KeralaLatest NewsNews

കള്ളന്‍ കയറിയതറിഞ്ഞ് കള്ളനെ പിടികൂടാനിറങ്ങിയവരുടെ വീടുകളില്‍ കയറി വിരുതനായ മോഷ്ടാവ് : മോഷണം പോയ വസ്തുക്കളറിഞ്ഞാന്‍ എല്ലാവരും അന്തംവിടും

മൂവാറ്റുപുഴ: കള്ളന്‍ കയറിയതറിഞ്ഞ് കള്ളനെ പിടികൂടാനിറങ്ങിയവരുടെ വീടുകളില്‍ കയറി വിരുതനായ മോഷ്ടാവ് . മോഷണം പോയ വസ്തുക്കളറിഞ്ഞാന്‍ എല്ലാവരും അന്തംവിടും . തിരയാനിറങ്ങിയവരുടെ വീടുകളില്‍ കയറി ഷൂസും ജീന്‍സും ടീ ഷര്‍ട്ടും മൊബൈല്‍ ഫോണും മോഷ്ടിച്ച് ഒടുവിലൊരു ബൈക്കുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. കടാതിയിലാണ് സംഭവം. നാട്ടുകാരുടെ മുഴുവന്‍ കണ്ണുവെട്ടിച്ച് ആറ് വീടുകളിലെ മോഷണവും പൂര്‍ത്തിയാക്കിയാണ് മോഷ്ടാവ് മുങ്ങിയത്. കടാതി അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന പ്രശാന്തിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് മോഷ്ടാവ് എത്തിയത്. വാതിലിന്റെ പൂട്ട് തകര്‍ത്തു വീടിനകത്തു കയറിയ മോഷ്ടാവ് വീട്ടിലുണ്ടായിരുന്ന 850 രൂപയും കാര്‍ പോര്‍ച്ചിലിരുന്ന സ്‌കൂട്ടറും മോഷ്ടിച്ചു.

read also : മരം വെട്ടുകാരുമായി സമ്പർക്കം: കാര്‍മല്‍ സ്‌കൂളിലും ഏഷ്യാനെറ്റ് കേബിളിലും എത്തി; അടുത്ത വീട്ടിലെ പാലുകാച്ചലിലും പങ്കെടുത്തു: കോവിഡ് ബാധിച്ച വി എസ് എസ് സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്

ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും സ്‌കൂട്ടര്‍ തള്ളി മോഷ്ടാവ് പുറത്തെത്തി. മുറ്റത്ത് സ്‌കൂട്ടര്‍ കാണാതായതോടെ വീട്ടുകാര്‍ അയല്‍വാസികളെ വിളിച്ചുണര്‍ത്തി. ഇവര്‍ റോഡിലിറങ്ങി തിരച്ചില്‍ ആരംഭിച്ചപ്പോഴേക്കും കള്ളന്‍ സമീപത്തെ മറ്റൊരു വീട്ടില്‍ കയറി ഒളിച്ചു. ഇവിടെ ഉണ്ടായിരുന്ന ഒരു ജോടി ഷൂ കണ്ട് ഇഷ്ടപ്പെട്ടതോടെ മോഷ്ടാവ് തന്റെ പഴയ ചെരിപ്പ് അവിടെ ഉപേക്ഷിച്ച് ഷൂ ധരിച്ചു. ഇവിടെ വരാന്തയില്‍ നിന്ന് കിട്ടിയ മൊബൈല്‍ ഫോണും പോക്കറ്റിലാക്കി.

തൊട്ടടുത്ത വീട്ടില്‍ കയറിയപ്പോള്‍ വില കൂടിയ മറ്റൊരു ഷൂ കണ്ട് ഇതും കൈക്കലാക്കി. അടുത്ത വീട്ടില്‍ ഉണക്കാനിട്ട ജീന്‍സ് എടുത്ത ശേഷം മോഷ്ടാവ് ധരിച്ചിരുന്ന ബര്‍മുഡ അവിടെ ഉപേക്ഷിച്ചു. ഇവിടെ നിന്നു രണ്ട് ടീ ഷര്‍ട്ടും എടുത്തു.

അതിനിടെ തിരച്ചില്‍ നടത്തുന്ന സംഘം മോഷ്ടാവിനു തൊട്ടരികിലെത്തി. ഇതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് മോഷ്ടാവ് ഓടി. സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്തിരുന്ന സൈക്കിള്‍ എടുത്തു രക്ഷപ്പെടാനായി അടുത്ത ശ്രമം. കുറച്ചു ദൂരം സൈക്കിളില്‍ പാഞ്ഞെങ്കിലും നാട്ടുകാര്‍ പിടികൂടുമെന്നായപ്പോള്‍ സൈക്കിള്‍ ഉപേക്ഷിച്ച് റോഡരികിലുള്ള കുറ്റിക്കാട്ടിലേക്കു ചാടി. പിന്നീട് മോഷ്ടാവിനെ ആരും കണ്ടില്ല.

പിന്നീട് മൂവാറ്റുപുഴയില്‍ നിന്ന് പൊലീസ് സംഘവും എത്തി. നാട്ടുകാരും പൊലീസും തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനിടെ കടാതി പള്ളിപ്പടിയിലുള്ള വീട്ടിലെ പോര്‍ച്ചില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് മോഷ്ടാവ് കടന്നതായി വിവരം കിട്ടി. പുലര്‍ച്ചെ നാല് വരെ നാട്ടുകാരും പൊലീസും പ്രദേശമാകെ അരിച്ചു പരിശോധിച്ചെങ്കിലും പിന്നീട് മോഷ്ടാവിനെ കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button