്നേറ്റിരുന്ന തുകയും ഏപ്രിലിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകി.

വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് മെച്ചപ്പെട്ട പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഓൺ ലൈൻ വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം വിഭാവന ചെയ്യുന്നു. എല്ലാ ജില്ലകളിലും പകർച്ചവ്യാധി ബ്ലോക്കുകളും എല്ലാ ബ്ലോക്ക് തലത്തിലും പബ്ലിക് ലബോറട്ടറികളും സ്ഥാപിക്കാൻ കേന്ദ്രം പണം നൽകുന്നതും കേരളത്തിന് പ്രയോജനകരമാണ്.

കോവിഡ് പ്രതിസന്ധിയിൽ മാന്ദ്യത്തിലായ രാജ്യത്തെ എല്ലാ മേഖലകൾക്കും ഉണർവും ഉത്തേജനവും നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ഏറ്റവും സാധാരണ ജന വിഭാഗത്തിനു വരെ സഹായമെത്തിക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. പ്രതിസന്ധി തുടങ്ങിയപ്പോൾ തന്നെ ജനങ്ങളുടെ പക്കൽ നേരിട്ട് പണം എത്തിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. കർഷകർക്ക് നേരിട്ട് പണമെത്തിച്ചതും ജൻ ധൻ അകൗണ്ട് വഴി വനിതകൾക്ക്‌ പണം നൽകിയതും അതിന്റെ ഭാഗമാണ്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജു വഴിയും ജനങ്ങളിലേക്ക് നേരിട്ട് പണം എത്തും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സഹായം നൽകുന്നതും വഴിയോര കച്ചവടക്കാരെ സഹായിക്കുന്നത് തൊഴിലുറപ്പ് സഹായം കൂട്ടുന്നതുമെല്ലാം ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന പദ്ധതികളാണ്. ഇനിയെങ്കിലും വിമർശനങ്ങളിൽ മാത്രം ശ്രദ്ധിക്കാതെ കേരളം പദ്ധതികൾ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button