KeralaLatest NewsNews

സൈന്യത്തെ അധിക്ഷേപിച്ച സംഭവം: കേന്ദ്രസർക്കാർ നടപടികളാരംഭിച്ചു

കോട്ടയം • സാമൂഹ്യ മാധ്യമങ്ങളിൽ സൈന്യത്തെ അധിക്ഷേപിച്ച സംഭവത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രാലയം നടപടികളാരംഭിച്ചു. ഇക്കാര്യം കേന്ദ്ര അഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അശോക് കുമാർപാൽ പരാതിക്കാരനായ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ അറിയിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി പരാതി കേന്ദ്ര പ്രതിരോധ സെക്രട്ടറിക്കും സംസ്ഥാന അഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കും കേന്ദ്ര അഭ്യന്തരമന്ത്രാലയം കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നേരത്തെ മുഖ്യമന്ത്രി ഡി ജി പിയ്ക്കു നിർദ്ദേശം നൽകിയിരുന്നു.

എഴുത്തുകാരനായ എസ് ഹരീഷാണ് കഴിഞ്ഞ 18-നു സൈന്യത്തെ അധിക്ഷേപിച്ചു സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത വിഭാഗമാണ് പട്ടാളം എന്നും കുറിപ്പിൽ പറഞ്ഞിരുന്നു. വിമുക്തഭടന്മാർക്കെതിരെയും അധിക്ഷേപം നടത്തിയിരുന്നു. ഹരീഷിൻ്റെ പോസ്റ്റിനെ അനുകൂലിച്ചു പോസ്റ്റിട്ടവർക്കെതിരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇവർക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് സൂചന. ഹരീഷിൻ്റെ പോസ്റ്റിനെതിരെ വിമുക്തഭടന്മാരടക്കമുള്ളവർ പ്രതിഷേധിച്ചിട്ടുണ്ട്.

സൈന്യത്തെ അധിക്ഷേപിച്ചു ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നിട്ടുള്ളതായി സംശയമുണ്ടെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. എസ് ഹരീഷ് സൈന്യത്തെ അധിക്ഷേപിച്ചതു സംബന്ധിച്ചു സാഹിത്യ-സാംസ്കാരിക രംഗത്തുള്ളവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. രാജ്യത്തിന് എസ് ഹരീഷിനെപ്പോലുള്ള സാഹിത്യ പ്രവർത്തകർ അനിവാര്യമല്ല.

കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന രാജ്യത്തെ മുഴുവൻ സാഹിത്യ സമ്മേളനങ്ങളും അവാർഡുകളും കുറഞ്ഞത് അഞ്ച് വർഷത്തേയ്ക്ക് റദ്ദാക്കണമെന്നും ഇതിനായി മാറ്റി വച്ചിട്ടുള്ള തുകകൾ കർഷകരുടെയും ആരോഗ്യ പ്രവർത്തകരുടെയും സൈനികരുടെയും ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും ഫൗണ്ടേഷൻ നിർദ്ദേശിച്ചു. രാജ്യത്തെ എല്ലാ സാഹിത്യ സമിതികളും അടിയന്തിരമായി പിരിച്ചുവിടണം. ഇക്കാര്യമുന്നയിച്ചു രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, സാംസ്കാരിക മന്ത്രിമാർ എന്നിവർക്കു നിവേദനം നൽകും. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാബു എബ്രാഹം, സുമിത കോര, അനൂപ് ചെറിയാൻ, ജസ്റ്റിൻ ജോർജ്, വിഷ്ണു കെ ആർ, ജോബി മാത്യു എന്നിവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button