KeralaLatest NewsNews

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം: മുന്നറിയിപ്പും ബോധവത്ക്കരണവും ശക്തമാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ജൂണ്‍ 12ന് ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പും ബോധവത്കരണവും ശക്തമാക്കേണ്ടതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തില്‍ ബാലവേല അധികം റിപ്പോര്‍ട്ട് ചെയ്യപെടുന്നില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന് ബാലവേല നടത്താറുണ്ട്. 2018 നവംബര്‍ മുതല്‍ ഇതുവരെ 54 കുട്ടികളെയാണ് ബാലവേലയില്‍ നിന്നും മോചിപ്പിച്ചത്. അവരെല്ലാം തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കോവിഡ് മൂലം ഉണ്ടായിട്ടുള്ള പ്രത്യേക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം ബാലവേല ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ ബാലവേല നിരോധനവും നിയന്ത്രണവും ആക്ട് 1986 പ്രകാരം 18 വയസിന് താഴെ പ്രായമുള്ള ജോലി ചെയ്യിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി വനിതാ ശിശു വികസന വകുപ്പ് മുഴുവന്‍ ജില്ലകളിലും ശരണബാല്യം പദ്ധതി നടപ്പിലാക്കിയതായും മന്ത്രി വ്യക്തമാക്കി.

ശരണബാല്യം പദ്ധതി പ്രകാരം 2018 നവംബര്‍ മുതല്‍ നാളിതുവരെ 279 കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിച്ചത് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നാണ്. 2016 നവംബറില്‍ പത്തനംതിട്ട ജില്ലയിലാണ് ശരണബാല്യം പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ കൂടി വ്യാപിപ്പിച്ചു. ഇതിലൂടെ 65 കുട്ടികളെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞു. 2018 നവംബര്‍ മാസത്തോടെ പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിച്ചു. ബാലവേല, ബാലഭിക്ഷാടനം എന്നിവയിലൂടെ കണ്ടെത്തുന്ന കുട്ടികളെ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുന്നതിന് രാജീവ് സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സഹായത്തോടെ ഡി.എന്‍.എ. ടെസ്റ്റ് നടത്തുന്നതിനുളള സംവിധാനവും ഈ പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നു. ശരണബാല്യം പദ്ധതി അതാത് ജില്ലയിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് നടപ്പിലാക്കി വരുന്നത്.

തിരുവനന്തപുരം 25, കൊല്ലം 14, പത്തനംതിട്ട 36, ആലപ്പുഴ 27, കോട്ടയം 3, ഇടുക്കി 35, എറണാകുളം 17, തൃശൂര്‍ 15, പാലക്കാട് 19, മലപ്പുറം 17, കോഴിക്കോട് 10, വയനാട് 13, കണ്ണൂര്‍ 20, കാസര്‍ഗോഡ് 28 എന്നിങ്ങനെയാണ് ശരണബാല്യം പദ്ധതി പ്രകാരം കുട്ടികളെ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button