Latest NewsKeralaNews

നോർക്ക ഇൻഷ്വറൻസ് പരിരക്ഷ ഇരട്ടിയാക്കി

തിരുവനന്തപുരം • നോർക്ക റൂട്ട്‌സ് പ്രവാസി, വിദ്യാർത്ഥി തിരിച്ചറിയൽ കാർഡുടമകൾക്ക് നൽകി വരുന്ന ഇൻഷ്വറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണ്ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷ്വറൻസ് ആനുകൂല്യം രണ്ട് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായും അംഗവൈകല്യം സംഭവിക്കുന്നവർക്കുളള ആനുകൂല്യം ഒരു ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷമായും വർദ്ധിക്കും. അനൂകൂല്യം ഇരട്ടിയാക്കിയെങ്കിലും പ്രവാസി തിരിച്ചറിയൽ കാർഡിന്റെ അപേക്ഷ ഫീസ് വർദ്ധിപ്പിച്ചിട്ടില്ല. വർദ്ധിപ്പിച്ച ആനൂകൂല്യത്തിന് 2020 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യമുണ്ട്. ഏപ്രൽ ഒന്നു മുതൽ അംഗമായവർക്കും അതിന് മുൻപ് അംഗങ്ങളായവർക്ക് ഒരു വർഷം പൂർത്തിയാകുന്ന മുറയ്‌ക്കും വർദ്ധിപ്പിച്ച ആനുകൂല്യം ലഭിക്കും.

കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി ആശ്രിത കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തു. കുറഞ്ഞത് ആറുമാസം സാധുതയുള്ള വിസ, പാസ്സ് പോർട്ട് എന്നിവയോടെ വിദേശത്ത് ജോലിചെയ്യുന്ന 18 വയസ്സ് പൂർത്തിയായവർക്കാണ് നോർക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയൽ കാർഡ് ലഭിക്കുക. വിദേശരാജ്യങ്ങളിലേക്ക് പഠന ആവശ്യത്തിന് പോകുന്ന അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ മലയാളി വിദ്യാർത്ഥികൾക്കും നിലവിൽ വിദേശത്ത് പഠനം നടത്തുന്നവർക്കും നോർക്ക വിദ്യാർത്ഥി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. നോർക്ക റൂട്ട്‌സ് വെബ് സൈറ്റായ www.norkaroots.org ൽ 315 രൂപയടച്ച് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. മൂന്ന് വർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി. നിലവിൽ കാർഡുടമകൾക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിനും കൂവൈറ്റ്, ഒമാൻ എയർവേസുകളിൽ വിമാന നിരക്കിൽ ഏഴ് ശതമാനം ഇളവ് ലഭിക്കുന്നുണ്ട്. പ്രവാസികൾക്ക് നോർക്കയുടെ സേവനങ്ങളും ആനൂകൂല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ തിരിച്ചറിയൽ കാർഡ് വളരെയധികം സഹായകരമാണ്. കൂടുതൽ വിവരങ്ങൾക്ക് 18004253939, 00918802012345 (വിദേശത്തുനിന്നും മിസ് കോൾ സേവനത്തിന്) എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button