Latest NewsNewsIndia

പബ്ജി കളിച്ച് കൗമാരക്കാരന്‍ കാലിയാക്കിയത് മാതാപിതാക്കളുടെ 16 ലക്ഷം രൂപ

ചണ്ഡീഗഢ് : പബ്ജി ഭ്രാന്തിൽ പഞ്ചാബ് സ്വദേശിയായ പതിനേഴുകാരന്‍ കാലിയാക്കിയത് മാതാപിതാക്കളുടെ 16 ലക്ഷം രൂപ. മാതാപിതാക്കൾ അറിയാതെയാണ് അവരുടെ അക്കൗണ്ടില്‍ നിന്നും പതിനേഴുകാരന്‍ 16 ലക്ഷം ചെലവഴിച്ചത്. . ഇന്ത്യയില്‍ ഏറെ ജനപ്രിയമായ ബാറ്റില്‍ റൊയേല്‍ ഗെയിമായ പബ്ജി സൗജന്യമായി ആര്‍ക്കും കളിക്കാമെങ്കിലും അതില്‍ പുതിയ ആയുധങ്ങള്‍, വസ്ത്രങ്ങള്‍, വിവിധ സ്‌കിനുകള്‍, ടൂര്‍ണമെന്റ് പാസുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി ഉപയോക്താക്കളുടെ താല്‍പര്യാര്‍ത്ഥം വാങ്ങാവുന്ന ചില സൗകര്യങ്ങളുണ്ട്. അവ വാങ്ങുന്നതിന് വേണ്ടിയാണ് കൗമാരക്കാരന്‍ ലക്ഷങ്ങൾ ചെലവഴിച്ചത്.

മാതാപിതാക്കളോട് ലോക്ക്ഡൗണ്‍ സമയത്ത് പഠിക്കാനാണെന്ന് പറഞ്ഞാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് വിവരങ്ങളും കാര്‍ഡ് വിവരങ്ങളും ഫോണില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നത് അവന് എളുപ്പമായി. ഒരു മാസം കൊണ്ടാണ് ഭൂരിഭാഗം പണമിടപാടുകളും നടത്തിയത്. പണം പിൻവലിച്ചത് സംബന്ധിച്ച് ബാങ്കിൽ നിന്നുള്ള എസ്.എം.എസുകൾ ഡീലീറ്റ് ചെയ്യുകയും ചെയ്തു.

അടുത്തിടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം മാതാപിതാക്കൾ അറിയുന്നത്. പണം നഷ്ടമായത് മറയ്ക്കാൻ അമ്മയുടെയും അച്ഛന്റെയും അക്കൗണ്ടുകളിലെ പണം പരസ്പരം മാറ്റിയിടുകയും ചെയ്തു. ഇതിനിടെ അമ്മയുടെ പ്രൊവിഡന്റ് ഫണ്ട് കാലിയായി.

ചെയ്ത കുറ്റത്തിന് ശിക്ഷയായി മകനെ ഒരു സ്‌കൂട്ടര്‍ റിപ്പയര്‍ ഷോപ്പില്‍ ജോലിക്ക് അയച്ചിരിക്കുകയാണ് താനെന്ന് അച്ഛന്‍ പറഞ്ഞു. പഠിക്കാന്‍ പോലും ഫോണ്‍ അവന് കൊടുക്കില്ലെന്നും, പണം ഉണ്ടാക്കുന്നത് എത്ര പ്രയാസകരമാണെന്ന് അവന്‍ മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മകന്റെ ഭാവിയ്ക്ക് വേണ്ടി ശേഖരിച്ച പണമായിരുവെന്നും തന്റെ എല്ലാ പ്രതീക്ഷയും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യമായി കളിക്കാനാവുന്ന പബ്ജിയുടെ പ്രധാന വരുമാനം ആപ്ലിക്കേഷനുള്ളിലെ വില്‍പനകളാണ്. കൗമാരക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള ഈ ഗെയിം അവര്‍ക്കിടയില്‍ ആസക്തിയുണ്ടാക്കുന്നുവെന്ന് ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button