KeralaLatest NewsNews

അഗ്നി രക്ഷാസേനയ്ക്ക് ഇനി വിശ്രമമില്ലാത്ത വേളകൾ

തൃശൂര്‍ • കോവിഡ് വ്യാപനം നിലനിൽക്കുമ്പോഴും അതീവ ജാഗരൂകരായി പ്രവർത്തിച്ചു വരുന്ന അഗ്നി രക്ഷാ സേനയെ ഇനിയും കാത്തിരിക്കുന്നത് വിശ്രമമില്ലാത്ത വേളകളാണ്. കഴിഞ്ഞ രണ്ട് കാലവർഷക്കെടുതിയെയും നേരിട്ട അഗ്നിരക്ഷാ സേന വരാനിരിക്കുന്ന പ്രളയക്കെടുതിയുടെ സാധ്യതകളെ തള്ളിക്കളയാതെ എമർജൻസി പ്ലാനോടെ മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫയർ ഫോഴ്‌സ് സേനയ്ക്കും സിവിൽ ഡിഫൻസ് പ്രവർത്തകരുമായി ചേർന്ന് കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയതും ഉരുൾപ്പൊട്ടിയതും മണ്ണൊലിപ്പ് ഉണ്ടായതുമായ സ്ഥലങ്ങൾ സന്ദർശിച്ചു. അപകടസാധ്യതകൾ പ്രത്യേകം രേരഖപ്പെടുത്തി ബന്ധപ്പെട്ട അധികാരികളെയും, ജില്ലാ ഭരണകൂടത്തെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണ്.

ഇതിനോടൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ ഡിങ്കികൾ, റബ്ബർ ബോട്ടുകൾ, ഇൻഫ്ലേറ്റബിൾ ടോർച്ച്, വെള്ളത്തിനടിയിൽ മുങ്ങി തിരയുന്നതിന് വേണ്ട സ്‌കൂബാ സെറ്റുകൾ, സെർച്ച് ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തുകയാണ് സേന. കൂടാതെ സ്വകാര്യ ഡിങ്കികളും, സ്വകാര്യ ബോട്ടുകളും, ജെസിബി, ലോറി, ഫൈബർ ബോട്ടുകൾ, ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടുള്ള ജലയാനങ്ങൾ തുടങ്ങിയവ എവിടെയൊക്കെ ലഭ്യമാണെന്നതിന്റെ കണക്കെടുപ്പ് അടിയന്തര ഘട്ടങ്ങളിൽ ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. ദുരന്തമേഖലകളിലേക്ക് എളുപ്പം എത്തിപ്പെടുന്നതിന് ബാരൽ കൊണ്ടുള്ള താൽക്കാലിക ചങ്ങാടങ്ങളുടെ നിർമ്മാണവും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
കാലവർഷക്കെടുതികൾ തരണം ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫയർ കൺട്രോൾ റൂമുകൾ തുടങ്ങുന്നതിനും ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിലും കാലവർഷവുമായി ബന്ധപ്പെട്ട് ദുരന്തങ്ങൾ നേരിടേണ്ടി വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും, ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശത്തെ പറ്റിയും, ദുരന്ത സമയത്ത് ആരെയെല്ലാം ബന്ധപ്പെടണം, ആരെയെല്ലാം ദുരന്ത പ്രദേശത്ത് നിന്ന് മാറ്റണം തുടങ്ങിയ വിവരങ്ങളടങ്ങുന്ന എമർജൻസി പ്ലാൻ ഉണ്ടാക്കാനും തീരുമാനമായി. ഓരോ പഞ്ചായത്തിലും സേഫ്റ്റി ബീറ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വളന്റിയേഴ്സ്, റെഡ് ക്രോസ്സ് പ്രവർത്തകർ, മറ്റ് സന്നദ്ധ സേവന സംഘടനകളുമായി ചേർന്ന് മണ്ണൊലിപ്പ് ഉരുൾപ്പൊട്ടൽ മേഖലകളിൽ സ്വീകരിക്കേണ്ടതായ നടപടികൾ, രക്ഷാപ്രവർത്തനങ്ങൾ, റോഡിലേക്ക് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുക തുടങ്ങി കാലവർഷവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന അപകടകരമായ എല്ലാ പ്രതിസന്ധികളെയും കൂടുതൽ മുൻകരുതലോടെ നേരിടാനാണ് തീരുമാനം.

സാധ്യതകളെ തള്ളിക്കളയാതെ ആസൂത്രണം ചെയ്തിരിക്കുന്ന പ്രളയ സുരക്ഷാ മുൻകരുതലുകൾക്കൊപ്പം സ്പ്രെയറുകൾ ഉപയോഗിച്ച് കോവിഡ് 19 അണുവിമുക്ത ശുചീകരണ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോവുകയാണ് അഗ്നിരക്ഷാ സേന.

shortlink

Related Articles

Post Your Comments

Related Articles


Back to top button