CinemaMollywoodNewsEntertainment

ഷാജിക്കൊരു സിനിമയ്ക്കു കാരണമാകുമെങ്കിൽ എന്റെ അവകാശവാദം കൊണ്ട് അതു മുടങ്ങരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്; രൺജി പണിക്കര്‍

2001-ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച 'വ്യാഘ്രം' സിനിമയ്ക്കായി തിരക്കഥാകൃത്ത് രൺജി പണിക്കർ സൃഷ്ടിച്ചതാണ് പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രം എന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

മലയാള സിനിമയിൽ ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത് സുരേഷ് ഗോപിയുടെ 250-ആം ചിത്രമായ കടുവാകുന്നേല്‍ കുറുവാച്ചനാണ്. പൃഥിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവയും ഇതേ പ്രമേയമായതോടെ വിവാദങ്ങളും ഉയര്‍ന്നു. എന്നാല്‍ ‘കുറുവച്ചൻ കഥയിൽ’ ഒരു അപ്രതീക്ഷിത ട്വിസ്റ്റ്‌. 2001-ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘വ്യാഘ്രം’ സിനിമയ്ക്കായി തിരക്കഥാകൃത്ത് രൺജി പണിക്കർ സൃഷ്ടിച്ചതാണ് പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രം എന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കടുവ എന്ന് അർഥം വരുന്ന ‘വ്യാഘ്രം’ ആശിർവാദ് സിനിമാസ് നിർമിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു. ആ സിനിമ പിന്നീട് ഉപേക്ഷിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് അന്നു വാരികകളിൽ വന്ന വാർത്തകൾ കുറുവച്ചൻ 20 വർഷം മുമ്പു പിറന്ന കഥാപാത്രമാണെന്നു തെളിയിക്കുന്നു.

ഇതേക്കുറിച്ചു രൺജി പണിക്കരുടെ പ്രതികരണം ഇങ്ങനെ.. ”കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വർഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ സിനിമയാക്കാൻ പോന്നതാണെന്നു ഞാൻ തിരിച്ചറിയുന്നത്. ഒരു സിനിമയ്ക്കു ചേർന്ന കഥാപാത്രവും കഥാപരിസരങ്ങളും. അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾ അന്ന് ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാൽ അതു നടന്നില്ല.

പിന്നീട് കഴിഞ്ഞ വർഷമാണ് ഷാജി എന്നോട്, ഇപ്പോൾ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയിൽ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ചു പറയുന്നത്. ഈ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതിൽ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിക്കുകയും ചോദിച്ചത് ഷാജി ആയതുകൊണ്ടു ഞാൻ സമ്മതിക്കുകയും ചെയ്തു. ഷാജി കുറേക്കാലമായി സിനിമ ചെയ്തിട്ട്. ഇതു ഷാജിക്കൊരു സിനിമയ്ക്കു കeരണമാകുമെങ്കിൽ എന്റെ അവകാശവാദം കൊണ്ട് അതു മുടങ്ങരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്. ആ നിർബന്ധം എനിക്ക് ഇപ്പോഴുമുണ്ട്.
പക്ഷേ ഇപ്പോൾ കേൾക്കുന്ന വാദങ്ങൾ പോലെ കടുവാക്കുന്നേൽ കുറുവച്ചൻ ഇവർ ആരും സൃഷ്‌ടിച്ച കഥാപാത്രം അല്ല. അതിന്റെ കോപ്പിറൈറ്റും മറ്റു നിയമപരമായ കാര്യങ്ങളും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യമാണ്. അത് ഈ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കൾ തമ്മിൽ തീർക്കേണ്ട വിഷയവുമാണ്. പക്ഷേ ആരെങ്കിലും ആ കഥാപാത്രം ഞാൻ സ്വയം സൃഷ്ടിച്ചതാണെന്നു പറഞ്ഞാൽ അത് അടിസ്ഥാനരഹിതമാണ്.

ഞാൻ ഇതിൽ മറ്റു അവകാശവാദങ്ങൾ ഉന്നയിക്കാത്തത് ആർക്കും ഇത്തരം പശ്ചാത്തലത്തിൽ സിനിമ എടുക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നു ബോധ്യമുള്ളതിനാലാണ്. പക്ഷേ കുറുവച്ചൻ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ്. തർക്കങ്ങൾ നടക്കട്ടെ. എല്ലാം നല്ല നിലയിൽ അവസാനിക്കട്ടെ. ഇപ്പോൾ കേൾക്കുന്ന അവകാശവാദങ്ങൾ പൊള്ളയാണ് എന്നു മാത്രം തൽകാലം പറയട്ടെ.” അദ്ദേഹം പങ്കുവച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button