COVID 19Latest NewsNewsInternational

കൊറോണയെക്കാൾ അപകടകരമായ രോഗം കസാക്കിസ്താനിൽ പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്

അൽമാറ്റി : കസാക്കിസ്താനിൽ കൊറോണയെക്കാൾ അപകടകരമായ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് ചെെന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കസാക്കിസ്താനിലെ ചൈനീസ് എംബസിയാണ് രാജ്യത്തുള്ള ചൈനീസ് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പുതിയ രോഗത്തിനുള്ളത് കോവിഡിനെക്കാൾ വളരെ ഉയർന്ന മരണനിരക്കാണെന്നും ചൈനീസ് എംബസി മുന്നറിയിപ്പ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. രോഗവ്യാപന സാഹചര്യത്തെക്കുറിച്ച് ചൈനീസ് പൗരൻമാർ ബോധവാൻമാരാകാണമെന്നും രോഗബാധ തടയാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും എംബസി നിർദ്ദേശിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ ചൈനീസ് സ്വയംഭരണ പ്രദേശമായ സിൻജിയാങ് ഉയ്ഗൂർ മേഖലുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്താൻ.

രോഗം ബാധിച്ച് 1,772 പേരാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കസാക്കിസ്താനിൽ മരിച്ചത്. ജൂണിൽ മാത്രം ചൈനീസ് പൗരൻമാർ ഉൾപ്പെടെ 628 പേർ മരിച്ചുവെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു. കസാക്കിസ്താനിലെ ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ സ്ഥാപനങ്ങൾ ഈ ന്യൂമോണിയ്ക്ക് കാരണമായ വൈറസിനെക്കുറിച്ച് കൂടുതൽ പഠിച്ചുവരുകയാണെന്നും എംബസി പറഞ്ഞു. ഈ രോഗത്തെ വളരെ കരുതലോടെയാണ് കസാക്കിസ്ഥാനും സമീപിച്ചിരിക്കുന്നത്. ന്യൂമോണിയ ബാധിച്ച രോഗികളുടെ എണ്ണം കോവിഡ് ബാധിച്ചവരേക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ കൂടുതലാണെന്ന് കസാക്കിസ്ഥാന്റെ ആരോഗ്യമന്ത്രി ബുധനാഴ്ച പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ ന്യുമോണിയ കേസുകളുടെ എണ്ണവും വലിയ തോതിൽ ഉയർന്നതായി കസാക്കിസ്താൻ പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊക്കയേവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാൽ ന്യുമോണിയ കോവിഡിനെക്കാള്‍ മാരകമാണെന്ന ചൈനീസ് എംബസിയുടെ മുന്നറിയിപ്പ് കസാക്കിസ്താന്‍ ആരോഗ്യമന്ത്രാലയം തള്ളിയിട്ടുണ്ട്. വാർത്ത വ്യാജമാണെന്നും ആളുകൾ മരണപ്പെട്ടത് ന്യൂമോണിയ മാത്രം കൊണ്ടല്ലെന്നും കസാക്കിസ്താന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിവിധ അസുഖങ്ങളാണ് ഈ മരണങ്ങൾക്ക് കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button