Latest NewsNewsIndia

‘ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി’യില്‍ നിന്ന് ‘ഫെയര്‍’ ഒഴിവാക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

മുംബൈ • സൗന്ദര്യ വര്‍ദ്ധക ക്രീം എന്നവകാശപ്പെടുന്ന ‘ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി’യുടെ പേര് പരിഷ്കരിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്. ‘ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി’യില്‍ നിന്ന് ‘ഫെയര്‍’ എന്ന വാക്ക് നീക്കം ചെയ്യുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വ്യാഴാഴ്ച വ്യക്തമാക്കി.

ഇരുണ്ടമുഖമുളളവര്‍ക്ക് ആകര്‍ഷണീയമായ മുഖകാന്തി എന്ന പേരിലാണ് യൂണിലിവര്‍ ഫെയര്‍ ആന്റ് ലവ്‌ലി വില്‍ക്കുന്നത്. വിപണന തന്ത്രത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി ഈ പ്രചാരണമാണ് കമ്പനി നടത്തിവരുന്നത്. എന്നാല്‍ ഇതിലൂടെ കമ്പനി വര്‍ണവിവേചനം നടത്തുന്നു എന്ന തരത്തില്‍ വ്യാപകമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫെയര്‍ എന്ന വാക്ക് എടുത്തു കളയാന്‍ കമ്പനി തീരുമാനിച്ചത്. പരിഷ്കരിച്ച പേരിന് അംഗീകാരം ലഭിക്കുന്നതിനായി കമ്പനി കാത്തിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കകം പുതിയ പേര് നിലവില്‍ വരും.

തങ്ങളുടെ ഉത്പന്നങ്ങളുടെ പായ്ക്കിംഗുകളില്‍ നിന്ന് ‘fairness’, ‘whitening’ & ‘lightening എന്നീ വാക്കുകളും നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

“സൗന്ദര്യത്തിന്റെ വൈവിധ്യത്തെ ആഘോഷിക്കുന്ന, എല്ലാ സ്കിന്‍ ടോണുകളും ഉൾക്കൊള്ളുന്ന ഒരു ചർമ്മ സംരക്ഷണ പോർട്ട്‌ഫോളിയോയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടാണ് ഉൽപ്പന്നങ്ങളിൽ നിന്ന് ‘ഫെയർ‌നെസ്’, ‘വൈറ്റനിംഗ്’, ‘ലൈറ്റനിംഗ്’ എന്നീ വാക്കുകൾ നീക്കം ചെയ്യുന്നത്, ഒപ്പം ഫെയർ & ലവ്‌ലി ബ്രാൻഡ് നാമം മാറ്റുന്നതും,”- യൂണിലിവർ പ്രസിഡന്റ് (ബ്യൂട്ടി & പേഴ്‌സണൽ കെയർ) സണ്ണി ജെയിൻ പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഫെയർനെസ് ക്രീമുകളുടെ വിപണി ഏകദേശം 5,000 കോടി രൂപയുടേതാണെന്നും ഫെയർ ആന്റ് ലവ്‌ലിക്ക് 70 ശതമാനം വിപണി വിഹിതമുണ്ടെന്നും കണക്കാക്കപ്പെടുന്നു.

ഇന്ത്യയിൽ വിൽക്കുന്ന രണ്ട് ഫെയർനസ് ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തുമെന്ന് അമേരിക്കൻ മൾട്ടി നാഷണൽ ജോണ്‍സണ്‍ ആന്‍ഡ്‌ ജോൺസണും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂണിലിവറിന്റെ പ്രഖ്യാപനം.

shortlink

Post Your Comments


Back to top button