Kerala

രണ്ടര വയസുകാരിക്ക് ചികിത്സാ സൗകര്യമൊരുക്കി സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി മിഷൻ

എറണാകുളം – കണ്ണിന് കാൻസർ ബാധിച്ച രണ്ടര വയസുകാരിക്ക് ചികിത്സാ സൗകര്യമൊരുക്കി സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ. മണീട് പാമ്പ്രയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ബിജു, മഞ്ജു ദമ്പതികളുടെ ഇളയ മകളായ രണ്ടര വയസുകാരി ജിൻസിയുടെ ചികിത്സയ്ക്കാണ് സാമൂഹു സുരക്ഷാ മിഷന്റെ സത്വര ഇടപെടൽ ആശ്വാസമായത്. കണ്ണിന് കാൻസർ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 7 മാസമായി മധുര അരവിന്ദ് കണ്ണാശുപത്രിയിലെ ചികിത്സയിലാണ് ജിൻസി. അസുഖം മൂലം വലതുകണ്ണ് നീക്കം ചെയ്യപ്പെട്ട അവസ്ഥയിലാണ്. ഇടതു കണ്ണിനെ സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.
കീമോതെറാപ്പി നടന്നു വന്ന ഘട്ടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചികിത്സ മുടങ്ങുന്ന അവസ്ഥയായി. മണീടിൽ പുതിയ താമസക്കാർ ആയതിനാൽ പ്രദേശവുമായുള്ള പരിചയക്കുറവ് പ്രദേശവാസികളുടെ സഹായം അഭ്യർത്ഥിക്കുന്നതിൽ പരിമിതി ഉണ്ടായി. ചികിത്സയ്ക്കായി പല വഴികൾ ശ്രമിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. തുടർന്ന് മതാപിതാക്കളായ ബിജുവും മഞ്ജുവും ആരോഗ്യ വകുപ്പ് മന്ത്രി K Kശൈലജ ടീച്ചറെ ബന്ധപ്പെട്ട് ജിൻസിയുടെ അവസ്ഥ അവതരിപ്പിച്ചു. ഇതേ തുടർന്ന് കുട്ടിയ്ക്ക് ആവശ്യമായ ചികിത്സാ സൗകര്യമൊരുക്കാൻ മന്ത്രിയുടെ ഓഫീസ് സാമൂഹ്യ സുരക്ഷാ മിഷന് ഉടൻ നിർദ്ദേശം നൽകി. തുടർന്ന് സാമൂഹ്യ സുരക്ഷാ മിഷൻ എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ എബി എബ്രാഹം വ്യാഴാഴ്ച ജിൻസിയുടെ വീട്ടിലെത്തി ചികിത്സാ സൗകര്യം സംബന്ധിച്ച സർക്കാർ നിർദ്ദേശം അറിയിച്ചു.

മധുര അരവിന്ദ് ആശുപത്രിയിൽ പോയി കീമോ തെറാപ്പി ചെയ്ത് മടങ്ങി വരുന്നതിന് ആംബുലൻസും മറ്റ് ചികിത്സാ ചെലവുകളും സർക്കാർ ഏറ്റെടുത്തു. യാത്ര ചെയ്യുന്നതിനായി കേരള – തമിഴ് നാട് സർക്കാരുകളുടെ പാസും ലഭ്യമാക്കി. വെള്ളിയാഴ്ച രാവിലെ 5.30ന് ജിൻസിയും മാതാപിതാക്കളായ മഞ്ജുവും ബിജുവും സർക്കാർ അനുവദിച്ച ആംബുലൻസിൽ ചികിത്സയ്ക്കായി മധുരയിലേക്ക് പുറപ്പെട്ടു. സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എബി എബ്രഹം, ബിജു സൈമൺ, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം ബീന ബാബുരാജ്, പി.ബി രതീഷ് എന്നിവർ ജിൻസിയെ യാത്രയാക്കാൻ സന്നിഹിതരായിരുന്നു. സർക്കാരിന്റെ സത്വര ഇടപെടലിൽ വലിയ ആശ്വാസത്തിലാണ് ജിൻസിയുടെ കുടുംബം. ഏഴാം ക്ളാസ് വിദ്യാർത്ഥി സുജിൻ, അഞ്ചാം ക്ളാസ് വിദ്യാർത്ഥി സുബിൻ എന്നിവർ ജിൻസിയുടെ സഹോദരങ്ങളാണ്.

shortlink

Post Your Comments


Back to top button