KeralaLatest NewsNews

ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല : രജിസ്റ്റർ ചെയ്യാതെ എത്തുന്നവർക്ക് കനത്ത പിഴയും 28 ദിവസം ക്വാറന്റൈനും

തിരുവനന്തപുരം • ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെടെ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്ക് വഴിയിൽ ആളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. ഇങ്ങനെ വരുന്നവർക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണ്. വിദേശത്തു നിന്ന് ഇനിയെത്തുന്നവർ സർക്കാർ നിശ്ചയിക്കുന്ന ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോൾ പാസിന്റെയും മറ്റു കാര്യങ്ങളുടെയും ചുമതല കരാറുകാർ തന്നെ വഹിക്കണം.

വിവാഹങ്ങൾക്ക് 50 പേരും മരണാനന്തരചടങ്ങുകൾക്ക് 20 പേരും ആകാമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് ചടങ്ങുകൾക്ക് പല തവണയായി കൂടുതൽ ആളെത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കർശന നിലപാട് വേണ്ടിവരും. ബസുകളിലും ബസ്‌സ്റ്റാൻഡുകളിലും അനിയന്ത്രിതമായ തിരക്കുണ്ടാവുന്നു. ഓട്ടോറിക്ഷകളിൽ നിശ്ചിത ആളുകളിൽ കൂടുതൽ സഞ്ചരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കും. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കും. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. തിരക്ക് ഒഴിവാക്കാൻ പോലീസ് കർശനമായി ഇടപെടും. കടകളിലും ചന്തകളിലും വലിയ ആൾക്കൂട്ടം ഉണ്ടാവുന്നു. ഈ രീതി തുടരാൻ പറ്റില്ലെന്നും ജാഗ്രതയിൽ അയവ് വന്നുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും പരിമിത തോതിൽ സൗജന്യമായി മാസ്‌ക്ക് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ജ്യൂസ്‌കടകളിലും ചായക്കടകളിലും കുപ്പി ഗ്‌ളാസ് സാനിറ്റൈസ് ചെയ്യാതെ പലർക്കായി നൽകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് രോഗം പടരാൻ ഇടയാക്കും. ഇതിനെ ഗൗരവമായി കണ്ട് ഇടപെടും.

സംസ്ഥാന അതിർത്തി കടന്ന് സ്ഥിരം പോകേണ്ടി വരുന്നവർക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാനാവുന്ന പാസ് നൽകും. സന്നദ്ധപ്രവർത്തകരിൽ ഒരു വിഭാഗം ഈ കാലയളവിൽ പോലീസിനൊപ്പം ചേർന്ന് പോലീസ് വോളണ്ടിയർമാരായി പ്രവർത്തിക്കും. ഇതിനായി അവർക്ക് പ്രത്യേക ബാഡ്ജ് നൽകും.

മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 14ഉം സ്വകാര്യ മേഖലയിൽ ആറും ലാബുകൾ കോവിഡ് പരിശോധനയ്ക്കായി സജ്ജീകരിച്ചു. പ്രതിദിനം 3000 സാമ്പിളുകൾ ഇവിടങ്ങളിൽ പരിശോധിക്കും. അത്യാവശ്യ ഘട്ടത്തിൽ 5000 സാമ്പിളുകൾ വരെ പരിശോധിക്കാനാവും. രോഗവ്യാപന സാധ്യത കൂടുതലുള്ള എല്ലാവരെയും പരിശോധിക്കും. കോടതി നടപടികൾക്കായി ഇലക്‌ട്രോണിക് പ്‌ളാറ്റ്‌ഫോം സേവനം വിനിയോഗിക്കും. കോവിഡ് വ്യാപനം തടയുന്നതിനായി അറസ്റ്റ് ചെയ്യുന്ന പ്രതികളെ പാർപ്പിക്കുന്നതിന് സബ് ഡിവിഷൻ തലത്തിൽ ഡിറ്റൻഷൻ കം പ്രൊഡക്ഷൻ സെന്റർ ആരംഭിക്കും. അറസ്റ്റ് നടപടികളിൽ പോലീസുകാരുടെ എണ്ണം പരിമിതപ്പെടുത്തും. സംസ്ഥാനത്തെ പ്രധാന തെരുവുകളിൽ പോലീസ് പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിക്കും. ആരോഗ്യ പ്രവർത്തകരും പോലീസും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് കർശനമാക്കും. ആരോഗ്യപ്രവർത്തകർ പി. പി. ഇ കിറ്റ് ധരിക്കാതെ രോഗികളുമായി ഇടപെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button