Latest NewsNewsInternational

കൂടുതല്‍ വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രവാസികള്‍

മസ്‌കത്ത്: ഒമാനില്‍ നിന്നും കൂടുതല്‍ വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രവാസികള്‍ രംഗത്ത് ഇന്നലെ ഒമാനില്‍ നിന്നും 13 വിമാനങ്ങളിലായി 2500 ഓളം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. വന്ദേ ഭാരത് മിഷന്റെ ഒരു വിമാനത്തിന് പുറമെ 12 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഇന്നലെ കേരളത്തിലേക്ക് പ്രാവാസികളുമായി മടങ്ങിയത്. പക്ഷെ തൊഴില്‍ നഷ്ടപ്പെട്ടും, താമസസ്ഥലമില്ലാതെയും ആഹാരത്തിന് പ്രയാസപ്പെട്ടും ആയിരക്കണക്കിന് പ്രവാസികളാണ് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട ധാരാളംപേര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരത്തിനായി കാത്ത് നില്‍ക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ നാട്ടിലേക്ക് മടങ്ങാനുള്ള ഫോണ്‍ സന്ദേശം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. എംബസിയിലോ രാഷ്ട്രീയ സംഘടനകളിലോ, മത കൂട്ടയ്മകളിലോ സ്വാധീനമില്ലാത്തതുകൊണ്ട് ഇവര്‍ക്ക് മടക്കയാത്രയ്ക്ക് സാധിക്കാത്തത്. അതിനാല്‍ തന്നെ വന്ദേ ഭാരത് ദൗത്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പെടുത്തണമെന്നാണ് ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യം. വന്ദേ ഭാരത് ദൗത്യത്തില്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കായ 75 റിയാല്‍ പോലും വളരെ കൂടുതലാണെന്നിരിക്കെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 100 മുതല്‍ 120 റിയല്‍ വരെയാണെന്നതാണ് പ്രധാന പ്രശ്‌നമായി പ്രവായികള്‍ നേരിടുന്നത്.

ഏതെങ്കിലും ഒരു വിമാനത്തില്‍ കേരളത്തിലേക്ക് ഒരു ടിക്കറ്റ് ലഭിക്കുവാനായി തലേ ദിവസം രാത്രി മുതല്‍ ആഹാരം പോലും കഴിക്കാതെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന നിരവധി പ്രവാസികളെ കാണാന്‍ കഴിഞ്ഞതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഷെറിമോന്‍ പി.സി പറഞ്ഞു. ടിക്കറ്റ് പോലും എടുക്കുവാന്‍ കഴിയാതെ പാസ്‌പോര്‍ട്ടുമായി വിമാനത്തവാളത്തില്‍ നേരിട്ടെത്തി എങ്ങനെയെങ്കിലും മടക്കയാത്രക്കുള്ള അവസരത്തിനായി അപേക്ഷിക്കുകയാണ് ഇവര്‍ എന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

വന്ദേ ഭാരത് ദൗത്യത്തിന് കീഴില്‍ ഇതിനോടകം 27 വിമാനങ്ങള്‍ മാത്രമാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ കണക്കുകള്‍ പ്രകാരം 33,752 പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങി വരാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ജൂണ്‍ 21 വരെ കേരളത്തിലേക്ക് മടങ്ങിയത 6421 പേരാണ്. പ്രവാസികള്‍ക്ക് ഒമാനില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുവാനായി കെ.എം.സി.സിയുടെ അഞ്ച് വിമാനം, ഐ.സി.എഫ്, ഡബ്ലിയു.എം.സി എന്നിവയുടെ രണ്ടു വിമാനം, ഒ.ഐ.സി.സി, സേവാ ഭാരതി, വടകര അസോസിയേഷന്‍ എന്നീ കൂട്ടായ്മകളുടെ ഒരു വിമാനം വീതവുമാണ് ഒരുക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button