COVID 19KeralaLatest NewsNews

കോവിഡിന്റെ സാഹചര്യത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യം : എ സി മൊയ്തീൻ

തൃശൂർ : കോവിഡിന്റെ സാഹചര്യത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. പൊയ്യ ഗ്രാമ പഞ്ചായത്ത് എരട്ടപ്പടി വനിതാ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പലരും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടിലേക്ക് തിരിച്ചു വരുന്നത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി ജോലി ചെയ്യുന്നവർ എല്ലാം ഉപേക്ഷിച്ചാണ് നാട്ടിലെത്തുന്നത്. തിരിച്ചെത്തുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകാൻ ഭരണകൂടത്തിന് കഴിയണം. ഇതിന് സഹായകരമായ പദ്ധതികളുമായാണ് ഗവണ്മെന്റ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ഭീഷണിയുടെ കാലത്ത് നാട്ടിൽ തിരിച്ചെത്തുന്നവർക്കും അല്ലാത്തവർക്കുമായി തൊഴിലവസരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പുതിയ സംരംഭങ്ങളിലൂടെ നിരവധി പേർക്ക് തൊഴിൽ നൽകാൻ കഴിയും. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും തൊഴിൽ ഉറപ്പാക്കും. കോവിഡ് കാലത്തും ഇതിനായുള്ള നടപടികളുമായി നമ്മുടെ ഗവണ്മെന്റ് മുന്നോട്ട് പോവുകയാണ്. ഒരു വ്യവസായ സംരംഭം തുടങ്ങുമ്പോൾ തന്നെ വിവിധ പരാതികളുന്നയിച്ച് സ്റ്റോപ്പ് മെമ്മോ കൊടുക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടിൽ നില നിൽക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എങ്കിൽ മാത്രമേ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും അതിലൂടെ തൊഴിലവസരങ്ങൾ കണ്ടെത്താനും കഴിയൂ. വ്യവസായ സംരംഭങ്ങളുടെ വളർച്ചയ്ക്ക് സഹായകരമായ നിയമ സംവിധാനങ്ങളാണ് നിലവിലുള്ളത്. ഇത്തരം കാര്യങ്ങൾ മനസിലാക്കാതെ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ മുന്നോട്ട് വരുന്നവർക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

ചെറുകിട വ്യവസായങ്ങൾ തുടങ്ങാനായി ഒരാഴ്ചക്കുള്ളിൽ അനുമതി കൊടുക്കണം. നാനോ വ്യവസായം തുടങ്ങാൻ ലൈസൻസ് സംവിധാനത്തിന്റെ ആവശ്യമില്ല. ആയിരം പേരിൽ അഞ്ചു പേർക്ക് പഞ്ചായത്ത് തൊഴിൽ കണ്ടെത്തിക്കൊടുക്കണം. ഇതിന്റെ ഭാഗമായാണ് വിവിധ തൊഴിൽ സംരംഭങ്ങൾ പഞ്ചായത്ത് തലത്തിൽ ആരംഭിക്കുന്നത്. ഒരു സംരംഭം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ മനസിലാക്കി അവയ്ക്ക് വേണ്ട പരിഹാരം കണ്ടെത്താനും യൂണിറ്റിനെ വിജയത്തിലെത്തിക്കാനും കഴിയണം. മൂല്യ വർധിത ഉത്പന്നങ്ങളിലൂടെ പുതിയ വിപണി കണ്ടെത്തി വിജയം കൈവരിക്കാനുള്ള സാഹചര്യത്തിലേക്ക് ഓരോ സംരംഭക യൂണിറ്റും വളർന്നു വരണം. അങ്ങനെ പുതിയ വ്യാവസായിക സംസ്‌ക്കാരത്തിന് തുടക്കമിടാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പരിശീലനം നൽകി സ്വയം സംരംഭകരാക്കുക എന്നതാണ് വനിതാ വ്യവസായ കേന്ദ്രത്തിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ തയ്യൽ പരിശീലനമാണ് അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന് നൽകുക. ആറ് സംരംഭക യൂണിറ്റുകൾക്ക് വേണ്ട സൗകര്യങ്ങളോടെയാണ് വ്യവസായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button