COVID 19KeralaNewsIndia

ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിച്ചത് വി.മുരളീധരന്റെ ഇടപെടൽ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നിഷേധാത്മക നിലപാടിനെ തുടർന്ന് കേന്ദ്ര സർക്കാർ താത്കാലികമായി റദ്ദാക്കിയ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുന:സ്ഥാപിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടർന്നാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാർ നിലപാട് സ്വാഗതാർഹമാണ്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനം കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര ടൂറിസം വകുപ്പിൻ്റെ തീർത്ഥാടക സർക്യൂട്ട് പദ്ധതിയിൽ പെടുത്തി 69.47 കോടി രൂപയാണ് ശിവഗിരിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വികസനത്തിന് കേന്ദ്രം അനുവദിച്ചത്. എന്നാൽ യഥാസമയം പദ്ധതി പ്രവർത്തനം തുടങ്ങുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തി. ഇതേ തുടർന്നാണ് കേന്ദ്ര ടൂറിസം വകുപ്പ് പദ്ധതി താത്കാലികമായി റദ്ദാക്കാൻ തീരുമാനിച്ചത്. ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിക്കാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സമയോചിത ഇടപെടലിനെ തുടർന്നാണിപ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരമാണ് പദ്ധതി പുനസ്ഥാപിച്ചതെന്ന് പറയുന്ന മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിന് അനുവദിച്ച മറ്റ് ചില തീർത്ഥാടക സർക്യൂട്ട് പദ്ധതികളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. സമയത്ത് പദ്ധതി നിർമ്മാണം തുടങ്ങാത്തതിനാലാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. കേരള സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോഴും ലോകമെങ്ങുമുള്ള ശ്രീനാരായണീയരോടും കേരളത്തിലെ ജനങ്ങളോടുമുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിൽ നിന്ന് വ്യക്തമാകന്നത്. കേരളം കേന്ദ്ര പദ്ധതികളോടു കാട്ടുന്ന നിസഹകരണ സമീപനം അവസാനിപ്പിച്ച്, രാഷ്ട്രീയത്തിനതീതമായി വികസന കാര്യത്തിൽ അനുഭാവ സമീപനം സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button